Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ നടിക്കൊപ്പം നിന്നില്ല, കുറ്റാരോപിതനെ സംരക്ഷിക്കുന്നു: ഡബ്ല്യുസിസി

കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്ന ഡബ്ല്യുസിസി പ്രവര്‍ത്തകര്‍– വിഡിയോ

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചലച്ചിത്ര താരസംഘടന ‘അമ്മ’യ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). സംഭവത്തിൽ കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്നു കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡബ്ല്യുസിസി പ്രതിനിധികൾ ആരോപിച്ചു.

ആരോപണ വിധേയനെ പുറത്താക്കും എന്നു സംഭവത്തിനു പിന്നാലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ‘അമ്മ’ അറിയിച്ചിരുന്നു. ഇയാൾ ഇതുവരെ രാജിവച്ചിട്ടില്ല. പ്രതിയെ പുറത്താക്കിയിട്ടില്ല, സസ്പെൻഡ് ചെയ്തിട്ടില്ല. അമ്മ നേതൃത്വം തങ്ങളോടു കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശ്യമെന്നും ഡബ്ല്യുസിസി ചോദിച്ചു. രേവതി, പാർവതി, പത്മപ്രിയ എന്നിവർ സ്വയം പരിചയപ്പെടുത്തി, ഞങ്ങളെ അറിയാത്തതുകൊണ്ടാണല്ലോ പേരു പറയാതിരുന്നത്, ഇതാണ് ഞങ്ങൾ എന്നു പറഞ്ഞായിരുന്നു സംസാരിച്ചു തുടങ്ങിയത്. 

Read more at: അവളുടെ വോയ്സ് ക്ലിപ് കേൾപ്പിച്ചപ്പോളാണ് അവർ നിശബ്ദരായത്’...

ഇരയായ നടിയെ സംരക്ഷിക്കാൻ സംഘടന ശ്രമിച്ചിട്ടില്ലെന്നു പറഞ്ഞ ഡബ്ല്യുസിസി, പ്രതിയായ നടനെ ‘അമ്മ’ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണെന്നും ചോദിച്ചു. അതിക്രമത്തിന് ഇരയായ നടി എല്ലായിടത്തുനിന്നും അകന്നുനിൽക്കുമ്പോൾ, പ്രതിസ്ഥാനത്തുള്ളയാൾ സമൂഹത്തിലെ എല്ലാവർക്കുമൊപ്പം പ്രവർത്തിക്കുന്നു. ഇതെന്തു രീതിയാണെന്നു ഡബ്ല്യുസിസി ചോദിച്ചു. സംഘടനാ പ്രതിനിധികളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അഞ്ജലി മേനോൻ, ബീനാ പോൾ, ദീദി ദാമോദരൻ, സജിത മഠത്തിൽ, അർച്ചന പദ്മിനി തുടങ്ങിയവരാണു മാധ്യമങ്ങളെ കണ്ടത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണു നടിമാർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിൽനിന്നു രാജിവച്ച് എഴുതിയ കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു.

പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയില്‍ ജോലി ചെയ്യുന്ന സമയത്തു ഷെറിൻ സ്റ്റാൻലി എന്ന ആളിൽനിന്ന് മോശം അനുഭവം ഉണ്ടായെന്നു നടി അർച്ചന പദ്മിനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയിൽ പരാതി നൽകി. സംവിധായകൻ ബി.ഉണ്ണികൃഷ്ണനു നേരിട്ടാണ് പരാതി നൽകിയത്. ഒന്നും ഉണ്ടായില്ല. അവസരങ്ങൾ നഷ്ടമായതു മാത്രമാണു മിച്ചം. ജീവിതത്തിൽ‌ ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതിനാൽ പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും അർച്ചന പറഞ്ഞു.

ഡബ്ല്യുസിസി വൈകിട്ട് വാർത്താസമ്മേളനം വിളിച്ച സാഹചര്യത്തിൽ #മീടൂ മുന്നേറ്റവുമായി ബന്ധപ്പെടുത്തി വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ ട്വിറ്ററിൽ പറഞ്ഞിരുന്നു. ‘അമ്മ’ പ്രസി‍‍ഡന്റ് മോഹൻലാലിനെതിരെയും ഡബ്ല്യുസിസി ആഞ്ഞടിച്ചു. കുറച്ചു ദിവസം മുൻപ് അമ്മ പ്രസിഡന്റ് ഞങ്ങളെ നടിമാർ എന്നു പറഞ്ഞു. ഞങ്ങൾ മൂന്നുപേരുടെ പേരുപോലും പറയാൻ‌ അദ്ദേഹത്തിനു സാധിച്ചില്ല. ഇതു ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ‌ പുറത്താണ്. ഇതാണോ നീതി?– സംവിധായികയും നടിയുമായ രേവതി ചോദിച്ചു.

wcc-members-press-club കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

അമ്മയില്‍നിന്നു രാജിവക്കാൻ കത്ത് തയാറാക്കിയിരുന്നുവെന്നു പാർവതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറൽ ബോഡി അംഗങ്ങൾക്ക് എന്തു പറയാനുണ്ടെങ്കിലും അടിയന്തര യോഗം ചേരും എന്നാണ് ഇടവേള ബാബു പറഞ്ഞത്. തുടർന്നാണ് അമ്മ എന്ന സംഘടനയുമായി വീണ്ടും വിഷയം ചർച്ച ചെയ്യാൻ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ 40 മിനിറ്റ് നടന്നത് മുഴുവൻ ആരോപണങ്ങളായിരുന്നു. സംസാരിക്കാന്‍ അവസരം തരണമെന്നു കെഞ്ചി പറഞ്ഞു. പക്ഷേ അവർ അതിനു തയാറായില്ല– പാർവതി പറഞ്ഞു.

യുവനടിക്കെതിരെ അതിക്രമം നടന്നപ്പോൾ വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്നു സംവിധായിക അഞ്ജലി മേനോൻ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവർ‍ത്തിക്കാൻ ഇടയായത്. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് (മീ ടു) നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നതു വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ കുറച്ചുകൂടി ഞങ്ങൾ‌ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു.

ക്രൂരമായ അക്രമണമേറ്റ കുട്ടിയെ ചൂടുവെള്ളത്തിൽ വീണ പൂച്ച എന്നാണു ബാബുരാജ് വിളിച്ചത്. എക്സിക്യൂട്ടിവ് കമ്മിറ്റിയിലുണ്ടായ വളരെകുറച്ച് പേരാണ് ഇപ്പോൾ തന്നെ തീരുമാനമെടുക്കാമെന്നു പറഞ്ഞത്. സര്‍ക്കാര്‍ തലത്തിൽ സിനിമാക്കാർക്കു വേണ്ടി സംഘടനയില്ല, അമ്മ മാത്രമാണ് ഉള്ളത്. കരുണാനിധി മരിച്ച ദിവസത്തില്‍ മാധ്യമങ്ങളോടു സംസാരിക്കാം എന്നു തീരുമാനിച്ചിരുന്നു. അന്നും മാധ്യമങ്ങളോടു ഒന്നും പറയരുതെന്നു പറഞ്ഞിരുന്നു. അതും അവസാനിച്ചു. മാധ്യമ യോഗം കഴിഞ്ഞപ്പോൾ സംയുക്ത പ്രസ്താവനയുടെ പ്രിന്റ് ഔട്ട് എടുക്കാൻ പറഞ്ഞു. മാധ്യമങ്ങള്‍ പോയതോടെ അവരുടെ രീതി മാറി. തീരുമാനം ഉണ്ടാകാൻ വേണ്ടി സംഘടന പറയുന്നതെല്ലാം വിശ്വസിച്ചു. എല്ലാവരുടെയും കണ്ണിൽ പൊടിയിടുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അമ്മയ്ക്ക് ഉണ്ടായില്ലെന്നും പാർവതി പറഞ്ഞു.

WCC-Members-Press-Meet വാര്‍ത്താസമ്മേളനത്തിനുശേഷം യാത്രപറയുന്ന രമ്യ നമ്പീശന്‍. പത്മപ്രിയ, രേവതി എന്നിവര്‍ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

ഇരയ്ക്കും രാജിവച്ചവർക്കും അമ്മയിൽ തിരികെയെത്തണമെങ്കിൽ ആദ്യം മുതലേ അപേക്ഷ നൽകണമെന്നാണ് കത്തിൽ ഉണ്ടായിരുന്നത്. മറ്റൊന്നും ഇല്ല. നടൻ തിലകന്റെ സംഭവമുണ്ടായ സമയത്ത് എക്സിക്യൂട്ടിവ് കമ്മിറ്റിയാണു തീരുമാനമെടുത്തത്. ഇപ്പോൾ തീരുമാനമെടുക്കണമെങ്കിൽ ജനറൽ ബോഡി വേണമെന്നാണു പറയുന്നത്. ഞങ്ങളുടെ മക്കൾക്കു വേണ്ടിയിട്ടെങ്കിലും സിനിമാ വ്യവസായത്തിൽ സുരക്ഷ ഉറപ്പാക്കണം. അമ്മ സംഘടനയുടെ ഓരോ എക്സിക്യൂട്ടിവ് അംഗത്തിനും ഉത്തരവാദിത്തം വേണ്ടേ? നാളെ മറ്റൊരാൾക്കും ഇതു സംഭവിക്കാൻ ഇടയുണ്ട്. 17 വയസ്സുള്ള കുട്ടി വാതിലിൽ മുട്ടിയിട്ട് എന്നെ രക്ഷിക്കൂ എന്നു പറഞ്ഞ സംഭവം ഓർമയിലുണ്ട്. അത് ഇനി സംഭവിക്കരുത്. അക്രമിക്കപ്പെട്ട നടി പരാതിപ്പെടാൻ കാണിച്ചത് ധൈര്യമാണ്– രേവതി പറഞ്ഞു.

അമ്മയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണമാണു രാജി വച്ചതെന്നു രമ്യ നമ്പീശൻ പറഞ്ഞു. അമ്മയിൽ നിയമങ്ങള്‍ അവർ എഴുതും. പലതും അവർ ഒഴിവാക്കും. അംഗങ്ങളെ പോലും പറ്റിക്കുകയാണ്. പച്ചയായിട്ടു പറഞ്ഞാൽ നാടകങ്ങളാണു നടക്കുന്നത്. ഇനി അങ്ങനെയൊരു സ്ഥലം വേണ്ടെന്നും രമ്യ പറഞ്ഞു. നമ്മൾ ഇവിടം വിട്ടുപോകും എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അതു വേണ്ട. അനീതിക്ക് ഒരു തീര്‍പ്പു വേണം. കണ്ണടച്ച് മിണ്ടാതിരിക്കാൻ കഴിയില്ല. അമ്മ സംഘടനയിലുള്ള വിശ്വാസമല്ല പോയത്. നേതൃത്വത്തിലുള്ള വിശ്വാസമാണു പോയതെന്നും പാർവതി വ്യക്തമാക്കി.

ഡബ്ല്യുസിസി ഒരു വർഷമായി പ്രവർത്തിക്കുന്നു. സിനിമാ മേഖലയിൽ ശുദ്ധീകരണം നടപ്പാക്കേണ്ടത് ആവശ്യമാണ്. സിനിമാ വ്യവസായത്തെ നാണം കെടുത്താനല്ല ഇവിടെ വന്നത്. കേസിലെ ഇര എവിടെയുമില്ല. പക്ഷേ പ്രതി സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാവരുടെയും കൂടെ പ്രവർത്തിക്കുന്നു. നീതിയാണു ഞങ്ങൾക്കു വേണ്ടത്. സംഘടനയിൽനിന്നു രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. മീടൂ ഉണ്ടാക്കാനില്ലെന്നും ബീനാ പോൾ പറഞ്ഞു.

മീ ടൂവിൽ എന്താണു നടക്കുന്നതെന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ വെളിപ്പെടുത്തലും അതിനെതിരെ നടപടികളും ഉണ്ടാകുകയാണ്. ഫെഫ്കയുടെ ചെയർമാൻ ബി.ഉണ്ണികൃഷ്ണൻ, നടിയെ ആക്രമിച്ച കേസിലെ പ്രതിയെ വച്ച് സിനിമ പ്രഖ്യാപിച്ചു. ഒരു നാട് മുഴുവൻ നടിയുടെ കൂടെ നിന്നിട്ട് അമ്മയുടെ പ്രസിഡന്റ് നമുക്ക് നോക്കാം എന്നാണു പറഞ്ഞത്– റിമ കല്ലിങ്കൽ പറഞ്ഞു.

related stories