Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണർവോടെ വിപണിയിൽ ക്ലോസിങ്; രൂപ നില മെച്ചപ്പെടുത്തിയില്ല

sensex-mobile

കൊച്ചി ∙ വരും ദിവസങ്ങളിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷ നൽകി ഓഹരി വിപണിയിൽ പ്രതീക്ഷിച്ചതിലും മികച്ച ക്ലോസിങ്. നിഫ്റ്റി 10512.50 ലും സെൻസെക്സ് 34,865.10ലും ക്ലോസ് ചെയ്തു. ഏഷ്യൻ മാർക്കറ്റിലുണ്ടായ വിൽപന പ്രവണതയും യൂറോപ്യൻ മാർക്കറ്റിൽ പ്രകടമായ സംയുക്ത പ്രവണതയും നിഫ്റ്റിയെയും ബിഎസ്ഇയെയും കാര്യമായി ബാധിച്ചില്ല എന്നു വേണം കരുതാൻ. നിഫ്റ്റി 10500 ന് മുകളിൽ ക്ലോസ് ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വ്യാപാരം 10600 നു മുകളിലെത്തുമെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. വിപണിയിൽ വ്യാപാരം ആരംഭിക്കുമ്പോൾ നേരിയ ഉയർച്ച കാണിച്ച് തുടർ മണിക്കൂറുകളിൽ വിൽപന സ്വഭാവം പ്രകടമാക്കിയെങ്കിലും ഉച്ചയ്ക്കു ശേഷം മികച്ച ഉണർവാണ് പ്രകടമാക്കിയത്. 

നിഫ്റ്റിയിൽ ഫാർമ, ഐടി ഷെയറുകൾ മികച്ച പ്രവണത കാണിച്ചപ്പോൾ ഓട്ടോ, മെറ്റൽ സെക്ടറുകൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. പ്രൈവറ്റ് ബാങ്കുകളും നെഗറ്റീവായാണ് ക്ലോസ് ചെയ്തത്. 1208 ഷെയറുകൾ പോസറ്റീവ് ആയും 552 ഷയറുകൾ നെഗറ്റീവായും ഇന്ന് ക്ലോസ് ചെയ്തു. ഡോക്ടർ റെഡ്ഡി, സിപ്ല, ഇൻഫോസിസ് സ്റ്റോക്കുകൾ ഇന്ന് ഉയർന്നു നിന്നപ്പോൾ ഹിന്ദുസ്ഥാൻ പെട്രോൾ, ബജാജ് ഫിൻ സെർവ്, ഹിന്ദുസ്ഥാൻ ലിവർ തുടങ്ങിയ സ്റ്റോക്കുകൾ കാര്യമായ നഷ്ടമുണ്ടാക്കി. 

ക്രൂഡോയിൽ വിലയിലുണ്ടായ വർധന ഒരു പരിധി വരെ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യൻ കറൻസി നില നേരിയ രീതിയിൽ മെച്ചപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതു വച്ച് മൂല്യത്തിൽ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ഇന്ന് ഇന്ത്യൻ രൂപ 74.07 വരെ എത്തിയിരുന്നെങ്കിലും അൽപം നില മെച്ചപ്പെടുത്തി 73.79ലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.