Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവിലെ കോൺഗ്രസിനൊപ്പം, ഉച്ചയ്ക്ക് ബിജെപിയിലേക്ക്, രാത്രിയോടെ വീണ്ടും കോൺഗ്രസ് പാളയത്തിൽ

padmini-reddy കോൺഗ്രസ് മുതിർന്ന നേതാവ് സി. ദാമോദർ രാജനരംസിംഹയുടെ ഭാര്യ പത്മിനി റെഡ്ഡി ബിജെപിയിൽ ചേരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ആർ. ലക്ഷ്മൺ, മുതിർന്ന നേതാവ് മുരളിധർ റാവു എന്നിവർ സമീപം.

ഹൈദരാബാദ് ∙ ബിജെപിയിൽ ചേർന്ന തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഭാര്യ മണിക്കൂറുകൾക്കകം തിരികെ കോൺഗ്രസിൽ. വിഭജനത്തിനു മുൻപുള്ള ആന്ധ്രപ്രദേശിൽ‌ ഉപമുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള സി. ദാമോദർ രാജനരംസിംഹയുടെ ഭാര്യ പത്മിനി റെഡ്ഡിയാണ് മണിക്കൂറുകൾക്കകം പാർട്ടികൾ മാറിയത്. നിലവിൽ തെലങ്കാനയിൽ കോൺഗ്രസ് പാർട്ടിയുടെ പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ അധ്യക്ഷനാണ് ദാമോദർ രാജനരംസിംഹ. മുതിർന്ന നേതാവായ ദാമോദർ രാജനരംസിംഹയുടെ ഭാര്യ ബിജെപി പാളയത്തിൽ പോയത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു.

അതേസമയം, പാർട്ടിയിലേക്കുള്ള പത്മിനി റെഡ്ഡിയുടെ വരവ് ബിജെപി ആഘോഷമാക്കി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ആർ. ലക്ഷ്മൺ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വി. മുരളിധർ റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് പത്മിനി റെഡ്ഡി ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി മുതിർന്ന കോൺഗ്രസ് നേതാവ് പത്മിനി റെഡ്ഡി ബിജെപിയിൽ ചേർന്നുവെന്നു പ്രഖ്യാപിച്ച്, ചടങ്ങിന്റെ ചിത്രങ്ങളുൾപ്പെടെ വി. മുരളിധർ റാവു ട്വീറ്റു ചെയ്തു.

താക്കോൽ സ്ഥാനങ്ങളിൽ സ്ത്രീകളെ നിയോഗിച്ചും മറ്റും സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരിശ്രമങ്ങളിൽ ആകൃഷ്ടയായാണ് പത്മിനി റെഡ്ഡി ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ ആർ. ലക്ഷ്മൺ അവകാശപ്പെട്ടു. മേഡക് മേഖലയില്‍ പത്മിനി റെഡ്ഡി നടത്തിയിട്ടുള്ള സാമൂഹിക പ്രവർത്തനങ്ങളും പ്രത്യേകിച്ചു അവിടുത്തെ സ്ത്രീകൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ അവർക്ക് മികച്ച പ്രതിഛായ നൽകിയിട്ടുണ്ടെന്നും, പത്മിനി റെഡ്ഡി ബിജെപിയിൽ ചേർന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ബിജെപിയുടെ അവകാശവാദങ്ങൾക്ക് മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു. രാത്രിയോടെ പത്മിനി റെഡ്ഡി കോൺഗ്രസ് പാളയത്തിൽ മടങ്ങിയെത്തി. കോൺഗ്രസ് വിടാനുള്ള തീരുമാനം പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചുവെന്നു തിരിച്ചറിഞ്ഞാണ് മടങ്ങിയെത്താൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.

കോൺഗ്രസിലേക്കുള്ള പത്മിനി റെഡ്ഡിയുടെ മടക്കവാർത്തയറിഞ്ഞ ബിജെപി, അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നു പ്രതികരിച്ചു. 'വിദ്യാസമ്പന്നയായ സ്ത്രീയാണ് പത്മിനി റെഡ്ഡി. സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപി. ബിജെപിയിൽ ചേരാൻ പത്മിനി റെഡ്ഡി സന്നദ്ധത അറിയിച്ചപ്പോൾ ഭർത്താവിന്റെ അനുമതി വാങ്ങി വരാൻ പാർട്ടിക്ക് ആവശ്യപ്പെടാനാകുമായിരുന്നില്ല. പത്മിനി റെഡ്ഡിയുടെ തീരുമാനത്തെ പാർട്ടി ബഹുമാനിക്കുന്നു. സ്ത്രീകളോടു ബിജെപിക്കുള്ള ബഹുമാനത്തിന്റെ ഉദാഹരണമാണിത്.' - ബിജെപി സംസ്ഥാന വക്താവ് കൃഷ്ണസാഗർ റാവു ട്വിറ്ററിൽ കുറിച്ചു.

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത്, പാർട്ടിയിലെ മുതിർന്ന നേതാവിന്റെ ഭാര്യ ബിജെപി പാളയത്തിലേക്കു പോയതിൽ ആശങ്കയിരുന്ന കോൺഗ്രസിന് ആശ്വാസം പകരുന്നതായി പത്മിനി റെഡ്ഡിയുടെ മടങ്ങിവരവ്.