Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ അണക്കെട്ടുകൾ സുരക്ഷിതം; സംഭരണശേഷി വർധിപ്പിക്കണം: വിദഗ്ധ സമിതി

idukki-dam-reservoir ഇടുക്കി അണക്കെട്ട് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കേരളത്തിലെ അണക്കെട്ടുകളും ബാരേജുകളും സുരക്ഷിതമാണെന്ന് ഇതേക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. കേരളത്തിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ച പ്രളയത്തിനു പിന്നാലെ ഡാമുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതി, മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിലാണ് അണക്കെട്ടുകളും ബാരേജുകളും സുരക്ഷിതമാണെന്നു വ്യക്തമാക്കിയിട്ടുള്ളത്. രാജ്യാന്തര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, എൻജിനീയർമാരായ കെ.എ. ജോഷി, ബിബിന്‍ ജോസഫ് എന്നിവരാണ് സമിതി അംഗങ്ങൾ.

അണക്കെട്ടുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പില്‍വേകള്‍ക്കു പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണു കവിഞ്ഞൊഴുകിയത്. ഇതു സംബന്ധിച്ചു കൂടുതല്‍ പഠനം ആവശ്യമാണ്. എല്ലാ അണക്കെട്ടുകളുടെയും പരമാവധി ജലനിരപ്പു നിര്‍ണയിക്കുന്നതു സംബന്ധിച്ച് ഹൈഡ്രോളജി പഠനം നടത്തേണ്ടതാണെന്നും സമിതി നിർദ്ദേശിച്ചു.

അതിനു പുറമെ, എല്ലാ പ്രധാന അണക്കെട്ടുകളുടെയും പരമാവധി സംഭരണശേഷിയില്‍ ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുളള പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ ആവശ്യമാണെന്നും സമിതി വ്യക്തമാക്കി. അണക്കെട്ടുകളുടെ ഉയരം കൂട്ടുക, സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുക, ഡാമില്‍ അടിഞ്ഞുകൂടിയിട്ടുളള ചെളി നീക്കം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സമിതി ശുപാർശ ചെയ്തു.