Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാർത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു

gsat-29-isro വിക്ഷേപണത്തിന്റെ ടിവി ദൃശ്യം.

ന്യൂഡൽഹി∙ ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി– സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എൽവി മാർക് മൂന്ന് വിക്ഷേപണ വാഹനമാണ് ഉപഗ്രഹവും വഹിച്ചു കുതിച്ചുയർന്നത്. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമാണ് ജിഎസ്‍എൽ‌വി മാർക് മൂന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ‌ നിന്നാണു വിക്ഷേപണം നടന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50നാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചത്. ബുധനാഴ്ച വൈകിട്ട് 5.08ന് വിക്ഷേപണം നടന്നു. ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമെന്ന് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. ശ്രീഹരിക്കോട്ടയിൽനിന്നുള്ള അറുപത്തിയേഴാമത് വിക്ഷേപണമാണ് ഇത്. 

ജി സാറ്റ് 29 ഇന്ത്യൻ നിർമിത ആശയ വിനിമയ ഉപഗ്രഹങ്ങളിൽ മുപ്പത്തിമൂന്നാമത്തേതാണ്. 3,423 കിലോ ഭാരമുള്ള  ഉപഗ്രഹത്തിലൂടെ ഇന്റർനെറ്റ് സൗകര്യത്തിന്റെ ലഭ്യതയാണു ലക്ഷ്യമിടുന്നത്. ജമ്മു കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്റർനെറ്റ് വേഗതയും പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ‌ കെ. ശിവൻ പ്രതികരിച്ചു.

641 ടണ്ണാണ് ജിഎസ്എൽവി മാർക് മൂന്ന് റോക്കറ്റിന്റെ ഭാരം. അഞ്ച് യാത്രാ വിമാനങ്ങളുടെ ഭാരമാണ് ഇത്. 43 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. ഇത് 13 നിലകളുള്ള കെട്ടിടത്തേക്കാൾ വരും. 15 വർഷമെടുത്തു നിര്‍മിച്ച റോക്കറ്റിന്റെ ഒരു വിക്ഷേപണത്തിന് 300 കോടി രൂപയാണ് ചെലവ് വരിക. അടുത്ത വർഷം ഇന്ത്യയുടെ ചന്ദ്രയാൻ രണ്ടും വിക്ഷേപിക്കുക ഇതേ റോക്കറ്റ് ഉപയോഗിച്ചാണ്. 

related stories