Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിലും കൊച്ചിയിലും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു

Koratty ATM Robbery കവര്‍ച്ച നടന്ന കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ പൊലീസ് പരിശോധിക്കുന്നു.

കൊച്ചി/തൃശൂർ∙ സംസ്ഥാനത്ത് രണ്ട് എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ കൊരട്ടിയിലും കൊച്ചി തൃപ്പൂണിത്തുറയിലുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ത്തത്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഇന്ന് പുലർച്ചെ നാലരയോടെയാണ് കൊരട്ടി പ്രസ്സിനു മുൻവശത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയോടു ചേർന്നുള്ള എടിഎമ്മിൽ കവർച്ച നടത്തിയിരിക്കുന്നത്. സിസിടിവി ക്യാമറയിൽ സ്‌പ്രേ പെയിന്റ് അടിച്ചതിനുശേഷമാണു കൃത്യം നിർവ്വഹിച്ചിരിക്കുന്നത്. രാവിലെ ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. 10,86,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു ബാങ്ക് ജീവനക്കാർ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. എടിഎമ്മിനകത്ത് കടന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിച്ചാണു കവർച്ച നടത്തിയത്.

ATM Robbery | SBI | Irumbanam ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിലുണ്ടായ കവർച്ച പൊലീസ് പരിശോധിക്കുന്നു.

തൃപ്പൂണിത്തുറ ഇരുമ്പനത്തെ എസ്ബിഐ എടിഎം കൗണ്ടറും ഗ്യാസ് കട്ടർ ഉപയോഗിച്ചാണു തകർത്തത്. ഇവിടെനിന്നു 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇരുമ്പനത്തെ എടിഎമ്മിൽ നിന്ന് രാത്രി 11.30നാണ് അവസാനമായി പണം പിൻവലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാത്രി പതിനൊന്നരയ്ക്കും പുലർച്ചെ 3.30നും ഇടയ്ക്കാണു മോഷണമെന്നാണു പ്രാഥമിക നിഗമനം. ഷട്ടർ അടച്ചിട്ട ശേഷമായിരുന്നു എടിഎം മെഷിൻ തകർത്ത് പണം കവർന്നത്. എടിഎമ്മിലെ ക്യാമറയിൽ പെയിന്റ് സ്പ്രേ ചെയ്തു മറച്ച ശേഷമായിരുന്നു മോഷണം. അതുകൊണ്ടു തന്നെ കാര്യമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടാകാനുള്ള സാധ്യത കുറവാണ്. ക്യാമറ മറയ്ക്കുന്നതിനു മുമ്പുള്ള ദൃശ്യങ്ങൾ ഹാർഡ്ഡിസ്കിൽ ലഭ്യമാകുമോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. രണ്ടു വർഷം മുമ്പും ഇതേ എടിഎം കല്ലുകൊണ്ട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമം നടന്നിരുന്നു. എന്നാൽ അന്ന് അതു വിജയിച്ചിരുന്നില്ല.

രണ്ടിടത്തും നടന്ന മോഷണങ്ങൾ സമാന രീതിയിലുള്ളതായതിനാൽ ഒരേ സംഘം തന്നെയാണെന്നു കവർച്ചയ്ക്കു പിന്നിലെന്നു കരുതുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശ് പറഞ്ഞു.

കോട്ടയം വെമ്പള്ളിയിൽ എടിഎം കൗണ്ടറിൽ മോഷണം നടത്താൻ ശ്രമമെന്ന പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തി. പണം നഷ്ടപ്പെട്ടില്ലന്നാണു പ്രാഥമിക സൂചന. സിസിടിവ തിരിച്ചു വച്ചിട്ടുണ്ട്. കൗണ്ടറിൽ പണം നിക്ഷേപിക്കുന്ന ഏജൻസി വന്ന് തുറന്നു നോക്കിയാലേ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമാകൂ. പ്രാഥമിക പരിശോധനയിൽ കവർച്ച നടന്നിട്ടില്ല. മോനിപ്പളളിയിലെ എടിഎമ്മിലും കവർച്ചാ ശ്രമം നടന്നിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടില്ല.