Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൺമാന്റെ വെടിയേറ്റ് ജഡ്ജിയുടെ മകനു മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ

gurugram-shooting-6 വെടിവച്ച ശേഷം ഗൺമാൻ മഹിപാൽ ജഡ്ജിയുടെ മകനെ കാറിലേക്ക് കയറ്റാൻ ശ്രമിക്കുന്നു. അടുത്തുള്ള കടയിലെ സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യം.

ഗുരുഗ്രാം ∙ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ജഡ്ജിയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ. ഗുരുഗ്രാം അഡീഷനൽ സെഷൻസ് ജഡ്ജി കിഷൻ കാന്ത് ശർമയുടെ മകൻ ധ്രുവ്(18) ഗൺമാൻ മഹിപാൽ സിങ്ങിന്റെ വെടിയേറ്റ് തലയ്ക്കു ഗുരുതര പരുക്കോടെ ചികിത്സയിലായിരുന്നു. വെടിയേറ്റു ചികിത്സയിലായിരുന്ന ജഡ്ജിയുടെ ഭാര്യ റിതു ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങിയിരുന്നു.

ഗുരുഗ്രാമിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റുകളിലൊന്നായ സെക്ടർ 49ലെ അർക്കാഡിയ മാർക്കറ്റിൽ ശനിയാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം. ഷോപ്പിങ്ങിനായി കാറിൽ പോയ റിതുവിനെയും ധ്രുവിനെയും മഹിപാൽ അനുഗമിക്കുകയായിരുന്നു. ഷോപ്പിങ് കഴിഞ്ഞു മടങ്ങിയെത്തിയ റിതുവുമായി മഹിപാൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് സർവീസ് റിവോൾവർ ഉപയോഗിച്ച് ഇരുവർക്കും നേരെ വെടിയുതിർക്കുകയുമായിരുന്നു.

gurugram-shooting-4 ഗുരുഗ്രാമിലെ തിരക്കേറിയ അർക്കാഡിയ മാർക്കറ്റ്. ജഡ്ജിയുടെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാർ സമീപം.

റിതുവിന്റെ നെഞ്ചിലും ധ്രുവിന്റെ തലയ്ക്കുമാണു വെടിയേറ്റത്. വെടിയേറ്റു വഴിയിൽ കിടന്ന ധ്രുവിനെ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മഹിപാൽ സ്ഥലത്തു നിന്നു കടന്നു. തുടർന്ന് ഇരുവരെയും വെടിവച്ച വിവരം കിഷൻ കാന്ത് ശർമയെ ഫോണിൽ വിളിച്ചറിയിച്ചു.

gurugram-shooting-1 ഗുരുഗ്രാം അഡീഷനൽ സെഷൻസ് ജഡ്ജിയുടെ ഭാര്യയും മകനും വെടിയേറ്റ സ്ഥലം പരിശോധിക്കുന്ന പൊലീസ്.

വെടിവച്ച ശേഷം സുഹൃത്തുകളുടെ അടുത്തേക്കാണ് മഹിപാൽ പോയത്. അവിടെ നിന്ന് സുഹൃത്തുകൾക്കൊപ്പമാണ് ഫരീദാബാദിലേക്കു യാത്ര ചെയ്തത്. ഇതിനിടെ അവർ സഞ്ചരിച്ച വാഹനം രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ചതോടെ സുഹൃത്തുകൾ മഹിപാലിനെ ഉപേക്ഷിച്ചു രക്ഷപെട്ടു. വൈകാതെ ഗുരുഗ്രാം–ഫരീദാബാദ് റോഡിൽനിന്ന് ഇയാൾ പൊലീസിന്റെ പിടിയിലുമായി. 

മഹിപാൽ സിങ്ങിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പരസ്പരവിരുദ്ധമായ മൊഴികളാണു മഹിപാൽ നൽകുന്നതെന്നും സംഭവത്തിനു പിന്നിലെ യഥാർഥ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളും ജോലിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുമാണു കൊലപാതകത്തിനു കാരണമായതെന്നാണു പ്രാഥമിക വിലയിരുത്തൽ. ഹരിയാന സ്വദേശിയായ മഹിപാൽ സിങ് കഴിഞ്ഞ ഏപ്രിൽ മുതൽ കിഷൻ കാന്തിനൊപ്പമാണു ജോലി ചെയ്തിരുന്നത്.

related stories