Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കർ ഐഎഎസ് അക്കാദമി സ്ഥാപകൻ ശങ്കർ ദേവരാജൻ മരിച്ച നിലയിൽ

sankar-wife ശങ്കറും ഭാര്യ വൈഷ്ണവിയും

ചെന്നൈ∙ ദക്ഷിണേന്ത്യയിലെ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ശങ്കർ ഐഎഎസ് അക്കാദമി സ്ഥാപകനും സിഇഒയുമായ ശങ്കർ ദേവരാജനെ (45) മൈലാപൂരിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണു ജീവനൊടുക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു. ഭാര്യ വൈഷ്ണവിയും ശങ്കറും തമ്മിൽ മാസങ്ങളായി വഴക്കു പതിവായിരുന്നു. വ്യാഴാഴ്ച രാത്രി വഴക്കിട്ടശേഷം ശങ്കർ മുറിയിൽ കയറി വാതിലടച്ചു. പലതവണ വിളിച്ചിട്ടും തുറക്കാത്തതിനാൽ ഭാര്യ പുറത്തുപോയി സുഹൃത്തിനെ കൂട്ടിക്കൊണ്ടുവന്നു.

ബലംപ്രയോഗിച്ചു വാതിൽ തുറന്നപ്പോൾ കിടക്കവിരി കൊണ്ടു ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജന്മസ്ഥലമായ തിരുച്ചെങ്കോട് നല്ലഗൗണ്ടപാളയത്തു സംസ്കരിച്ചു. രണ്ടു മക്കളുണ്ട്. സിവിൽ സർവീസ് പരീക്ഷയിൽ നാലുതവണ പരാജയപ്പെട്ട ശങ്കർ 2004ൽ ആണ് ഐഎഎസ് അക്കാദമി തുടങ്ങിയത്. ചെന്നൈ അണ്ണാനഗറിൽ 34 വിദ്യാർഥികളുമായി തുടങ്ങിയ അക്കാദമിയിൽ ഇന്നു തിരുവനന്തപുരമുൾപ്പെടെയുള്ള സെന്ററുകളിലായി നാനൂറിലേറെ വിദ്യാർഥികളുണ്ട്. ശങ്കർ അക്കാദമിയിൽ പരിശീലനം നേടിയ ഒട്ടേറെപ്പേർ സിവിൽ സർവീസ് പരീക്ഷ ജയിച്ചു ഭരണരംഗത്തുണ്ട്.

ഒരാളുടെ തോൽവി ഒരായിരം പേരുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി 

തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന ചൊല്ല്, ശങ്കർ ഐഎഎസ് അക്കാദമി സ്ഥാപകൻ ശങ്കർ ദേവരാജന്റെ കാര്യത്തിൽ ഇങ്ങനെ തിരുത്തേണ്ടിവരും- ഒരാളുടെ തോൽവി ഒരായിരം പേരുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സിവിൽ സർവീസ് അക്കാദമിയുടെ സ്ഥാപകൻ സിവിൽ സർവീസ് പരീക്ഷയിൽ പരാജയപ്പെട്ടത് ഒന്നല്ല, നാലുവട്ടം. ആ പരാജയങ്ങളിൽനിന്ന് ഉൾക്കൊണ്ട പാഠവുമായി അക്കാദമി തുടങ്ങിയത് ഒട്ടേറെപ്പേർക്കു സിവിൽ സർവീസിലേക്കുള്ള ചവിട്ടുപടിയായി. ഇന്ന്, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഉന്നതതലങ്ങളിൽ ശങ്കർ ഐഎഎസ് അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കിയ ഒരാളെങ്കിലുമുണ്ട്.

തോൽവിയെ വിജയത്തിലേക്കുള്ള സാധ്യതയാക്കി മാറ്റിയ പ്രിയപ്പെട്ട ഗുരുനാഥൻ ജീവിതത്തിനു മുന്നിൽ ഇത്ര പെട്ടെന്നു തോൽവി സമ്മതിച്ചതിന്റെ ഞെട്ടലിലാണ് ആയിരക്കണക്കിനു ശിഷ്യർ. കൃഷ്ണഗിരി ജില്ലയിലെ കുഗ്രാമത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ച ശങ്കറിന് ജീവിതം എന്നും സമരമായിരുന്നു. ബിരുദാനന്തര ബിരുദത്തിനുശേഷം സിവിൽ സർവീസ് എന്ന സ്വപ്നം പിന്തുടരുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ തടസ്സമായി മുന്നിലുണ്ടായിരുന്നു. അന്നു താങ്ങും തണലുമായി നിന്നതു സുഹൃത്തും പിന്നീടു ഭാര്യയുമായ വൈഷ്ണവിയാണെന്നു ശങ്കർ പറഞ്ഞിട്ടുണ്ട്.

2001 മുതൽ 2004 വരെയുള്ള വർഷങ്ങളിലാണ് ശങ്കർ സിവിൽ സർവീസ് പരീക്ഷയെഴുതിയത്. പരാജയത്തിൽനിന്നു പഠിച്ച പാഠം ഭാവി തലമുറയ്ക്കു പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനകേന്ദ്രം തുടങ്ങിയത്. 2004-ൽ 34 വിദ്യാർഥികളുമായി അണ്ണാനഗറിൽ ആയിരുന്നു ആദ്യ കേന്ദ്രം. 14 വർഷങ്ങൾക്കിപ്പുറം ബെംഗളൂരു, തിരുവനന്തപുരം, മധുര, സേലം എന്നിവിടങ്ങളിൽ ശാഖകളായി. ഒരോ കൊല്ലവും മുന്നൂറിലേറെ വിദ്യാർഥികൾ സിവിൽ സർവീസ് മോഹവുമായി ശങ്കർ അക്കാദമിയിലെത്തുന്നു.

സ്വന്തം സഹോദരിയുൾപ്പെടെ ആയിരത്തിലേറെ പേർക്ക് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കുള്ള വഴി തുറന്നു. മികച്ച അധ്യാപകർക്കും മികവുറ്റ ഗവേഷണ സൗകര്യങ്ങൾക്കുമൊപ്പം ശങ്കർ നൽകുന്ന പ്രചോദനവും അക്കാദമിയെ ദക്ഷിണേന്ത്യയിലെ മികച്ച സിവിൽ സർവീസ് പരിശീലന കേന്ദ്രമാക്കി. ഗ്രാമപ്രദേശങ്ങളിൽനിന്നു വരുന്ന വിദ്യാർഥികളോട് പ്രത്യേക താൽപര്യത്തോടെ ഇടപെട്ടു. അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി. തെളിഞ്ഞ ചിരി, ഏതു പ്രതിസന്ധിയെയും മറികടക്കാൻ സഹായിക്കുന്ന പ്രചോദനം, അറിവിന്റെ നിറകുടം- ഇങ്ങനെയൊക്കെയാണ് ശങ്കറിനെ ശിഷ്യർ ഓർക്കുന്നത്. എന്നിട്ടും, ലക്ഷക്കണക്കിനു യുവാക്കളെ പ്രചോദിപ്പിച്ചയാൾ ഇനി ഓർമ മാത്രം.