Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണി മികച്ച നിലയിലേക്ക്; ശുഭപ്രതീക്ഷയിൽ നിക്ഷേപകർ

stock-market പ്രതീകാത്മക ചിത്രം

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിൽ രണ്ടു ദിവസമായി ദൃശ്യമാകുന്ന പോസിറ്റീവ് പ്രവണത ഇന്നും തുടരുന്നു. ഇന്നു വ്യാപാരം ആരംഭിക്കുമ്പോൾ മുതൽ നിഫ്റ്റിയും ബിഎസ്ഇയും നിലവിൽ പോസിറ്റീവ് പ്രവണതയാണു പുലർത്തുന്നത്. ഇന്നലെ 10616.70നു ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10644നാണ് ഓപ്പൺ ചെയ്തത്. തുടർന്ന് ഒരുവേള വ്യാപാരം 10695.15 വരെ എത്തിയിരുന്നു. ഇന്നലെ 35260.54 പോയിന്റിൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ 35398.70ന് ആണ് ഓപ്പൺ ചെയ്തത്. 35545.85 വരെ സെൻസെക്സ് ഇന്ന് ട്രേഡ് ചെയ്തിരുന്നു. രാജ്യാന്തര വിപണിയിലും രൂപ നില മെച്ചപ്പെടുത്തിയതും ക്രൂഡ് വിലയിൽ കാര്യമായ വർധന ഇല്ലാത്തതും ഓഹരി വിപണിക്കു ഗുണകരമായിട്ടുണ്ട്.

നിഫ്റ്റി ഇന്ന് 10600നു മുകളിൽ വ്യാപാരം തുടരുകയാണെങ്കിൽ വരുന്നയാഴ്ചയും വിപണിയിൽ പോസിറ്റീവ് പ്രവണത തുടരുമെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ 10720 – 10750 ആയിരിക്കും ഇന്നത്തെ റെസിസ്റ്റൻസ് ലവൽ. 10600നു താഴേക്കു വിപണി പോകുന്ന സാഹചര്യമുണ്ടായാൽ 10680 – 10640 എന്നതായിരിക്കും സപ്പോർട്ട് ലവൽ എന്നാണു വിലയിരുത്തൽ. ഈയാഴ്ചത്തെ വ്യാപാരം ഇന്ന് അവസാനിക്കുമ്പോൾ 10600 പോയിന്റിനു താഴേക്കു വിപണി ഇടിയാത്ത സാഹചര്യത്തിൽ തുടർച്ചയായ ഉയർച്ചയാണു വിപണി പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച വ്യാപാരം ഒരുപക്ഷേ 10750 – 10850 എന്ന നിലയിലേക്ക് ഉയരുന്നതിനുള്ള സാധ്യതയുമുണ്ട്.

വിപണിയിൽ ഇന്ന് 9 സെക്ടറുകളും പോസിറ്റീവ് വ്യാപാരമാണു നടത്തുന്നത്. രണ്ടു സെക്ടറുകൾ മാത്രമാണു നഷ്ടത്തിൽ വ്യാപാരം നടത്തുന്നത്. ഫാർമ, ഫിനാൻഷ്യൽ സർവീസസ്‍, എഫ്എംസിജി, ഓട്ടോ ഇൻഡെക്സ് എന്നിവയാണു മികച്ച ലാഭത്തിലുള്ള സെക്ടറുകൾ. റിയൽറ്റി, മെറ്റൽസ് സെക്ടറുകൾ നഷ്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ 899 സ്റ്റോക്കുകൾ ലാഭത്തിലും 714 സ്റ്റോക്കുകൾ നഷ്ടത്തിലുമാണുള്ളത്. ഭാരതി എയർടെൽ, റിലയൻസ്, ഐഷർ മോട്ടോർസ്, എച്ച്സിഎൽ എടെക് സ്റ്റോക്കുകളിലാണ് ഏറ്റവും ഉയർന്ന നിരക്കിൽ വ്യാപാരമുള്ളത്. യെസ് ബാങ്ക്, ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ്, ഒഎൻജിസി, ഐഒസി സ്റ്റോക്കുകളാണ് ഏറ്റവും അധികം നഷ്ടം നേരിടുന്ന സ്റ്റോക്കുകൾ.

യുഎസ് വിപണി ഇന്നലെ പോസിറ്റീവായാണു ക്ലോസ് ചെയ്തത്. അതേസമയം യൂറോപ്യൻ വിപണി നെഗറ്റീവായി ക്ലോസ് ചെയ്തു. ഏഷ്യൻ വിപണിയിൽ നിലവിൽ പോസിറ്റീവായ വ്യാപാരമാണുള്ളത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ നിലയിൽ കാര്യമായ വ്യതിയാനമില്ല. ക്രൂഡോയിലിനു നേരിയ വിലവർധന ഉണ്ടായിട്ടുണ്ട്.