Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധു നോട്ട് നിക്ഷേപം: 10,000 പേർക്ക് നോട്ടിസ്, കൂടുതൽ പേർക്കു പിടിവീഴും

Income Tax

മുംബൈ ∙ 2016ലെ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളിൽ നിക്ഷേപം നടത്തിയ ഏകദേശം 10,000 പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്. അസാധു നോട്ടുകൾ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷമാണ് പ്രാഥമിക ഘട്ടമെന്ന നിലയിൽ ബെനാമി നിയമ പ്രകാരം നോട്ടിസ് അയച്ചത്. നിക്ഷേപിച്ച പണത്തിന്‍റെ സ്രോതസ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർക്കു നോട്ടിസ് ലഭിക്കുമെന്നാണ് സൂചന. പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിനു പുറമെ മറ്റു വകുപ്പുകൾക്കും അന്വേഷണങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. 

വൻ നിക്ഷേപങ്ങൾ നടത്തിയവരിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും നികുതി വെട്ടിച്ചവരെല്ലാം കുടുങ്ങുമെന്നാണ് സൂചന. ബിഗ് ഡാറ്റ അനാലിസിസ് ഉപയോഗിച്ചാണ് വെട്ടിപ്പു കണ്ടെത്തുന്നത്. ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡുകൾ, ക്രെഡിറ്റ് കാർഡ്, പാന്‍ കാർഡ് വിവരങ്ങൾ, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ സമൂഹമാധ്യമങ്ങളിൽ നിന്നുള്ള ഡാറ്റയും വിശകലനം ചെയ്താണ് അന്തിമ നിരീക്ഷണത്തിലെത്തുന്നത്. കണക്കിൽപ്പെടാത്ത പണം നിക്ഷേപിച്ചവർക്കും വരുമാനത്തിനു ചേരാത്ത നിക്ഷേപം നടത്തിയവർക്കുമാണ് പ്രാരംഭ ഘട്ടത്തിൽ നോട്ടിസ് അയച്ചിട്ടുള്ളത്. ബെനാമി ഇടപാട് (തടയല്‍) നിയമം കർശനമാണെന്നും ലംഘിക്കുന്നവർക്ക് തടവുശിക്ഷ വരെ ലഭിക്കാനിടയുണ്ടെന്നും വിദഗ്ധർ പറയുന്നു. 

സ്വന്തം അക്കൗണ്ടിലല്ലാതെ പണം നിക്ഷേപിച്ച നിരവധി കേസുകളുണ്ട്. നോട്ടിസ് ലഭിക്കുന്നതോടെ അക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ച വ്യക്തിയും ബെനാമി നിയമ പ്രകാരം അന്വേഷണത്തിനു വിധേയരാകും. നികുതി വെട്ടിച്ചതായി കരുതുന്നവര്‍ക്ക് ആദായ നികുതി വകുപ്പ് നേരത്തെ നോട്ടിസ് അയച്ചിരുന്നു. സമ്പന്നരുടെ ഡ്രൈവർമാർ, വസ്തുക്കൾ വാങ്ങാനിടയുള്ളവരുടെ ഭാര്യമാരും ബന്ധുക്കളും തുടങ്ങി ബെനാമി വസ്തുക്കൾ കൈവശം വച്ചവർക്കാണ് മിക്ക കേസുകളിലും നോട്ടിസ് അയച്ചിട്ടുള്ളത്. സംശയത്തിന്‍റെ നിഴലിലുള്ള പല പണമിടപാടുകളും ആദായ നികുതി വകുപ്പിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നോട്ടുനിരോധനം മൂലം കഴിഞ്ഞിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പണം നിക്ഷേപം സംബന്ധിച്ച മുൻകാല ഡാറ്റയുമായി താരതമ്യം ചെയ്താണ് തട്ടിപ്പു കണ്ടെത്തുന്നത്. 

related stories