Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയാറാകണം: ഉമ്മൻ ചാണ്ടി

oommen-chandy തൃപ്പൂണിത്തുറയിലെ കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടി

തൃപ്പൂണിത്തുറ∙ ശബരിമലയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയാറാകണമെന്ന് എഐസിസി വർക്കിങ് കമ്മിറ്റി അംഗം ഉമ്മൻചാണ്ടി. കോൺഗ്രസ് വിശ്വാസികളുടെ ഒപ്പമാണ്, സുപ്രീംകോടതി വിധി വന്നതിനുശേഷമുള്ള നിലപാടല്ല അതിന് മുൻപും കോൺഗ്രസിന് നിലപാട് ഇതുതന്നെയാണ്. കോൺഗ്രസ് നൽകിയ അഫിഡവിറ്റ് പിണറായി സർക്കാർ പിൻവലിച്ചില്ലായിരുന്നെങ്കിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി തന്നെ മറ്റ് അഞ്ച് ജഡ്ജിമാരുടെയും വിധിയായി മാറുമായിരുന്നെന്ന് ഉമ്മൻ ചാണ്ടി അവകാശപ്പെട്ടു.

വിശ്വാസം സംരക്ഷിക്കുക, വർഗീയത തുരത്തുക തുടങ്ങിയ മുദ്രാവാക്യവുമായി ഷാനിമോൾ ഉസ്മാൻ നയിക്കുന്ന കെപിസിസി വാഹന പ്രചാരണ ജാഥയ്ക്കു നൽകിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ശബരിമലയിൽ എടുക്കുന്ന താൽപര്യംപോലും സർക്കാർ എടുക്കുന്നില്ല. ഇതു വിശ്വാസികളോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ യോഗം വിളിക്കുമ്പോൾ തന്നെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണു സർവകക്ഷിയോഗം വിളിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. 

കൺകറന്റ് ലിസ്റ്റിൽ പെട്ട ഈ വിഷയത്തിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടു വന്നാൽ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകും. ഒരുവശത്ത് മാർക്സിസ്റ്റ് പാർട്ടി ആചാരങ്ങളെയും വിശ്വാസങ്ങളെയും അനാചാരങ്ങൾ ആക്കുമ്പോൾ മറുഭാഗത്ത് ബിജെപി ഈ അവസരത്തെ മുതലെടുക്കുകയാണെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.