Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിയിൽ നേരിയ ഉയർച്ചയോടെ തുടക്കം; രൂപയ്ക്കും നേരിയ മൂല്യവർധന

sensex

കൊച്ചി ∙ നേരിയ ഉണർവോടെ ഓപ്പൺ ചെയ്തെങ്കിലും കാര്യമായ വർധന പ്രകടമാക്കാൻ വിപണിക്കായിട്ടില്ല. കഴിഞ്ഞയാഴ്ച 34,315 ന് ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ 34689.39 പോയിന്റ് വരെ എത്തിയെങ്കിലും തുടർന്ന് നെഗറ്റീവ് പ്രവണതയാണ് കാണിക്കുന്നത്. ഒരുവേള 34748.69 വരെ ഉയർച്ച കാണിച്ചെങ്കിലും തുടർന്ന് ഇടിവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞയാഴ്ച 10303.55 ൽ ക്ലോസ് ചെയ്ത നിഫ്റ്റി, വ്യാപാരം ആരംഭിക്കുമ്പോൾ 10405.85 വരെ എത്തിയെങ്കിലും പിന്നീടു നില മെച്ചപ്പെടുത്താനായില്ല. ഓപ്പണിങ്ങിനെ അപേക്ഷിച്ച് നേരിയ വർധനവിൽ മാത്രമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

നിഫ്റ്റി ഇന്ന് 10300 നു മുകളിൽത്തന്നെ വ്യാപാരം തുടർന്നാൽ വരും ദിവസങ്ങളിലും പോസിറ്റീവ് പ്രവണത പ്രതീക്ഷിക്കാമെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു പറയുന്നു. ഇതിന്റെ റെസിസ്റ്റൻസ് ലവൽ 10400–10435 ആയിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. എന്നാൽ 10300 നു താഴെ പോയാൽ തുടർന്ന് ഇടിവ് പ്രവണതയ്ക്കായിരിക്കും സാധ്യത. ഏഷ്യൻ മാർക്കറ്റിൽ നിലവിലുള്ള പോസിറ്റീവ് പ്രവണത ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കും. യൂറോപ്പ്, യുഎസ് വിപണിയിൽ സമ്മിശ്ര പ്രവണതയാണുള്ളത്. ഇത് ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കു വലിയ പ്രതീക്ഷ നൽകുന്നില്ല. 

ഫിനാൻസ് സർവീസസ് ഇൻഡെക്സ്, ബാങ്ക് ഇൻഡെക്സ്, ഫാർമ ഇൻഡെക്സ് തുടങ്ങിയവ ഇപ്പോഴും പോസിറ്റീവ് പ്രവണതയിലാണുള്ളത്. എന്നാൽ മീഡിയ, മെറ്റൽ, ഐടി ഇൻഡെക്സുകൾ നില മെച്ചപ്പെടുത്താനാവാത്ത സ്ഥിതിയിലാണുള്ളത്. ഇന്ത്യാബുൾ ഹൗസിങ് ഫിനാൻസ്, ബജാജ്, ഐസിഐസിഐ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ പോസിറ്റീവ് പ്രവണതയിലും ബിപിസിഎൽ, അൾട്രാ ടെക് സിമന്റ്, യെസ്ബാങ്ക്, ഐഒസി ഓഹരികൾ നെഗറ്റീവ് പ്രവണതയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വിപണിയിൽ 651 ഓഹരികൾ മാത്രമാണ് കുറച്ചെങ്കിലും പോസിറ്റീവ് പ്രവണതയിലുള്ളത്. 985 ഓഹരികളും നെഗറ്റീവ് പ്രവണതയാണ് കാണിക്കുന്നത്. 

അതേസമയം, ഇന്ത്യൻ രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി ഉള്ളത്. കഴിഞ്ഞ ദിവസം 73.32 ൽ ക്ലോസ് ചെയ്ത ഇന്ത്യൻ രൂപ ഇടയ്ക്ക് 73.39 വരെ എത്തിയെങ്കിലും നിലവിൽ 73.23 നാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിൽ വിലയിൽ വർധന രേഖപ്പെടുത്തി.