Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി പോര് മഞ്ചേശ്വരത്ത്; സുരേന്ദ്രന്‍ താമര വിരിയിക്കുമോ?, ചര്‍ച്ചകള്‍ സജീവം

ഉല്ലാസ് ഇലങ്കത്ത്
K-Surendran 2016ൽ വോട്ടു ചെയ്തതിനു ശേഷം പുറത്തുവരുന്ന കെ.സുരേന്ദ്രൻ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ യാത്രകളെല്ലാം ആരംഭിക്കുന്നത് കാസർകോട് മഞ്ചേശ്വരത്തുനിന്നു തിരുവനന്തപുരത്തേക്കാണെങ്കിലും വരും മാസങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയം യാത്രാ ഇടവേളകളില്ലാതെ മഞ്ചേശ്വരത്തു കേന്ദ്രീകരിക്കും. മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുൽ റസാഖ് അന്തരിച്ചതോടെ, ഉപതിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന മഞ്ചേശ്വരത്തേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കേരള രാഷ്ട്രീയം. പാര്‍ട്ടികളില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും ആരംഭിച്ചു.

ബിജെപിയുടെ സ്വാധീന മണ്ഡലമെന്നതാണു മഞ്ചേശ്വരത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്‌ലിം ലീഗ് നേതാവ് അബ്ദുൽ റസാഖ് ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇതിനെതിരെ സുരേന്ദ്രന്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഉപതിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാനാണു സാധ്യത. തിരുവനന്തപുരത്തെ നേമത്ത് ഒ.രാജഗോപാലിലൂടെ വിരിഞ്ഞ താമര മഞ്ചേശ്വരത്തും വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശബരിമല വിഷയത്തിലെ ജനവികാരം വോട്ടാക്കി മാറ്റാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

ഒരു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ 6 മാസത്തിനുള്ളില്‍ നടത്തണമെന്നാണു ചട്ടം. സ്പീക്കര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു കൈമാറണം. അവരതു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയശേഷം അവിടെ നിന്നാണു തീരുമാനം വരേണ്ടത്. 2019 ഏപ്രില്‍ അവസാനിക്കുന്നതിനു മുന്‍പ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നിലവിലെ സാധ്യതയനുസരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമാകുന്ന ഘട്ടത്തിലായിരിക്കും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 2,08,145 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്. ഇതില്‍ 1,58,584 വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി. പോളിങ്– 76.19%. മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിയായ പി.ബി.അബ്ദുൽ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ 56,781 വോട്ടു നേടി. സിപിഎം സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ട് ലഭിച്ചു. അതിനു മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ അബ്ദുൽ റസാഖ് 5828 വോട്ടിനാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 

2006ല തിരഞ്ഞെടുപ്പില്‍ സി.എച്ച്.കുഞ്ഞമ്പുവിലൂടെ മണ്ഡലം സിപിഎം തിരിച്ചുപിടിച്ചു. 4829 വോട്ടിനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി നാരായണ ഭട്ടിനെ കുഞ്ഞമ്പു പരാജയപ്പെടുത്തിയത്. ലീഗ് സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്ദുള്ള മൂന്നാം സ്ഥാനത്തേക്കു പോയി. 2001ല്‍ ചെര്‍ക്കളം അബ്ദുള്ള 13,188 വോട്ടിനാണ് ജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സിപിഎമ്മിന്റെ എം.രമണ റായി മൂന്നാം സ്ഥാനത്തേക്കും  പോയി.

1987, 1991, 1996 വര്‍ഷങ്ങളില്‍ ചെര്‍ക്കളത്തിലൂടെ മുസ്‌ലിം ലീഗ് മണ്ഡലം പിടിച്ചെടുത്തു. അതിനു മുന്‍പ് 1982ല്‍ സിപിഐയുടെ സുബ്ബറാവു 153 വോട്ടിനു മണ്ഡലത്തില്‍ വിജയിച്ചതാണ് എല്‍ഡിഎഫിന്റെ നേട്ടം.

തിരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ മുസ്‌ലിം ലീഗിന്റെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. ബിജെപിക്ക് സിപിഎമ്മിനൊപ്പമോ അതില്‍കൂടുതലോ സ്വാധീനമുള്ള മണ്ഡലം. 1987 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിയാണു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2011നു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഈ കണക്കുകളാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍. കെ.സുരേന്ദ്രനു മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും വോട്ടായി മാറ്റാന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.

മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നതാണു സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളി. ഉപതിരഞ്ഞെടുപ്പിലെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ ശക്തമായ പോരാട്ടത്തിനാകും എല്‍ഡിഎഫ് തയാറെടുക്കുന്നത്. മണ്ഡലം നിലനിര്‍ത്തേണ്ട ബാധ്യത ഉള്ളതിനാല്‍ ലീഗും കരുതലോടെയാണ് നീങ്ങുന്നത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വരുംദിവസങ്ങളില്‍ തുടക്കമാകും.

related stories