Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികൻ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

kuriakose-kattuthara ഫാദർ കുര്യാക്കോസ് കാട്ടുതറ

ആലപ്പുഴ ∙ ജലന്തർ രൂപതയിലെ വൈദികനെ ജലന്തറിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പൂച്ചാക്കൽ പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയാണു മരിച്ചത്. ദൗസയിലെ പള്ളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Read In English: Kerala priest who backed nun in bishop rape case found dead

മരണം ദുരൂഹമാണെന്നും പൊലീസ് അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മേയിൽ ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായതിനു ശേഷമായിരുന്നു സ്ഥലംമാറ്റം.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് ഫാ. കുര്യാക്കോസ് സഹായങ്ങൾ നൽകിയിരുന്നു. ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴിയും നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്തറിൽ ചോദ്യം ചെയ്തിരുന്നു. ഒൻപതു വൈദികരുടെ മൊഴിയാണ് അന്ന് പൊലീസ് എടുത്തത്. ഇതേത്തുടർന്ന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസ സ്ഥലത്തിനുനേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.

മരണത്തിൽ ദുരൂഹത; പരാതി നൽകുമെന്ന് സഹോദരൻ

കൊച്ചി ∙ ജലന്തറിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസിൽ മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയിലിന്റെ മരണത്തിൽ സംശയമുണ്ടെന്ന് സഹോദരൻ ജോണി കാട്ടുതറ മനോരമ ഓൺലൈനോടു പറഞ്ഞു. പത്തുമണിയോടെയാണ് തന്നെ ജലന്തറിലുള്ള ബന്ധു മരണവിവരം വിളിച്ചറിയിച്ചത്. നേരത്തേ, വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർത്ത‌ത് ഉൾപ്പടെയുള്ള ആക്രമണത്തിന് അദ്ദേഹം ഇരയായിരുന്നു. ബിഷപ്പിനെതിരെ പൊലീസിൽ മൊഴി നൽകുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിനു നേരത്തെ മുതൽ തന്നെ ഭീഷണിയുണ്ടായിരുന്നു. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെടുമെന്നും അതിനുള്ള നീക്കം നടത്തിയെന്നും സഹോദരൻ ജോണി കാട്ടുതറയിൽ വെളിപ്പെടുത്തി.

കന്യാസ്ത്രീയുടെ പരാതി സഭയ്ക്കുള്ളിൽ ഒതുക്കിത്തീർക്കാൻ ബിഷപ്പ് ശ്രമിച്ചെന്ന ആരോപണം നേരത്തെ ഫാ. കുര്യാക്കോസ് കാട്ടുതറ ഉന്നയിച്ചിരുന്നു. നിരവധി കന്യാസ്ത്രീകൾ നേരത്തെ കരഞ്ഞുകൊണ്ട് ബിഷപ്പിനെതിരെ പരാതിയുമായി തന്നെ സമീപിച്ചിരുന്നെന്നും ബിഷപ്പിനെതിരെ സംസാരിക്കാൻ കന്യാസ്ത്രീമാർ ഭയപ്പെട്ടിരുന്നെന്നും പരാതി പറഞ്ഞവരെ ബിഷപ്പ് തേജോവധം ചെയ്തെന്നും ബിഷപ്പ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. കന്യാസ്ത്രീമാരുടെ വൊക്കേഷണൽ ട്രെയ്നർ കൂടിയായിരുന്നു ഫാ. കുര്യാക്കോസ് കാട്ടുതറ.

‘മൃതദേഹം കേരളത്തിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തണം’

കൊച്ചി ∙ ജലന്തറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവന്ന് സർക്കാർ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അപേക്ഷ മുഖ്യമന്ത്രിക്ക് അയച്ചതായി കൗൺസിൽ കൺവീനർ അഗസ്റ്റിൻ വട്ടോലി അറിയിച്ചു. സമാനമായ അവസ്ഥ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കും അവരെ പിന്തുണച്ചവർക്കും ബന്ധുക്കൾക്കും ഉണ്ടാകാൻ ഇടയുള്ളതിനാൽ വേണ്ട സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജലന്തർ രൂപതയിലെ ഇടവക വികാരിയും റെക്ടറുമായിരുന്ന ഫാ. കുര്യാക്കോസ് കാട്ടുതറ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയതിനെ തുടർന്ന് അദ്ദേഹത്തെ തരം താഴ്ത്തി റെസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി രൂപതയിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാർ തല്ലിത്തകർത്തെന്നും ആളെ വിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച സംശയം തീർക്കുന്നതിനായി മൃതദേഹം പൊലീസ് അകമ്പടിയിൽ കേരളത്തിലെത്തിക്കണമെന്നും പരിശോധനകൾ നടത്തണമെന്നും ഫാ. അഗസ്റ്റിൻ വട്ടോലി ആവശ്യപ്പെട്ടു.  

related stories