Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലഹബാദിനെ പ്രയാഗ്‍രാജാക്കാൻ ഉറച്ച് യോഗി; പ്രതിഷേധവുമായി കോൺഗ്രസ്

Yogi Adityanath യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ∙ ഉത്തർപ്രദേശിലെ പ്രധാന നഗരമായ അലഹബാദിന്റെ പേര് ‘പ്രയാഗ്‍രാജ്’ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരവധി പേർ ‘പ്രയാഗ്‍രാജ്’ എന്ന പേരുമാറ്റത്തിന് ആഗ്രഹിക്കുന്നുണ്ട്. ഇതൊരു നല്ല സന്ദേശമാണ് നൽകുന്നത്. എല്ലാവരും അംഗീകരിക്കുകയാണെങ്കിൽ നഗരം ‘പ്രയാഗ്‍രാജ്’ എന്ന് അറിയപ്പെടും. അതൊരു നല്ല തുടക്കം കൂടിയായിരിക്കും. – യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രയാഗ് എന്നപേരിൽ നിലവിൽ ഒരു സ്ഥലമുണ്ടെന്നും അതുവേണമെങ്കിൽ പ്രയാഗ്‍രാജെന്ന പേരിൽ ഒരു നഗരമാക്കുന്നതിൽ വിരോധമില്ലെന്നും കോൺഗ്രസ് നേതാവ് ഓംകാർ സിങ് പറഞ്ഞു. അങ്ങനെയാണെങ്കിൽ പേരുമാറ്റത്തിന്റെ ആവശ്യവും ഇല്ല. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട നഗരമാണ് അലഹബാദ്. അതിനു പുറമേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റുവിന്റെ ജന്മസ്ഥലം കൂടിയാണിത്. – അദ്ദേഹം പറഞ്ഞു. 

കോടിക്കണക്കിന് ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താണു പേരുമാറ്റവുമായി മുന്നോട്ടുപോകുന്നതെന്നാണ് ബിജെപി നിലപാട്. വരാനിരിക്കുന്ന കുംഭമേളയ്ക്കു മുൻപു തന്നെ പേരുമാറ്റം നടപ്പാക്കാനാണു ബിജെപി നീക്കമെന്നാണു വിവരം. അലഹബാദ് നഗരത്തിന്റെ പുരാതന കാലത്തെ പേരാണു പ്രയാഗ്. ഗംഗ, യമുനാ നദികളുടെ സംഗമ ഭൂമിയായ പ്രയാഗില്‍ പതിനാറാം നൂറ്റാണ്ടിൽ‌ അക്ബർ ചക്രവർത്തി ഒരു കോട്ട നിർമിച്ചിരുന്നു. 

കോട്ടയ്ക്കും പരിസരത്തിനും ഇലഹബാദെന്ന് അക്ബർ പേരും നൽകി. പിന്നീട് ഷാജഹാന്റെ കാലത്താണ് ഇത് അലഹബാദായി മാറിയത്. നേരത്തേ മുഗൾ സരായ് റെയിൽവേ സ്റ്റേഷന്റെ പേര് യുപി സര്‍ക്കാർ ദീൻ ദയാൽ ഉപാധ്യായ ജങ്ഷൻ എന്നാക്കി മാറ്റിയിരുന്നു. പ്രയാഗിലാണ് പ്രസിദ്ധമായ കുംഭമേള നടക്കുന്നത്.