Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്രമല്ല, വികസനമാണ് പ്രധാനം; രാഹുലിന്റെ ശൈലിയല്ല എന്റേത്: ചൗഹാൻ

 Shivraj Singh Chouhan ശിവരാജ് സിങ് ചൗഹാൻ

ഭോപാൽ ∙ രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ, ക്ഷേത്ര നിർമാണമല്ല വികസനമാണു ലക്ഷ്യമെന്നു നിലപാടുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. 200 സീറ്റു നേടിയുള്ള ഗംഭീര ഭരണത്തുടർച്ചയാണു ബിജെപി ലക്ഷ്യമിടുന്നതെന്നും പാർട്ടിയുടെ മുഖ്യ പ്രചാരണമുഖമായ ചൗഹാൻ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

മുൻ തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി ഒന്നും ഇത്തവണയില്ല. 2008ൽ ബിജെപി പരാജയപ്പെടുമെന്നാണു പ്രചരിക്കപ്പെട്ടത്. എന്നാൽ 143 സീറ്റു നേടി അധികാരത്തിലെത്തി. ഇത്തവണയും ഭയക്കാനൊന്നുമില്ല. പ്രത്യേകിച്ചൊരു വിഷയവും കോൺഗ്രസിന് ഉന്നയിക്കാനായിട്ടില്ല. 15 വർഷമായി സുസ്ഥിര വികസനവും സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ടാണു ഞങ്ങൾ ഭരിക്കുന്നത്.

രാമക്ഷേത്ര നിർമാണത്തെ കുറിച്ചു സംസാരിക്കാത്തത് അതവിടെ ഉണ്ടെന്നുള്ളതിനാലാണ്. മധ്യപ്രദേശിലെ പ്രധാന വിഷയം രാമക്ഷേത്രമല്ല, വികസനമാണ്. ജനങ്ങൾക്കു വാഗ്ദാനം ചെയ്ത കൂടുതൽ വികസനം അവരിലെത്തിക്കുകയാണു പ്രധാനം. സംസ്ഥാനത്തു ഞാനൊറ്റയ്ക്കല്ല, പാർട്ടിയും നേതാക്കളും കൂടെയുണ്ട്. മറ്റു വിഷയങ്ങൾ കിട്ടാത്തതിനാൽ കോൺഗ്രസ് എന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്.

(മുപ്പതിലേറെ സീറ്റുകളിലെ) വിമതരുടെ സാന്നിധ്യം ബിജെപിയെ അലട്ടുന്നില്ല. അതൃപ്തിയുള്ള ചില നേതാക്കളോടു കാര്യം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. കോൺഗ്രസിനും വിമത ഭീഷണിയുണ്ട്. വികസനം മുന്നിൽവച്ചാണു ബിജെപി മൽസരിക്കുന്നത് എന്നതിനാൽ വിമതരെ ഭയക്കുന്നില്ല. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തും. മോദിയുടെ സാന്നിധ്യം ബിജെപി പ്രവർത്തകരെ കൂടുതൽ ഉത്തേജിതരാക്കും.

കർഷക സമരങ്ങൾ ബിജെപിയെ ദോഷകരമായി ബാധിക്കുമെന്നു കരുതുന്നില്ല. ഒരു മേഖലയിലും പാർട്ടി ദുർബലമല്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുവേണ്ടിയും സർക്കാർ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. യുവാക്കൾ അസ്വസ്ഥരാകേണ്ടതില്ല. അധികാരത്തിൽ വീണ്ടുമെത്തിയാൽ വർഷാവർഷം 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.

മതവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ ആഗ്രഹിക്കുന്നില്ല. മതം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷേ, കോൺഗ്രസ് മതത്തെ കൂട്ടുപിടിച്ചാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഹുൽ ഗാന്ധിയെ പോലെ വോട്ടിനായി ക്ഷേത്ര ദർശനം നടത്തുന്നത് എന്റെ ശൈലിയല്ല. ആ ശൈലി കോൺഗ്രസിനെ രക്ഷിക്കുമെന്നും തോന്നുന്നില്ല. ബിജെപി അധികാരത്തിൽ തിരിച്ചെത്തും, ഞാൻ മുഖ്യമന്ത്രിയാകും. പാർട്ടി 200 സീറ്റ് നേടുമെന്നാണു പ്രതീക്ഷ. കേന്ദ്ര സർക്കാരിലേക്കോ ദേശീയ രാഷ്ട്രീയത്തിലേക്കോ മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റിലും ബിജെപി ജയിക്കും– ചൗഹാൻ വ്യക്തമാക്കി.