Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കമാലിയിൽ എടിഎം കവർന്നയാളും കൂട്ടത്തിൽ; മോഷണത്തിന് ആസൂത്രണം നാലു മാസമെടുത്ത്

ATM-Robbery അങ്കമാലി എടിഎമ്മില്‍ കവര്‍ച്ച നടത്തിയ പ്രതി (വലത്), കഴിഞ്ഞ ദിവസത്തെ കവര്‍ച്ചയ്ക്കിടെ സിസിടിവിയില്‍ പതിഞ്ഞ ചിത്രം (ഇടത്)

ആലുവ∙ എടിഎം കൊള്ളയടിച്ച സംഘത്തിലെ ഒരാള്‍ ഒരു വര്‍ഷം മുമ്പ് അങ്കമാലിയിലെ എടിഎം കൗണ്ടറില്‍നിന്നു പണം തട്ടിയെടുത്ത പ്രതിയാണെന്നു സംശയം. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ മുഖസാദൃശ്യമാണു കാരണം. ബിഹാറില്‍ നിന്നുള്ള സംഘമാണിതെന്ന സംശയവും ബലപ്പെട്ടു. ഒരു വര്‍ഷം മുമ്പു നടന്ന അങ്കമാലി സിഡിഎം കൗണ്ടര്‍ പണം തട്ടിപ്പുകേസിലെ പ്രതിയുടെ ദൃശ്യങ്ങളുമായി സാമ്യമുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

അങ്കമാലി കേസില്‍ ബിഹാറുകാരായ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ പിന്നീട് കോടതിയില്‍ ഹാജരായിട്ടില്ല. കോടതി വാറന്റ് പുറപ്പെടുവിച്ച പ്രതികളാണെന്നാണു പൊലീസിനു ലഭിച്ച വിവരം. വിരലടയാളങ്ങള്‍ പരിശോധിച്ചു വരികയാണ്.

കവര്‍ച്ചാ സംഘത്തിലെ ഏഴു പേരില്‍ മൂന്നു പേരെ മാത്രമാണ് കൊരട്ടിയിലെ സിസിടിവിയില്‍ കണ്ടത്. പിന്നെ, ചാലക്കുടി ഹൈസ്കൂള്‍ പരിസരത്തെ സിസിടിവിയിലാണ് ഏഴു പേരെ കണ്ടത്. പണം തട്ടേണ്ട എടിഎം കൗണ്ടറുകള്‍ തിരഞ്ഞെടുക്കാന്‍ നാലു മാസം മുമ്പേ പ്രതികള്‍ മധ്യകേരളത്തില്‍ സഞ്ചരിച്ചതായാണ് പൊലീസിനു ലഭിച്ച സൂചനകള്‍. ഇവര്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെയാണ് മൊബൈല്‍ ടവറുകളിലെ മൊത്തം കോളുകളില്‍ നിന്ന് ചിലത് തിരഞ്ഞെടുത്ത് പരിശോധിക്കുന്നത്. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏഴു പേര്‍ തൃശൂരിലേക്ക് പാസഞ്ചര്‍ ടിക്കറ്റ് എടുത്തതായി റെയില്‍വേ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടെന്നു കരുതുന്ന ആലപ്പി, ധന്‍ബാദ് എക്സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പൊലീസിനു വിവരങ്ങള്‍ കൈമാറിയെങ്കിലും കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടില്ല.