Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്തളം സ്വദേശിയുടെ മരണം ദുരൂഹമെന്ന് ബിജെപി; പത്തനംതിട്ടയിൽ വെള്ളിയാഴ്ച ഹർത്താൽ

Pathanamthitta Representational image

പത്തനംതിട്ട∙ നിലയ്ക്കലിൽ ശബരിമല തീർഥാടകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ബിജെപി ജില്ലാ കമ്മിറ്റി പത്തനംതിട്ട ജില്ലയിൽ ഹർത്താലിന് ആഹ്വാനം നൽകി. ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും പിൻതുണ പ്രഖ്യാപിച്ചു. പരുമല തീർഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

തുലാമാസപൂജയ്ക്ക് ശബരിമല ദർശനത്തിനെത്തി കാണാതായ തീർഥാടകൻ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസ(60)നെ പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അപകടമരണമാകാമെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു.

എല്ലാ മലയാള മാസവും 1ന് സന്നിധാനത്ത് എത്തി ദർശനം നടത്താറുള്ള ശിവദാസൻ 18ന് രാവിലെയാണ് ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നു പുറപ്പട്ടത്. വീട്ടിൽ തിരിച്ചെത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ 21ന് പമ്പ, നിലയ്ക്കൽ, പെരുനാട് പൊലീസ് സ്റ്റേഷനുകളിലും 24ന് പന്തളം പൊലീസിലും പരാതി നൽകി. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കമ്പകത്തുംവളവിനു സമീപം വനത്തിൽനിന്നു മൃതദേഹം കണ്ടെത്തിയത്. യുവതീപ്രവേശനത്തിനെതിരെ പന്തളത്തു നടന്ന നാമജപയാത്രയിൽ ശിവദാസൻ പങ്കെടുത്തിരുന്നു.

ആരോപണം അടിസ്ഥാന രഹിതം: ജില്ലാ പൊലീസ് മേധാവി

പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. 16,17 തീയതികളിലാണ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ഉണ്ടായത്. ശിവദാസൻ 18നാണ് വീട്ടിൽനിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ഇയാൾ ദർശനം കഴിഞ്ഞ് ഇറങ്ങി അക്കാര്യം ഫോണിലൂടെ വീട്ടിലറിയിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് കാണാതാകുന്നത്. 25ന് ആണ് പന്തളം സ്റ്റേഷനിൽ കാണാതായെന്ന പരാതി ലഭിക്കുന്നത്. മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം ളാഹയിലാണ്. ലാത്തിച്ചാർജ് നടന്നത് നിലയ്ക്കലും. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും ടി. നാരായണൻ പറഞ്ഞു.

മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: ശ്രീധരൻ പിള്ള

ശിവദാസ് എന്ന അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ചു കൊന്നു എന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നു ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കഴിഞ്ഞ 17 മുതൽ കാണാതായ ശിവദാസന്റെ മൃതദേഹം ഇന്നലെ പ്ലാപ്പള്ളി വനത്തിൽ കണ്ടെത്തുകയായിരുന്നു. അയ്യപ്പന്റെ ചിത്രം വെച്ച് സൈക്കിളിൽ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണു നിരപരാധിയായ ശിവദാസനെ പിണറായിയുടെ പൊലീസ് അക്രമിച്ചതും അടിച്ചു കൊന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശിവദാസിനെ കാണാതായ നാൾ മുതൽ കേസ് ജുഡിഷ്യൽ അന്വേഷണത്തിന് വിടണമെന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

related stories