Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീർഘകാലമായി ജോലിക്കു ഹാജരായില്ല; 134 പേരെക്കൂടി കെഎസ്ആർടിസി പിരിച്ചുവിട്ടു

KSRTC

തിരുവനന്തപുരം∙ 134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആർടിസി പിരിച്ചുവിട്ടു. 69 ഡ്രൈവർമാരെയും 65 കണ്ടക്ടർമാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. ദീർഘകാലമായി ഇവർ ജോലിക്കു ഹാജരാകാത്തതാണു നടപടിക്കു കാരണം. 773 പേരെ ഇതേകാരണത്താൽ നേരത്തേ സർവീസിൽനിന്നു പുറത്താക്കിയിരുന്നു.

സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവർമാർക്കെതിരെയും 469 കണ്ടക്ടർമാർക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഇവരോടു തിരികെയെത്താൻ കഴിഞ്ഞ മേയിൽ കെഎസ്ആർടിസി അന്ത്യശാസനം നൽകിയിരുന്നു. ഇത് അനുസരിക്കാത്തവർക്കെതിരെയായിരുന്നു നടപടി. ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതിനാൽ സർവീസുകൾ വെട്ടിച്ചുരുക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ലീവിലുള്ള ഉദ്യോഗസ്ഥരെ കെഎസ്ആർടിസി തിരികെ വിളിച്ചത്. 

കോർപറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വർഷം വരെ ജീവനക്കാർക്കു ദീർഘകാല അവധിയെടുക്കാം. എന്നാൽ ആവശ്യപ്പെട്ടാൽ ജോലിക്കു ഹാജരാകണമെന്നാണു നിബന്ധന. മെക്കാനിക്കൽ, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന് എംഡി ടോമിൻ തച്ചങ്കരി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. 

related stories