Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാധിക്കുക ഒരു ശതമാനം പേരെ മാത്രം: ഇല്ല, ഇന്റർനെറ്റ് തടസ്സപ്പെടില്ല

internet-map

തിരുവനന്തപുരം∙ ഇല്ല, നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് അടുത്ത 24 മണിക്കൂറിൽ തടസം വരില്ല. ഇന്റർനെറ്റ് ഡൊമെയിനുകൾക്ക് (വിലാസങ്ങൾ) പേരിടാൻ അവകാശമുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് (ഐകാൻ) ഇന്റർനെറ്റ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള സേവനദാതാക്കളുടെ ഡിഎൻഎസ് (ഡൊമെയ്ൻ നെയിം സിസ്റ്റം) സെർവറുകൾ അപ്ഡേറ്റ് ചെയ്യുന്നതിനെ തുടർന്ന് ഇന്റർനെറ്റ് തടസ്സപ്പെടുമെന്ന് ഇന്നലെ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. 

എന്നാൽ ഇത് ഇന്റർനെറ്റ് കണക്ഷനെ ഒരുതരത്തിലും ബാധിക്കില്ലെന്നു വിദഗ്ധർ വ്യക്തമാക്കി. അപ്ഡേഷൻ പ്രക്രിയയിലുണ്ടാകാവുന്ന പ്രശ്നങ്ങൾ മൂലം അപൂർവം സന്ദർഭങ്ങളിൽ ചില വെബ്സൈറ്റുകൾ, സെർവറുകൾ ലഭ്യമാകാതിരിക്കാൻ മാത്രമാണു സാധ്യത. അതും ലോകത്തെ ഒരു ശതമാനം ഉപയോക്തക്കാളെ മാത്രമേ ബാധിക്കാനിടയുള്ളു.

എന്താണ് ഡിഎൻഎസ്?

ഡിഎൻഎസ് അഥവാ ഡൊമെയ്ൻ നെയിം സർവീസിനെ ഇന്റർനെറ്റിന്റെ അഡ്രസ് ബുക്ക് വിളിക്കാം. ഗൂഗിൾ ഡോട്ട് കോം എന്ന് ടൈപ്പ് ചെയ്തു നൽകിയാലും ഇന്റർനെറ്റ് ആ വിലാസം കംപ്യൂട്ടർ മനസിലാക്കുന്നത് സംഖ്യാരൂപത്തിലാണ്. ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസവും ഡിഎൻഎസും ഒത്തുനോക്കിയാണ് ഗൂഗിൾ പേജ് നമുക്കു തരുന്നത്. എല്ലാ വെബ് വിലാസങ്ങളും ഡിഎൻഎസ് റജിസ്ട്രിയുടെ ഭാഗമാണെന്നു ചുരുക്കം.

എന്താണിപ്പോൾ സംഭവിക്കുന്നത്?

ഡിഎൻഎസ് റജിസ്ട്രിയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എൻക്രിപ്ഷൻ രീതി പുതുക്കുയാണ്. ഇതിനെ ഡിഎൻഎസ് റൂട്ട് സോൺ കെഎസ്കെ (കീ സൈൻ കീ) റോൾ ഓവർ എന്നു വിളിക്കുന്നു. ലോകമെങ്ങുമുള്ള സേവനദാതാക്കളെ മാസങ്ങൾക്കു മുൻപ് തന്നെ അറിയിച്ചു നടത്തുന്ന വലിയ സങ്കീർണമായ പ്രക്രിയയാണിത്. ഡിഎൻഎസ് അപ്ഡേഷൻ നടക്കുമ്പോൾ ഡിഎൻഎസ് വിലാസവുമായി ബന്ധപ്പെട്ട വെബ്പേജുകളും ചിലപ്പോൾ ലഭ്യമല്ലാതാകാമെന്നു മാത്രം. നിങ്ങളുടെ സേവനദാതാവ് അപ്ഡേഷന് തയ്യാറെടുത്തില്ലെങ്കിലും തടസം നേരിട്ടേക്കാം. കഴിഞ്ഞ വർഷം അപ്ഡേഷനു പദ്ധതിയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.