Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിക്ക് ധാർഷ്ട്യം; അനിൽ അംബാനിയുടെ കാവൽക്കാരൻ: രാഹുൽ ഗാന്ധി

narendra-modi-rahul-gandhi നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

റായ്പൂർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാർഷ്ട്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സാധാരണക്കാരന്റെ വിയർപ്പും രക്തവും കൊണ്ടാണു രാജ്യം വളര്‍ന്നത്. പ്രധാനമന്ത്രി ഇതു കാണുന്നില്ല. ഒരാളെയോ ഒരു പാർട്ടിയെയോ കൊണ്ടു രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.

2014ൽ മോദി പ്രധാനമന്ത്രിയാകുന്നതിനു മുൻപ് ആന (ഇന്ത്യ) ഉറങ്ങുകയാണെന്നായിരുന്നു മോദി പ്രസംഗിച്ചത്. രാജ്യത്തെ ജനത്തെയാണ് അദ്ദേഹം അപമാനിച്ചത്. ഭിലായ് സ്റ്റീൽ പ്ലാന്റിൽ 1955 മുതൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കൂടിയാണ് മോദി അപമാനിച്ചത്. രണ്ട് ഇന്ത്യകളാണു നിലവിൽ ഉള്ളതെന്നും രാഹുൽ അവകാശപ്പെട്ടു. അനിൽ‌ അംബാനി, മെഹുൽ ചോക്സി, നീരവ് മോദി, വിജയ് മല്യ തുടങ്ങിയ സമ്പന്നരുടെ ഇന്ത്യയും കർഷകരും തൊഴിലാളികളും ജീവിക്കുന്ന സാധാരണക്കാരുടെ ഇന്ത്യയും. നമുക്കിത് വേണ്ട, നമുക്ക് ഒരു ത്രിവർണ പതാകയുണ്ട്. രാജ്യവും ഒന്നാകണം– ഭിലായിയിൽ രാഹുൽ പറഞ്ഞു.

സമ്പന്നർക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം സാധാരണക്കാർക്കും കിട്ടണം. കർഷകരുടെ വായ്പകൾ എഴുതി തള്ളില്ലെങ്കിൽ സമ്പന്നർക്കു വേണ്ടിയും അതു ചെയ്യരുത്. അടുത്ത തവണ പ്രധാനമന്ത്രി എത്തുമ്പോൾ ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തോടു ചോദിക്കണം. 2014ൽ നൽകിയ വാഗ്ദാനങ്ങൾ എന്തുകൊണ്ടു നടപ്പാക്കിയില്ലെന്ന് ചോദിക്കണം. 15 ലക്ഷം രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നൽകുമെന്നു പറഞ്ഞിരുന്നു. രണ്ട് കോടി ജനങ്ങൾക്കു തൊഴിൽ നൽ‌കുമെന്നു പറഞ്ഞിരുന്നു.

രാജ്യത്തിന്റെ കാവൽക്കാരനാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മോദി അനിൽ അംബാനിയുടെ കാവൽക്കാരനായി കോടിക്കണക്കിനു ജനങ്ങളെ ബാങ്കുകൾക്കു മുന്നിൽ ക്യൂ നിർത്തി. റഫാൽ ഇടപാടിൽ 30,000 കോടിയാണ് അംബാനിക്കു നൽകിയത്. ഇതാണ് കാവൽക്കാരന്റെ സത്യം– രാഹുൽ പരിഹസിച്ചു.

related stories