Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂവിൽ ആദ്യം പെട്ട ഹാര്‍വി വെയ്ന്‍സ്റ്റെയ്‌ന് ആശ്വാസവിധി; ഇനിയുമുണ്ട് അഞ്ച് കേസുകൾ

harvey-weinstein ഹാർവി വെയ്ൻസ്റ്റെയിൻ

ലോകത്തെ പിടിച്ചുകുലുക്കിയ മീ ടൂ പ്രതിഷേധജ്വാലയുടെ ഒന്നാം വാര്‍ഷികം പിന്നിടുമ്പോള്‍ പ്രധാന കുറ്റാരോപിതനായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നു കോടതിയില്‍നിന്ന് ആശ്വാസവിധി. ഹാര്‍വിക്കെതിരെ ഉന്നയിക്കപ്പെട്ട ആറ് ലൈംഗിക ആരോപണങ്ങളില്‍ ഒരെണ്ണം ന്യുയോര്‍ക്ക് കോടതി തള്ളി. എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് ആക്കം കൂട്ടുന്നതാണ് കോടതി വിധി. മാന്‍ഹട്ടണ്‍ സ്‌റ്റേറ്റ് സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ കേസ് അന്വേഷിച്ച ഡിക്ടറ്റീവിനു സംഭവിച്ച പിഴവാണ് ഹാര്‍വിക്കു തുണയായത്.

 ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്നും ലൂസിയ ഇവാന്‍സ് എന്ന സ്ത്രീയെ പ്രകൃതിവിരുദ്ധ ലൈംഗികപ്രവൃത്തിക്കു നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് മേയിലാണ് ഹാര്‍വിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഹാര്‍വിയുടെ സിനിമാ കമ്പനിയായ മിറാമാക്‌സിന്റെ ഓഫിസില്‍വച്ച് 2004-ല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ലൂസിയ ഇവാന്‍സ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന വാഗ്ദാനത്തിനു പകരമായി താന്‍ സ്വന്തം ഇഷ്ടപ്രകാരം ഹാര്‍വിയുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടതാണെന്ന് ലൂസിയ തന്റെ സുഹൃത്തിനോടു വെളിപ്പെടുത്തിയെന്ന കത്തു പുറത്തുവന്നതോടെയാണ് ഹാര്‍വിക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്.  

ഇക്കാര്യം കേസ് അന്വേഷിക്കുന്ന ഡിക്ടറ്റീവിനെ ലൂസിയ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുന്നതില്‍ പരാജയപ്പെട്ട അന്വേഷകനെ ചുമതലകളില്‍നിന്ന് ഒഴിവാക്കി. ഇവാന്‍സ് കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ലൂസിയ ന്യുയോര്‍ക്കിലെ നിശാക്ലബില്‍ വച്ച് ഹാര്‍വി ആദ്യമായി സമീപിക്കുന്നത്. തുടര്‍ന്ന് ഓഫിസില്‍ കണ്ടപ്പോള്‍ ലൈംഗികവൃത്തിക്കു പ്രേരിപ്പിച്ചുവെന്നാണ് ലൂസിയയുടെ ആരോപണം. 

ഒരു കുറ്റാരോപണത്തില്‍നിന്നു മോചിതനായെങ്കിലും 2006-ലും 2013-ലും രണ്ടു സ്ത്രീകളെ പീഡിപ്പിച്ചുവെന്ന കേസില്‍ അഞ്ചു കുറ്റങ്ങള്‍ക്കുകൂടി ഹാര്‍വിക്ക് വിചാരണ നേരിടേണ്ടതുണ്ട്. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന ലൈംഗികാതിക്രമവും ഇതിലുണ്ട്. 2013 ഫെബ്രുവരിയില്‍ ലൊസാഞ്ചൽസിലെ ഇറ്റാലിയന്‍ ഫിലം ഫെസ്റ്റിവലിനിടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്ന് മുപ്പത്തിയെട്ടുകാരിയായ ഇറ്റാലിയന്‍ മോഡലാണു പരാതി നല്‍കിയത്. ഇറ്റാലിയന്‍ നടി ആസിയോ അര്‍ജന്റോ ഉള്‍പ്പെടെ മൂന്നു പേര്‍ നല്‍കിയ പരാതിയില്‍ ന്യുയോര്‍ക്ക് പൊലീസും അന്വേഷണം നടത്തിയിരുന്നു. ആഞ്ജലീന ജോളി ഉള്‍പ്പെടെ നിരവധി പേര്‍ ഹാര്‍വിക്കെതിരായ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ ചില കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതായും റിപ്പോര്‍ട്ടുണ്ട്. 

സ്ത്രീകളുടെ സമ്മതമില്ലാതെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഹാര്‍വിയുടെ നിലപാട്. സഹോദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ കമ്പനിയുടെ സഹഅധ്യക്ഷപദവിയില്‍നിന്ന് ഹാര്‍വിയെ പുറത്താക്കിയിരുന്നു. 

ഹാര്‍വിക്കെതിരായ മീ ടുവിന് ഒരാണ്ട്. 

ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ തനിക്കുനേരെ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ചു തുറന്നുപറഞ്ഞ് MeToo (ഞാനും ഇരയായി എന്ന അര്‍ഥത്തിൽ‍) എന്ന ഹാഷ് ടാഗുമായി നടി അലീസ മിലാനോ 2017 ഒക്ടോബര്‍ 15ന് ഉച്ചയ്ക്കാണ് ട്വീറ്റ് ചെയ്തത്. ലൈംഗികാതിക്രമങ്ങള്‍ അതിജീവിച്ചവരോട് സ്റ്റാറ്റസ് അപ്ഡേറ്റ് ആയി മീ ടൂ നല്‍കാനായിരുന്നു ആഹ്വാനം. അന്നു രാത്രിയായപ്പോഴേക്കും, 2 ലക്ഷം പേര്‍ അതിനോടു പ്രതികരിച്ചു. ഒരുദിവസം പിന്നിട്ടപ്പോഴേക്കും അത് 5 ലക്ഷമായി. ഫെയ്സ്ബുക്കില്‍ 24 മണിക്കൂറിനകം 47 ലക്ഷം പേര്‍ ഈ ഹാഷ് ടാഗ് ഉപയോഗിച്ച് ഒരുകോടിയിലേറെ പോസ്റ്റുകളിട്ടു. തുടര്‍ന്ന് ബോളിവുഡിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. 

related stories