Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് പിന്നിട്ട് ന്യൂനമർദ്ദമായി ഗജ; കാറ്റെത്തുന്നതു ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ

gaja-path ഗജ ചുഴലിക്കാറ്റിന്റെ പാത (ചിത്രങ്ങൾ: സ്കൈമെറ്റ് വെതർ, കെഎസ്ഡിഎംഎ)

തിരുവനന്തപുരം∙ സംസ്കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം. തമിഴ്നാട്ടില്‍ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ഥത്തില്‍. ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമര്‍ദമായി മാറി കേരള തീരത്തിലെത്തി ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ഒഡീഷ തീരത്ത് വീശിയ തിത്‌ലി ചുഴലിക്കാറ്റിനുശേഷം ഗജ എത്തുമ്പോള്‍ പേരുകളിലെ വ്യത്യസ്തതയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ചുഴലിക്കാറ്റിനെ തിരിച്ചറിയുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുമാണ് സാങ്കേതിക വാക്കുകള്‍ക്ക് പകരം പേരുകള്‍ ഉപയോഗിക്കുന്നത്. ആശയവിനിമയം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചെറിയ പേരുകളാണ് നല്‍കാറുള്ളത്. അക്ഷരമാല ക്രമത്തിലാണ് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കിയിരുന്നത്. പിന്നീട് സ്ത്രീകളുടെ പേരുകള്‍ നല്‍കിത്തുടങ്ങി. 1979ല്‍ പുരുഷന്‍മാരുടെ പേരും ഉപയോഗിക്കാന്‍ തുടങ്ങി.

വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള ഓരോ പ്രദേശത്തെയും രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ പട്ടികയായി സൂക്ഷിക്കുന്നതും, പേരു നല്‍കുന്നതും. പട്ടികയിലുള്ള പേരുകള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഉപയോഗിക്കും. 2025ന് ശേഷം വീണ്ടും ഗജ എന്ന പേര് ഉപയോഗിച്ചേക്കാമെന്ന് അര്‍‌ഥം. വലിയ നാശനഷ്ടം വരുത്തുകയും ജനങ്ങള്‍ മരിക്കാനിടയാകുകയും ചെയ്യുന്ന ചുഴലിക്കാറ്റുകളുടെ പേരുകള്‍ വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പിന്നീട് ഉപയോഗിക്കാറില്ല.

ഇന്ത്യന്‍ മഹാ സമുദ്രത്തിനു വടക്കു വശത്ത് വീശുന്ന കാറ്റിനു പേരുകള്‍ നല്‍കുന്നത് ബംഗ്ലദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ്. ഒഡീഷയില്‍ വീശിയടിച്ച തിത്‌ലിക്ക് ആ പേരു നിര്‍ദേശിച്ചത് പാകിസ്ഥാനാണ്. ഗജ നിര്‍ദേശിച്ചത് ശ്രീലങ്ക. അടുത്ത കാറ്റിന്റെ പേര് നല്‍കുന്നത് തായ്‌ലന്‍ഡ് നല്‍കിയ പട്ടികയില്‍നിന്നായിരിക്കും.

∙ ഗജ എപ്പോള്‍ കേരളത്തിലെത്തും?

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഗജ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി കേരള അതിര്‍ത്തിയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഇടുക്കി, പാലക്കാട് ജില്ലകളിലൂടെയായിരിക്കും കാറ്റ് എത്തുന്നത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്ററായിരിക്കും. കേരളം മറികടന്ന് അറബികടലിലെത്തുമ്പോള്‍ കാറ്റ് മണിക്കൂറില്‍ 20 മുതല്‍ 30 വരെ കിലോമീറ്റര്‍ വേഗത്തിലായിരിക്കും വീശുന്നത്. കേരളത്തിലെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് ഇത് ഇടയാക്കും.

ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതിശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും വെള്ളിയാഴ്ച ലഭിച്ചേക്കും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

∙ പൊതുജനങ്ങൾക്കുള്ള അറിയിപ്പ്

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 പിഎം - 7 എഎം) മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം

മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിർത്തരുത്

മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിനു പോകാതിരിക്കുക

കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യ മന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്

ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക