Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈഎഫ്ഐ പട്ടിക തള്ളി; ഭാരവാഹികളായത് സിപിഎം നിർദേശിച്ചവർ

DYFI flag

കോഴിക്കോട് ∙ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ്.‌സതീഷിനെ തിരഞ്ഞെടുത്തു. എ.എ.റഹീം സെക്രട്ടറി. എസ്.കെ.സജീഷ് ട്രഷറർ. നിലവിലെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് 52 പേരെ ഒഴിവാക്കി.

നിലവിലുള്ള നേതൃത്വം തയാറാക്കിയ പട്ടിക സിപിഎം സംസ്ഥാന നേതൃത്വം പൂർണമായും തള്ളി. പകരം പാർട്ടി നിർദേശിച്ച പട്ടികയിലുള്ളവരെയാണു ഭാരവാഹികളായി തിരഞ്ഞെടുത്തത്. പ്രായപരിധിയുടെ പേരിൽ ആദ്യപട്ടികയിൽ നിന്ന് ഒഴിവാക്കിയ എസ്.സതീഷ്, എ.എ.റഹീം എന്നിവരെ ഭാരവാഹികളാക്കാൻ സിപിഎം നിർദേശിച്ചതോടെ, നേതൃത്വത്തിന്റെ പ്രായപരിധി 37 ആക്കണമെന്ന നിർദേശവും നടപ്പായില്ല.

സ്ഥാനമൊഴിയുന്ന ഭാരവാഹികൾ പുതിയ സമ്മേളനത്തിൽ പാനൽ അവതരിപ്പിക്കുന്നതാണു രീതി. ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറി മനു സി.പുളിക്കൻ, വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണു ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം തയാറാക്കിയത്. എന്നാൽ ഈ പട്ടികയ്ക്കെതിരെ സംഘടനയിലെ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തിയതോടെയാണു സിപിഎം ഇടപെട്ട് പട്ടിക റദ്ദാക്കിയത്.

ഭാരവാഹികളെ നിശ്ചയിക്കാനുള്ള ഫ്രാക്‌ഷൻ യോഗത്തിൽ ഏകപക്ഷീയമായാണു പട്ടിക തയാറാക്കിയതെന്നും മുതിർന്ന നേതാക്കളെ ഒഴിവാക്കിയെന്നുമായിരുന്നു പരാതി. ഭാരവാഹിപ്പട്ടിക തയറാക്കാൻ ചേർന്ന ഫ്രാക്‌ഷൻ യോഗത്തിൽ പല പേരുകളും ഉയർന്നെങ്കിലും ഒരു സംസ്ഥാന ഭാരവാഹിക്കു താൽപര്യമുള്ള ആളുകളെ മാത്രം പാനലിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും പരാതിയുയർന്നു. സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചു പരിചയമില്ലാത്തവരായിരുന്നു പാനലിൽ ഭൂരിഭാഗവും. ഏറെക്കാലമായി സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ചിലരെ പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി.

പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെ പുതിയ പട്ടിക തയാറാക്കാൻ സിപിഎം നിർദേശിക്കുകയായിരുന്നു. എസ്.സതീഷ്, എ.എ.റഹീം. എസ്.കെ.സജീഷ് എന്നിവരുടെ പേരും സിപിഎം തന്നെ നിർദേശിച്ചു. ഇവരിൽ 2 പേർ നിശ്ചിത പ്രായപരിധി പിന്നിട്ടവരാണെന്നു നിലവിലുള്ള നേതൃത്വം ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയെങ്കിൽ ഭാരവാഹികൾക്കു പ്രായപരിധി കർശനമാക്കേണ്ടന്നു സിപിഎം നിലപാടെടുത്തു. ഇതോടെയാണു സംസ്ഥാന പ്രസിഡന്റായി എസ്.സതീഷ്, സെക്രട്ടറിയായി എ.എ.റഹീം. ട്രഷററായി എസ്.കെ.സജീഷ് എന്നിവരെ തിരഞ്ഞെടുക്കാൻ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ഫ്രാക്‌ഷൻ യോഗം തീരുമാനമെടുത്തത്.