Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഡ്ജിയുടെ ഭാര്യ ഗൺമാന്റെ വെടിയേറ്റു മരിച്ചു; മകനു ഗുരുതര പരുക്ക്

gurgaon-shooting വെടിയേറ്റു കിടക്കുന്ന ദ്രുവിനെ കാറിൽ കയറ്റാൻ ശ്രമിക്കുന്ന മഹിപാൽ സിങ്. (ടിവി ചിത്രം)

ഗുരുഗ്രാം (ഹരിയാന)∙ അഡീഷനൽ സെഷൻസ് ജഡ്ജിയുടെ ഭാര്യ, ഗൺമാന്റെ വെടിയേറ്റു മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകന്‍ ചികിത്സയിലാണ്. അഡീഷനൽ സെഷൻസ് ജഡ്ജി ക്രിഷൻ കാന്ത് ശർമയുടെ ഗൺമാൻ മഹിപാൽ സിങ്ങാണ് (32) അദ്ദേഹത്തിന്റെ ഭാര്യ റിതു(38)വിനും മകൻ ദ്രുവിനും (18) നേർക്കു സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ റിതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിനു കീഴടങ്ങി. അമിതരക്തസ്രാവമാണു മരണത്തിനു കാരണമെന്നും ശ്വാസകോശത്തിൽ രക്തം കണ്ടെത്തിയെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സുമിത് കുഹാർ അറിയിച്ചു. തലയ്ക്കു വെടിയേറ്റ ദ്രുവിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.

ഗുരുഗ്രാമിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന അർക്കാഡിയ സെക്ടർ 49ൽ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണു ദാരുണമായ സംഭവം. ഷോപ്പിങ്ങിനു കാറിൽ പോയ റിതുവിനെയും ദ്രുവിനെയും അനുഗമിക്കുകയായിരുന്നു മഹിപാൽ. ഷോപ്പിങ് കഴിഞ്ഞു മടങ്ങിയെത്തിയ റിതുവുമായി മഹിപാൽ വാക്കുതർക്കം ഉണ്ടായതായും തുടർന്ന് ഇരുവർക്കു നേരെയും ഇയാൾ വെടിയുതിർക്കുകയായിരുന്നുവെന്നുമാണു ലഭിക്കുന്ന വിവരം.

വെടിയേറ്റു വഴിയിൽ കിടന്ന ദ്രുവിനെ കാറിലേക്കു കയറ്റികിടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് വഴിയിൽ ഉപേക്ഷിച്ച് മഹിപാൽ കാറുമായി കടന്നുകളയുകയായിരുന്നു. തുടർന്ന്, ഭാര്യയെയും മകനെയും വെടിവച്ചിട്ടെന്ന് ഇയാൾ ജസ്റ്റിസ് ക്രിഷൻ കാന്ത് ശർമയെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.

രണ്ടു മണിക്കൂറിനു ശേഷം ഗുരുഗ്രം – ഫരീദാബാദ് റോഡിൽ നിന്ന് ഇയാളെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മഹിപാൽ വിഷാദരോഗിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചനയെന്നു പൊലീസ് അറിയിച്ചു. ഹരിയാന സ്വദേശിയായ മഹിപാൽ സിങ് 2017 ഏപ്രിൽ മുതൽ ജസ്റ്റിസ് ക്രിഷൻ കാന്ത് ശർമയുടെ ഗൺമാനാണ്.

related stories