Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസ്വം ബോർഡിന്റെ ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം

sabarimala-kodimaram

പത്തനംതിട്ട∙ ശബരിമല വിഷയം ചർച്ച ചെയ്യുന്നതിനു ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം ഭാരവാഹികൾ അറിയിച്ചു. എന്നാൽ ആവശ്യങ്ങളില്‍‌നിന്ന് പിന്നോട്ടുപോകില്ല. ഇക്കാര്യം യോഗത്തിൽ അറിയിക്കും. സർക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം മനസ്സിലാകുന്നുണ്ടെന്നും പന്തളം കൊട്ടാരം ഭാരവാഹികൾ വ്യക്തമാക്കി.

ആവശ്യം അംഗീകരിച്ചാൽ മാത്രം തുടർചര്‍ച്ച നടത്തിയാൽ മതിയെന്ന നിലപാടിലാണ് ഭാരവാഹികൾ. ചർച്ചയിൽ പങ്കെടുക്കുന്നതു തെറ്റിദ്ധാരണ മാറ്റുന്നതിനാണെന്നും ഇവർ നിലപാടെടുത്തു. അതേസമയം സുപ്രീകോടതി വിധിക്കെതിരെ നടക്കുന്ന നാമജപയാത്രകള്‍ തുടരാനാണു തീരുമാനം. ചൊവ്വാഴ്ച പന്തളത്തുനിന്ന് ആയിരം ഇരുചക്ര വാഹനങ്ങളിൽ നാമജപ യാത്ര സംഘടിപ്പിക്കും. 

യുവതീപ്രവേശമാണ് ചർച്ചാ വിഷയമെങ്കിൽ ചർച്ചയ്ക്കില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതിസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പന്തളം കൊട്ടാരം, തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമ സഭ എന്നിവർക്കാണ് ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിലേക്കു ക്ഷണമുള്ളത്. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണു യോഗത്തിന്റെ അജൻഡയായി വച്ചിട്ടുള്ളത്. തിരുവനന്തപുരത്തു വച്ചാണു ചർച്ച നടക്കുക.

അതേസമയം യുവതീപ്രവേശ വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ ശബരിമല കർമസമിതി തീരുമാനിച്ചു. എരുമേലിയിലും നിലയ്ക്കലിലും 17ന് അമ്മമാരുടെ ഉപവാസം സംഘടിപ്പിക്കും. കാസർകോട് മുതൽ കോട്ടയം വരെയുള്ള പ്രതിഷേധക്കാർ എരുമേലിയിലും തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ളവർ നിലയ്ക്കലിലും ഉപവാസത്തിനെത്തും. പന്തളം രാജകുടുംബാംഗമായ പൂഞ്ഞാർ കൊട്ടാരത്തിലെ മംഗളാഭായി തമ്പുരാട്ടി എരുമേലിയിലെ ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയാണു നിലയ്ക്കലിലെ ഉദ്ഘാടക.