Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ കോൺഗ്രസിലേത് ആശയക്കുഴപ്പമല്ല, വ്യത്യസ്ത അഭിപ്രായം: ഖുശ്ബു

khushboo

ഇൻഡോർ∙ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിന്റെ കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലെന്ന് നടിയും പാർട്ടി വക്താവുമായ ഖുശ്ബു. ഇരു നേതൃത്വങ്ങൾക്കും വ്യത്യസ്ത അഭിപ്രായമാണുള്ളതെങ്കിലും ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല. ഞങ്ങളെ സംബന്ധിച്ച്, സുപ്രീംകോടതിയുടെ പ്രായഭേദമന്യേ യുവതികളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ളത് വ്യത്യസ്ത അഭിപ്രായമാണെന്നും അറിയാം. നൂറ്റാണ്ടുകൾ നീണ്ടുനിന്നിരുന്ന ആചാരമാണ് കോടതി വിലക്കിയിരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

കോൺഗ്രസ് ലിംഗവിവേചനത്തിൽ വിശ്വസിക്കുന്നില്ല. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കുന്നതിന് കോൺഗ്രസ് എതിരാണ്. ആചാരങ്ങളും വിശ്വാസങ്ങളും ഓരോ മതത്തിനു വ്യത്യസ്തമാണെന്ന് ഞങ്ങൾ അറിയാവുന്നതാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ളവർ വർഷങ്ങളായുള്ള ആചാരത്തെയാണു പിന്തുണയ്ക്കുന്നത്. ശബരിമല വിഷയത്തിലെ പരസ്പരമുള്ള കാഴ്ചപ്പാടുകൾ മനസിലാക്കാൻ സമയമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

യുവതീപ്രവേശത്തിന്റെ മറവിൽ വർഗീയ ധ്രുവീകരണത്തിനാണു ബിജെപി ശ്രമിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വന്തം സ്ഥലം കണ്ടെത്താനും അവർ നോക്കുന്നു. എന്നാൽ ബിജെപിയുടെ മുന്നിൽ ജനങ്ങൾ വാതിലടച്ചിരിക്കുകയാണെന്നതാണു യാഥാർഥ്യമെന്നും ഖുശ്ബു പറഞ്ഞു. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അവർ.