Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ചോദിച്ചാൽ മാത്രം നിലപാട് പറയും, അക്രമങ്ങൾ സുപ്രീംകോടതിയെ അറിയിക്കും'

a-padmakumar-sabarimala

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി ചോദിച്ചാൽ മാത്രം നിലപാട് അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ശബരിമലയിലെ പ്രതിഷേധങ്ങളും അക്രമങ്ങളും സുപ്രീംകോടതിയെ അറിയിക്കും. കോടതിയിൽ സ്വീകരിക്കേണ്ട സമീപനത്തെപ്പറ്റി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ എം. രാജഗോപാലൻ നായരോടു നിയമോപദേശം തേടാനും ബോർഡ് യോഗം തീരുമാനിച്ചു.

13ാം തീയതി യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി പരിഗണിക്കുമ്പോൾ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകും. സാഹചര്യമനുസരിച്ചു നിലപാട് എടുക്കാനാണ് തീരുമാനം. കോടതിയിൽ നിലപാടു പറയേണ്ട സാഹചര്യം വന്നാൽ മാത്രാകും അഭിപ്രായം പറയുക.

ആര്യാമ സുന്ദരവുമായി ചർച്ച നടത്താനും വിവരങ്ങൾ കൈമാറാനും ദേവസ്വം കമ്മിഷണറും ഹൈക്കോടതിയിലേ സ്റ്റാൻഡിങ് കൗൺസിലർമാരും ഡൽഹിക്ക‌് പോകും. വിദഗ്ധാഭിപ്രായം രൂപീകരിക്കാനാണ് രാജഗോപാലൻ നായരെ ചുമതലപ്പെടുത്തയത്. തുലാമാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനുമുണ്ടായ അക്രമങ്ങളും അതിന്റെ പിന്നിലെ സാന്നിധ്യവും സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്യും.