Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം ആസ്വദിച്ച മോദി ജനങ്ങളുടെ പട്ടിണി മറന്നു: രാഹുൽ

narendra-modi-rahul-gandhi നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ പ്രസംഗങ്ങൾ നടത്തി, ജീവിതം ആസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കാൻ മറന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പട്ടിണി അലട്ടുന്ന രാജ്യങ്ങളുടെ ആഗോളപട്ടികയിൽ നൈജീരിയക്കൊപ്പം ഇന്ത്യ 103 ാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് അധ്യക്ഷന്‍റെ പരിഹാസം. ഇന്‍റർനാഷനൽ ഫുഡ് പോളിസി റിസർച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 119 രാജ്യങ്ങളുടെ പട്ടികയിലാണ് നൈജീരിയക്കൊപ്പം ഇന്ത്യ ഏറെ പിന്നിലായി ഇടം കണ്ടെത്തിയത്.

‘ചൗക്കീദാർ ( കാവൽക്കാരൻ) ധാരാളം പ്രസംഗിച്ചു, എന്നാൽ ജനങ്ങളുടെ വിശപ്പിനെക്കുറിച്ചു മറന്നു. ഏറെ യോഗ ചെയ്ത് ജീവിതം ആസ്വദിച്ചപ്പോൾ ജനങ്ങൾക്ക് ഭക്ഷണം നൽകാൻ മറന്നു’– ഹിന്ദിയിലുള്ള രാഹുലിന്‍റെ ട്വിറ്റർ സന്ദേശം കുറ്റപ്പെടുത്തി. 

വളരെ ഗൗരവപൂർവം കാണേണ്ട ഒരു കാര്യമാണിതെന്നും തങ്ങളുടെ മുൻഗണനക്രമങ്ങൾ മാറ്റാൻ എൻഡിഎ സർക്കാർ തയാറാകണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. മോദിയും സംഘവും ഒരിക്കലും പട്ടിണിയെക്കുറിച്ചു സംസാരിച്ചിട്ടില്ലെന്നും പട്ടിണി അംഗീകരിക്കുക പോലും ചെയ്യാത്തവർ എങ്ങനെയാണ് പട്ടിണി നിർമാർജനത്തിനുള്ള നടപടികൾ സ്വീകരിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. പട്ടിണി നിര്‍മാർജനം ചെയ്ത് എല്ലാവര്‍ക്കും ഭക്ഷണമെത്തിക്കുന്നതിനാകണം സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്നും ഗെഹ്‍ലോട്ട് ട്വിറ്ററിൽ കുറിച്ചു. 

2017ൽ നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ് എന്നിവയുടെ പിന്നലായാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.

related stories