Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറച്ചു സംസാരം, കൂടുതൽ പ്രവൃത്തി; ബ്രിട്ടനെ വെട്ടിലാക്കി മനുഷ്യക്കടത്ത്

Human Trafficking പ്രതീകാത്മക ചിത്രം

ലണ്ടൻ ∙ ഹരംപിടിപ്പിക്കുന്ന സംഗീതം, ഡാൻസ് പാർട്ടികൾ, ലഹരിമരുന്ന്, സെക്സ്... ലോകത്തു മിക്കയിടത്തും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് പരിചിതമായ ചില ഘടകങ്ങളാണിവ. എന്നാൽ കുറച്ചുനാളുകളായി ബ്രിട്ടനിലെ ഹോട്ടൽ ഉടമകളെ അസ്വസ്ഥരാക്കുന്നത് ഇവയ്ക്കുമപ്പുറത്തുള്ള ചില ഇരുണ്ട സൂചനകളാണ്. ഉച്ചസ്ഥായിയിലുള്ള പാട്ടും ഉപയോഗിച്ച ഗർഭനിരോധന ഉറകളും കണക്കില്ലാതെ ഒഴുകുന്ന മദ്യവും മറ്റു ചിലതിന്റെ അടയാളങ്ങളും മറയുമായി അവർ മനസ്സിലാക്കുന്നു. ഒപ്പം, ചെക്കിൻ ചെയ്യേണ്ട സമയത്തിനു തൊട്ടുമുമ്പുള്ള മുറി ബുക്കിങ്ങും ലഗേജുകളില്ലാതെ കൈയും വീശി വരുന്ന അതിഥികളും ബിൽതുക കറൻസിനോട്ടായിത്തന്നെ നൽകുന്നതും അതിനൊപ്പം ചേർത്തുവായിക്കാം. ഇതെല്ലാം കൈചൂണ്ടുന്നത് വളരെ അപകടകരമായ ഒന്നിലേക്കാണ് - മനുഷ്യക്കടത്ത്. ആധുനികകാലത്തെ അടിമത്തം എന്നുതന്നെ വിളിക്കാവുന്ന വിപത്ത്. മനുഷ്യക്കടത്തുകാർക്ക് ഇരകളെ വിൽക്കാനും ലൈംഗിക ചൂഷണമുൾപ്പെടെയുള്ള അതിക്രമങ്ങൾക്കു വിധേയമാക്കാനുമുള്ള ഏറ്റവും സുരക്ഷിതമായ മറയായി മാറിയിരിക്കുന്നു ഇന്നു ഹോട്ടൽ മുറികൾ..

ആധുനിക അടിമത്തം ഹോസ്പിറ്റാലിറ്റി വ്യവസായത്തിനു വൻ ഭീഷണിയാണ്. ഹോട്ടൽ മുറികളിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നവരിൽ തുടങ്ങി ആഗോള വിതരണ ശൃംഖലകളുടെ കണ്ണികളാകേണ്ടി വരുന്ന നിർബന്ധിത തൊഴിലാളികളും ചൂഷണത്തിനും അപമാനത്തിനും വിധേയരായി ജോലി ചെയ്യേണ്ടി വരുന്നവരുംവരെ ഇതിന് ഇരകളാണ്. എന്നാൽ ജീവനക്കാരുടെ പശ്ചാത്തലത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ ‘അടിമകളെ’ ജോലികൾക്ക് നിയോഗിക്കുന്ന ഹോട്ടൽ ഉടമസ്ഥർ തന്നെയാണ് ഇതിന്റെ ഉത്തരവാദികൾ എന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരുടെ തന്നെ അഭിപ്രായം.

ബ്രിട്ടനിലെ ഭൂരിഭാഗം ഹോട്ടലുകളും നിയമന ഏജൻസികളുടെ നിയന്ത്രണത്തിലാണെന്നുള്ളതാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വോക്ക് ഫ്രീ ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം മൂന്നര ദശലക്ഷത്തോളം ആളുകളാണ് ഒരു രാജ്യത്ത് ഹോട്ടൽ രംഗത്ത് ജോലി തേടുന്നത്. പക്ഷേ ഇതിൽ ഭൂരിഭാഗവും നൈപുണ്യമില്ലാത്തവരും കുടിയേറ്റക്കാരും ആണെന്നുള്ളതാണ് യാഥാർഥ്യം. കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ ജോലി ചെയ്യിക്കാമെന്നതാണ് ഹോട്ടലുകാർക്ക് ഇവരിലുള്ള ആകർഷണം. എന്നാൽ ഇതിലൂടെ വർധിക്കുന്ന കുറ്റകൃത്യങ്ങളുടെ അളവ് വിചാരിക്കുന്നതിലും അപ്പുറമാണ്.

കുറച്ചു സംസാരം, കൂടുതൽ പ്രവൃത്തി

ബ്രിട്ടനിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയാണ് ഹോട്ടൽ വ്യവസായം. 2021 ഓടെ അഞ്ച് ലക്ഷത്തിലധികം ജോലി സാധ്യതകൾ ഈ മേഖലയിൽ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യൂറോപ്യൻ യൂണിയന്റെ കണക്കുകൾ‌ പ്രകാരം പ്രതിവർഷം ഒരു ലക്ഷത്തോളം ആളുകൾ ഹോട്ടലുകളിൽ ചൂഷണത്തിന് ഇരയാകുന്നുണ്ട്. സംഘടിതവും ആസൂത്രിതവുമായ നീക്കത്തിലൂടെയാണ് ഈ മേഖലയിലേക്കുള്ള മനുഷ്യക്കടത്തുകാരുടെ കടന്നുകയറ്റം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കടന്നുകയറ്റങ്ങൾ നിയന്ത്രിക്കാൻ 2016–ൽ ശിവ ഫൗണ്ടേഷൻസ് മനുഷ്യക്കടത്ത് വിരുദ്ധ സംഘങ്ങൾ രൂപീകരിച്ചത്. നൈതികമായ രീതിയിലുള്ള നിയമനങ്ങൾ നടത്തുക, ലൈംഗിക ചൂഷണങ്ങൾ തടയുക തുടങ്ങിയവയും ഈ സംഘത്തിന്റെ ലക്ഷ്യങ്ങളാണ്. മനുഷ്യക്കടത്തുകാരെ തിരിച്ചറിയുന്നതിന് വർഷം തോറും പാചകക്കാർ മുതൽ റൂം ബോയ് വരെയുള്ള ജീവനക്കാർക്ക് വിദഗ്ധ പരിശീലമാണ് ഈ സംഘത്തിന്റെ നേതൃത്വത്തിൽ നൽകുന്നത്. മനുഷ്യക്കടത്തുകാരുടെ ആംഗ്യങ്ങൾ മനസ്സിലാക്കുന്നതു മുതൽ മുറികളിൽ അമിത മദ്യം കണ്ടെത്തുന്നതിനു വരെയുള്ള വൈദഗ്ധ്യം ഇവർ നേടിയെടുക്കുന്നു.

അടിമത്തത്തിന്റെ നിലനിൽപ്പ്

പലപ്പോഴും ഉത്തരവാദിത്തപ്പെട്ടവരുടെ വീഴ്ച തന്നെയാണ് ഇതിനു കാരണം. നിയമന ഏജൻസികളുടെ മറവിൽ നിൽക്കാതെ ഓരോ ജീവനക്കാരനുമായും നേരിട്ടു ബന്ധം പുലർത്താൻ സാധിച്ചാൽ മാത്രമേ ഇത്തരം അതിക്രമങ്ങൾക്ക് അറുതി വരുത്താൻ സാധിക്കൂവെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. നിയമനിർമാണവും ഇതിൽ നിർണ്ണായകമാണ്.  

related stories