Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ വിമാനത്താവളത്തിലും ബന്ധുനിയമനം; പരാതിയുമായി ട്രേഡ് യൂണിയനുകൾ

kannur-airport-grafiti കണ്ണൂർ വിമാനത്താവളം

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ അവരുടെ ബന്ധുക്കൾക്കു നിയമനങ്ങൾ തരപ്പെടുത്തിയെന്ന ആരോപണവുമായി വിവിധ ട്രേഡ് യൂണിയനുകൾ. ശുചീകരണ തൊഴിൽ മുതൽ കിയാലിലെ നിയമനങ്ങളിൽ വരെ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കു പരിഗണന ലഭിച്ചെന്നു സിഐടിയു ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സംയുക്തമായി ആരോപിച്ചു.

ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങളിലുള്ളവരെപ്പോലും പരിഗണിക്കാതെയാണു സിപിഎം നേതാക്കൾ ബന്ധുക്കൾക്കും അടുപ്പക്കാർക്കുമായി നിയമനങ്ങളിൽ ഇടപെട്ടത്. ഇത്തരത്തിൽ നിയമനം നേടിയവരുടെ പട്ടിക തയാറാക്കുന്നുണ്ടെന്നും വൈകാതെ പുറത്തുവിടുമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. കിയാലിന്റെ പല ടെൻഡറുകളും പത്രപരസ്യം ഉൾപ്പെടെ നൽകാതെ സുതാര്യതയില്ലാതെയാണു വിളിച്ചത്. വിവിധ ജോലികൾ ഏറ്റെടുത്ത ഏജൻസികളിലെ 40–50 ശതമാനം നിയമനങ്ങളിൽ കിയാലിന് അധികാരം ഉണ്ടായിട്ടും രാഷ്ട്രീയം നോക്കി പട്ടിക തയാറാക്കുകയാണു ചെയ്യുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഉദ്ഘാടനത്തിനു സംഘാടക സമിതി രൂപീകരിച്ചപ്പോൾ ട്രേ‍ഡ് യൂണിയനുകളെ തഴഞ്ഞു. വിമാനത്താവളത്തിനു മുന്നിൽ സമരം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. അനുഭാവപൂർണമായ സമീപനം കിയാലിൽനിന്ന് ഉണ്ടാവണമെന്ന് ഇന്റർനാഷനൽ എയർപോർട്ട് ജനറൽ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അമേരി മുസ്തഫ, കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് മസ്ദൂർ സംഘ് (ബിഎംഎസ്) പ്രതിനിധി എം.വേണുഗോപാലൻ, കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് വർക്കേഴ്സ് ഓർഗനൈസേഷൻ (എച്ച്എംഎസ്) പ്രസിഡന്റ് കെ.പി.രമേശൻ, എഐടിയുസി പ്രസിഡന്റ് വരയത്ത് ശ്രീധരൻ എന്നിവർ ആവശ്യപ്പെട്ടു.