Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനം; പലയിടത്തും സംഘർഷം

hartal ഹർത്താൽ അനുകൂലികൾ കണ്ണൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ വാഹനം തടഞ്ഞപ്പോൾ. ചിത്രം: എം.ടി.വിധുരാജ്

കോട്ടയം ∙ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. പുലർച്ചെ മൂന്നു മണിയോടെയാണ് ഹർത്താൽ ആഹ്വാനമുണ്ടായത് എന്നതിനാൽ ഹർത്താൽവിവരം അറിയാതെ യാത്രയ്ക്കും മറ്റും പുറപ്പെട്ടവർ പാതിവഴിയിൽ വലഞ്ഞു. കെഎസ്ആർടിസി സർവീസ് നിർത്തിവച്ചതോടെ യാത്രയ്ക്കിറങ്ങിയവർ ദുരിതത്തിലായി. ട്രെയിനിലും മറ്റും ബസ് സ്റ്റാൻഡുകളിൽ എത്തിയവരും ആശുപത്രിയിലേക്കും പരീക്ഷകൾക്കും മറ്റും പുറപ്പെട്ടവരും ബുദ്ധിമുട്ടിലായി. പലയിടങ്ങളിലും സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ട്. വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍.

ഹർത്താലിനു ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുലർച്ചെ പൊടുന്നനേ ഹർത്താലാണെന്നറിഞ്ഞതോടെ ജനം പ്രതിസന്ധിയിലായി. പലയിടങ്ങളിലും സ്വകാര്യവാഹനങ്ങൾ മാത്രമാണു നിരത്തിലിറങ്ങിയത്. ശശികലയെ മരക്കൂട്ടത്തു തടഞ്ഞുവച്ചെന്ന വാർത്ത പരന്നതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ഹർത്താൽ പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്ത് സർവീസ് നിർത്തിവയ്ക്കുന്നതായി കെഎസ്ആർടിസി അറിയിച്ചു. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. പൊലീസ് സംരക്ഷണം നൽകിയാല്‍ സർവീസ് നടത്താമെന്നാണു കെഎസ്‍ആർടിസി നിലപാട്.

harthal-bus ഹർത്താൽ ദിനം രാവിലെ എറണാകുളം ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം.

വാഹനങ്ങള്‍ കിട്ടാതായപ്പോഴാണു യാത്രക്കാർ പലരും ഹർത്താലിന്റെ വിവരം അറിയുന്നത്. ട്രെയിനിലും മറ്റും ദീർഘദൂരയാത്ര കഴിഞ്ഞ എത്തിയവരിൽ പലരും വീടുകളിൽ എത്താൻ കഴിയാതെ വിഷമിച്ചു. പൊലീസ് വാഹനങ്ങളിലും മറ്റും ജനത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ആർസിസിയിലേക്കുമായി ട്രെയിനിൽ എത്തിയ രോഗികളെയും ബന്ധുക്കളെയും പൊലീസ് ബസിലാണു കൊണ്ടു പോയത്.

hartal ഹർത്താൽ അനുകൂലികൾ കണ്ണൂർ കാൾടെക്സിൽ നടത്തിയ ശയനപ്രദക്ഷിണം. ചിത്രം: ധനേഷ് അശോകൻ

ഹർത്താൽ മൂലം എരുമേലിയിൽ തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ട്. എരുമേലിയിൽനിന്നു തീർഥാടകരെ കെഎസ്ആർടിസി ബസിൽ പൊലീസ് അകമ്പടിയിൽ നിലയ്ക്കലേക്കു കൊണ്ടുപോയി. സ്ഥിരം ഹോട്ടലുകൾ അടഞ്ഞുകിടന്നു. താൽക്കാലിക ഹോട്ടലുകൾ പ്രവർത്തിച്ചു. ശബരിമല കർമസമിതി, ഹിന്ദു ഐക്യവേദി, ബിജെപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നാമജപം നടക്കുന്നു. വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

hartal ഹർത്താലിനെതുടർന്ന് വിജനമായ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

അമ്പലപ്പുഴയ്ക്കടുത്തു കക്കാഴത്തു ഹർത്താൽ അനുകൂലികൾ ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം മുടങ്ങി. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ‌പ്രതിഷേധിച്ചു ശബരിമല കര്‍മ സമിതിയും ഹിന്ദു ഐക്യവേദിയും ബിജെപിയും സംയുക്തമായി ഡിജിപി ഓഫിസിലേക്കു മാര്‍ച്ച് നടത്തി.

hartal കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊച്ചിയിൽ നടന്ന നാമജപ യാത്ര. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കണ്ണൂരിൽ വളർത്തുനായയെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന കാർ ഹർത്താലനുകൂലികൾ തടഞ്ഞു. വാഹന ഉടമയെ കയ്യേറ്റം ചെയ്തു. കണ്ണൂർ കാൽടെക്സ് ജംക്‌ഷനിൽ ഹിന്ദു ഐക്യവേദിയുടെയും ശബരി കർമസമിതിയുടെയും പ്രതിഷേധസംഗമം നടക്കുന്നതിനിടെ ഇതുവഴി കടന്നുപോവുകയായിരുന്ന കാറാണു തടഞ്ഞത്. വാഹന ഉടമയെ ഡ്രൈവിങ് സീറ്റിൽനിന്നു വലിച്ചിറക്കി മർദിച്ചു. പൊലീസെത്തിയാണു രംഗം ശാന്തമാക്കിയത്.

hartal കൊച്ചിയിൽ യാത്രക്കാരെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു. ചിത്രം: റോബിൻ ടി.വർഗീസ്

തമ്പാനൂർ കെഎസ്‍ആർടിസി ടെർമിനിലിൽനിന്നു രാവിലെ 8.15ന് പുറപ്പെടേണ്ടിയിരുന്ന പമ്പ സൂപ്പർഫാസ്റ്റ് ബസ് പൊലീസ് അകമ്പടിയോടെ പുറപ്പെട്ടത് 3 മണിക്കൂറിനു ശേഷം. 26 പേർ സീറ്റുകൾ റിസർവ് ചെയ്തിരുന്നു. ബസ് പുറപ്പെടാൻ വൈകിയതോടെ യാത്രക്കാർ പ്രതിഷേധവുമായി സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലെത്തി. തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.

hartal കണ്ണൂരിൽ കാൾടെക്സ് ഉപരോധിക്കുന്ന ഹർത്താൽ അനുകൂലികൾ.

1.30ന് തമ്പാനൂർ പൊലീസ് സ്റ്റേഷൻ, കണ്‍ട്രോൾ റൂം വാഹനം എന്നിവയുടെ അകമ്പടിയോടെ ബസ് പുറപ്പെട്ടു. പമ്പ വരെ ഓരോ സ്റ്റേഷൻ പരിധിയിലും അവിടുത്തെ പൊലീസ് വാഹനം അകമ്പടി നൽകും. റിസർവേഷൻ ഉള്ളതുകൊണ്ടു മാത്രമാണു സർവീസ് നടത്തിയതെന്നു കെഎസ്ആർടിസി അറിയിച്ചു. മറ്റൊരു സർവീസും തമ്പാനൂരിൽനിന്ന് പ്രവർത്തിക്കുന്നില്ല. വൈകിട്ട് ഏഴിനാണു പമ്പയിലേക്ക് ഇനിയുള്ള സർവീസ്. ഇതിനെ ഹർത്താൽ ബാധിക്കില്ലെന്നാണു സൂചന.

കൊച്ചിയിൽ ഹർത്താൽ സമാധാനപരമാണ്. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ഏതാനും ടാക്സികളും നിരത്തിലുണ്ട്. കലൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ കടകൾ അടപ്പിച്ചു. ഓട്ടോറിക്ഷ ഉൾപ്പടെ സർവീസ് നടത്തുന്നവർ കനത്ത നിരക്ക് ഈടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

ഹർത്താലിനെ തുടർന്നു ജനറൽ കോച്ചിൽ ഓവർലോഡ് ആയതിനെ തുടർന്നു കൊല്ലത്തു ട്രെയിൻ നിർത്തി യാത്രക്കാരെ മറ്റൊരു കോച്ചിലേക്കു മാറ്റിക്കയറ്റി. തിരുവനന്തപുരം– ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (നമ്പർ 16346) രാവിലെ 11.20ന് കൊല്ലം ജംക്‌ഷൻ സ്റ്റേഷനിലെത്തിയപ്പോഴാണു സംഭവം. ട്രെയിൻ അരമണിക്കൂറിലേറെ സ്റ്റേഷനിൽ പിടിച്ചിട്ടു. യാത്രക്കാരുടെ എണ്ണം കൂടിയതിനാൽ കോച്ചിന്റെ പ്രവർത്തനം സുഗമമല്ലെന്നു വിവരം ലഭിച്ചതോടെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയിട്ടു. ഇരിക്കുന്ന യാത്രക്കാരെ മാത്രം തുടരാൻ അനുവദിച്ച ശേഷം ബാക്കിയുള്ളവരെ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമീപത്തെ സ്‌ലീപ്പർ കോച്ചുകളിലേക്കു മാറ്റി. ഇതിനു ശേഷം 12 മണിയോടെയാണു ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്. ഹർത്താൽ കാരണം ബസ് സർവീസുകളില്ലാത്തതിനാൽ പതിവിൽ കൂടുതൽ യാത്രക്കാർ ട്രെയിനിനെ ആശ്രയിച്ചതാണു ജനറൽ കോച്ച് ഓവർലോഡ് ആകാൻ കാരണമെന്നു കരുതുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.

hartal ഹർത്താൽ അനുകൂലികൾ കണ്ണൂർ കാൾടെക്സിൽ നടത്തിയ പ്രകടനം. ചിത്രം: എം.ടി.വിധുരാജ്

മലപ്പുറം തിരൂരിൽ ബസ് സ്റ്റാൻഡിലെത്തിയ ആറംഗ സംഘം സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഓട്ടോ ഡ്രൈവറെയും മർദിച്ചു. ജില്ലയിൽ സ്വകാര്യ ബസ് തടഞ്ഞതിനെച്ചൊല്ലി ഹർത്താൽ അനുകൂലികളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഹർത്താൽ അനുകൂലികൾ അരമണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. ചങ്ങരംകുളം, വണ്ടൂർ, എടക്കര എന്നിവിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ ജൂലിയസ് നികിതാസിനും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോയ്ക്കും നേരെ അമ്പലക്കുളങ്ങരയിൽ ആക്രമണമുണ്ടായി. ഇരുവർക്കും പരുക്കുണ്ട്. കണ്ടാലറിയാവുന്ന, പരിചയക്കാരായ പത്തോളം പേരാണ് ആക്രമിച്ചതെന്നു സാനിയോ പറഞ്ഞു. കുറ്റ്യാടി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ നടുവണ്ണൂരിൽ വാഹനം തടഞ്ഞുനിർത്തി വീണ്ടും മർദിച്ചു. 5 പൊലീസുകാർ കയറിയ വാഹനം എസ്കോർട്ടായി ഉണ്ടായിരുന്നെങ്കിലും ആക്രമണം തടയാൻ കഴിഞ്ഞില്ല. ജൂലിയസിനും സാനിയയ്ക്കുമൊപ്പം വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരെയും മർദിച്ചതായി പരാതിയുണ്ട്.

പുലർച്ചെ 3 മണിക്കു ഹർത്താൽ പ്രഖ്യാപിച്ചതു പൊറുക്കാനാവാത്ത തെറ്റാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോടു പറഞ്ഞു. ഹർത്താൽ നടത്തി ബിജെപിയും ആർഎസ്എസും ജനത്തെ ബന്ദിയാക്കി. ശബരിമല തീർഥാടകരെപ്പോലും പെരുവഴിയിലാക്കുകയാണു ഹർത്താൽ അനുകൂലികളെന്നും അദ്ദേഹം ആരോപിച്ചു.