Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്രവാദിക്കായി പ്രാർഥന; അലിഗഡ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കേസ്

Aligarh Muslim University

ന്യൂഡൽഹി ∙ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദിക്കു വേണ്ടി പ്രാർഥന നടത്തിയ സംഭവത്തിൽ അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ മൂന്നു വിദ്യാർഥികൾക്കെതിരെ കേസ്. വിഷയത്തിൽ കേന്ദ്ര മാനവശേഷി മന്ത്രാലയം സർവകലാശാലയോടു റിപ്പോർട്ട് തേടി. സർവകലാശാലയിലെ പൂർവവിദ്യാർഥി കൂടിയായ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ മന്നാൻ ബഷീർ വാനി(27) കഴിഞ്ഞ ദിവസമാണു കൊല്ലപ്പെട്ടത്. വാനിക്കു വേണ്ടി പ്രാർഥനാ കൂട്ടായ്മ നടത്തിയതുമായി ബന്ധപ്പെട്ടാണു ജമ്മു സ്വദേശികളായ വസിം അയൂബ് മാലിക്, അബ്ദുൾ മിർ ഹെയ്‌ൽ എന്നിവരുൾപ്പെടെ മൂന്നു പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. 

ഇവർ മന്നാൻ ബഷീർ വാനിക്ക് അഭിവാദ്യവുമായി മുദ്രാവാക്യം വിളിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു വിദ്യാർഥികളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ചില കശ്മീരി വിദ്യാർഥികൾ സർവകലാശാലയിലെ കെന്നഡി ഹാളിൽ ഒത്തുകൂടി പ്രാർഥന നടത്തിയെന്നാണ് ആരോപണം. വിവരമറിഞ്ഞു സർവകലാശാല അധികൃതരും വിദ്യാർഥി യൂണിയൻ പ്രതിനിധികളും സ്ഥലത്തെത്തി പ്രതിഷേധമുയർത്തി.

ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായെങ്കിലും പ്രാർഥനാ കൂട്ടായ്മ നടത്തുന്നതിൽ നിന്നു വിദ്യാർഥികൾ പിൻമാറിയിരുന്നു. തുടർന്നാണു മൂന്നു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ചയാണു മന്നാൻ ബഷീർ വാനിയും കൂട്ടാളി ആഷിഖ് ഹുസൈനും കൊല്ലപ്പെട്ടത്. അലിഗഡ് സർവകലാശാലയിലെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ചു ജനുവരിയിലാണു വാനി തീവ്രവാദ സംഘടനയിൽ ചേർന്നത്. ജവാഹർ നവോദയ വിദ്യാലയത്തിലും സൈനിക സ്കൂളിലും പഠിച്ചു ജിയോളജിയിൽ ഗവേഷണം നടത്തിവന്ന വാനി, ഭീകര സംഘടനയിൽ ചേർന്നു 10 മാസത്തിനുള്ളിൽ വടക്കൻ കശ്മീരിലെ സംഘടനാ നേതാവായി മാറിയിരുന്നു.