Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ബറിനെതിരായ ആരോപണം പരിശോധിക്കും: മീ ടൂവിൽ പരസ്യപ്രതികരണവുമായി അമിത് ഷാ

Amit Shah അമിത് ഷാ

ന്യൂഡൽഹി∙ മന്ത്രി എം.ജെ. അക്ബറിനെതിരായ പീഡന ആരോപണം പരിശോധിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിതാ ഷാ. ആരോപണങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ആരോപണങ്ങൾ ശരിയാണോ തെറ്റാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പോസ്റ്റിന്‍റെയും അത് ഉന്നയിച്ച വ്യക്തിയുടെയും ആധികാരികത പരിശോധിക്കണം. എന്‍റെ പേരിലും നിങ്ങള്‍ക്കൊരു പോസ്റ്റ് പ്രസിദ്ധീകരിക്കാം" – ബിജെപി അധ്യക്ഷൻ പ്രതികരിച്ചു. എന്നാൽ ആരോപണങ്ങൾ പാർട്ടി തീർച്ചയായും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മീ ടൂ ക്യാംപെയ്നിന്‍റെ ഭാഗമായി അക്ബറിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളെക്കുറിച്ച് ഇതാദ്യമായാണ് ബിജെപി നേതൃത്വം പരസ്യമായി പ്രതികരിക്കുന്നത്. ആരോപണങ്ങളെ പാർട്ടി ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന സൂചനയാണ് അമിത് ഷായുടെ വാക്കുകളിൽ പ്രകടമാകുന്നത്.

വിവിധ പത്രസ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ അക്ബറിൽ നിന്നും നേരിട്ട പീഡനങ്ങളുടെ കഥകളുമായി ഒന്നിലേറെ പേര്‍ രംഗത്തെത്തിയത് ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിൽ അക്ബർ തുടരുന്നത് തെറ്റായ സന്ദേശം നൽകാനിടയാക്കുമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നു കഴിഞ്ഞു. അതേസമയം ഏകപക്ഷീയമായ പ്രചാരണത്തിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നത് മോശമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അക്ബറിന് മന്ത്രിസഭയിൽ തുടരാൻ എളുപ്പമല്ലെന്നാണ് പൊതുവികാരം.

വിദേശയാത്ര കഴിഞ്ഞു നാളെയാണ് അക്ബർ തിരിച്ചെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാകും മന്ത്രിസഭയിലെ അക്ബറിന്‍റെ തുടർച്ച സംബന്ധിത്തിച്ചിടത്തോളം നിർണായകമാകുക. ഇതിനിടെ, അക്ബറിനു പറയാനുള്ളത് ആദ്യം കേൾക്കണമെന്ന നിർദേശവുമായി മന്ത്രി റാംദാസ് അത്താവലെ രംഗത്തെത്തി.