Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിൽ ബിജെപിയുടെ രാഷ്ട്രീയ ഭാവി: കോർ കമ്മിറ്റി യോഗം ഇന്ന്

Manohar Parrikar ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ (ഫയൽചിത്രം)

പനജി∙ ഗോവയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചർച്ച ചെയ്യുന്നതിനുള്ള ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി മനോഹർ പരീക്കർ ഡല്‍ഹിയിൽനിന്ന് ഗോവയിലേക്കു തിരിച്ചെത്തിയതിനു പിന്നാലെയാണ് ബിജെപി യോഗം ചേരുന്നത്. കേന്ദ്രമന്ത്രി ശ്രീപദ് നായിക്, ലോക്സഭാംഗം നരേന്ദ്ര സവയ്കർ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെൻഡുൽക്കര്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

വിദഗ്ധ ചികിൽസയ്ക്കുശേഷം മടങ്ങിയെത്തിയെങ്കിലും പരീക്കർ ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. പരീക്കർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണു കരുതുന്നതെന്ന് ഗോവ ഊർജമന്ത്രി നിലേഷ് കബ്രാൾ പറഞ്ഞു. ഗോവയിലേക്കു തിരികെയെത്തിയത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നാണു കരുതുന്നത്. സുഖമായിരിക്കുന്നെന്നാണ് പരീക്കർ തന്നോടു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എയിംസിൽ (ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ്) തിരികെയെത്തി പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം പരീക്കർ ഗോവയിലെത്തിയാൽ മതിയായിരുന്നെന്ന് ഗോവ മന്ത്രി ഗോവിന്ദ് ഗവാദെ വ്യക്തമാക്കി. തിരികെയെത്തിയ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നു. ഗോവ ഒരു നേതാവിന്റെ അസാന്നിധ്യം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് മനോഹർ പരീക്കറെ ഡൽഹി എയിംസിൽനിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പ്രത്യേക വിമാനത്തില്‍ ഗോവയിലെത്തിയ അദ്ദേഹത്തെ ആംബുലന്‍സിലാണ് വീട്ടിലേക്കു മാറ്റിയത്. വെള്ളിയാഴ്ച എയിംസിൽവച്ച് ബിജെപി നേതാക്കളെയും സഖ്യകക്ഷികളെയും പരീക്കർ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലും സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു നടപടികൾ ആലോചിക്കുന്നതിനായിരുന്നു ഇത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനു യുഎസില്‍ നിന്നടക്കം പരീക്കര്‍ ചികിൽസ തേടിയിരുന്നു. എന്നാൽ ഇന്ത്യയിലേക്കു തിരികെയെത്തി അധികം വൈകാതെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.