Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: പുനർചിന്തയ്ക്കു പ്രേരണ സ്ത്രീകളുടെ നിലപാടെന്ന് കെ. സുരേന്ദ്രൻ

k-surendran-sabarimala

രാഷ്ട്രീയ അടിത്തറ കൂടുതൽ ശക്തമാക്കാൻ ശബരിമലയിലെ യുവതീപ്രവേശ വിഷയം സഹായകരമാകുമെന്ന വിശ്വാസത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം. യുവതീപ്രവേശ വിഷയത്തിൽ ആദ്യം കൈക്കൊണ്ട നിലപാടു മാറ്റാൻ പ്രേരകമായ ഘടകങ്ങളെക്കുറിച്ചും മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പു ഹർജി പിൻവലിക്കാതിരിക്കാനുള്ള തീരുമാനത്തെക്കുറിച്ചും തുറന്നു പറയുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ. ഏതുവിധേയനെയും യുവതീപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഭക്തരെ പ്രകോപിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സുരേന്ദ്രനുമായി ഓൺമനോരമ നടത്തിയ അഭിമുഖത്തിൽനിന്ന്:

∙ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളാണല്ലോ താങ്കൾ. പിന്നീടൊരു നിലപാടു മാറ്റത്തിനു പ്രേരിപ്പിച്ചതെന്താണ്? 

കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ വികാരം മനസ്സിലാക്കുന്നതിൽ ആദ്യഘട്ടത്തിൽ തെറ്റുപറ്റിയെന്നത് ശബരിമലയിലെ യുവതീപ്രവേശത്തെ  അനുകൂലിച്ചിരുന്ന സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം മനസ്സു തുറന്നു സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന ഒരു സമീപനം പിന്നീട് എല്ലാവർക്കും സ്വീകരിക്കേണ്ടി വന്നു. ഭൂരിഭാഗം വരുന്ന ജനത ആഗ്രഹിച്ച നിലപാടിനോടൊപ്പം നിലകൊള്ളുക എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. സുപ്രീംകോടതി വിധി സ്ത്രീകളെ ബാധിക്കുന്ന ഒന്നാണ്. വിയോജനത്തിന്‍റെ ആദ്യ സ്വരം വന്നതും സ്ത്രീകളുടെ ഭാഗത്തു നിന്നാണ്. സ്ത്രീകൾ ഈ വിധിയെ പൂർണമനസ്സോടെ സ്വാഗതം ചെയ്യുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. വിധിയോട് ഇത്തരമൊരു പ്രതികരണമുണ്ടാകുമെന്ന് മാധ്യമങ്ങളോ രാഷ്ട്രീയപ്പാർട്ടികളോ നിരീക്ഷകരോ തുടക്കത്തിൽ കരുതിയിരുന്നില്ല. പൊതുജനവികാരം മനസ്സിലാക്കാൻ ആ ഘട്ടത്തിൽ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. ആർഎസ്എസ് നിലപാടിനെക്കുറിച്ചു പറയുകയാണെങ്കിൽ, ഉത്തരേന്ത്യയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടേതിൽനിന്നു വ്യത്യസ്തമാണ്. ഉദാഹരണത്തിന്, വിഗ്രഹത്തിന് അവർ വലിയ പ്രാധാന്യം നൽകുന്നില്ല. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിലെയും നമ്മുടെ ക്ഷേത്രങ്ങളിലെയും ശുദ്ധി സംബന്ധിച്ച കാഴ്ചപ്പാടുകൾ തികച്ചും വിഭിന്നമാണ്. 

∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കൊണ്ടാണോ ശബരിമലയിലെ യുവതീപ്രവേശത്തെ പിന്തുണച്ചു കൊണ്ടു അവകാശപ്പെട്ടതു പോലൊരു ‘പുരോഗമനപരമായ’ നിലപാടിൽ നിന്നും ആർഎസ്എസ് പിന്നോട്ടു പോയത്?

അല്ല, ഈ വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും ആർഎസ്എസും സ്വീകരിച്ചിട്ടുള്ള നിലപാട് കേവലം ലോക്സഭാ തിരഞ്ഞെടുപ്പിനെ മാത്രം ഉന്നംവച്ചിട്ടുള്ളതല്ല. നേരത്തെ സൂചിപ്പിച്ചതു പോലെ അയ്യപ്പഭക്തരായ സാധാരണ സ്ത്രീകളുടെ വികാരം മനസ്സിലാക്കി സ്വീകരിച്ച നിലപാടാണ്. കോടതിവിധി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആദ്യഘട്ടത്തിൽ അവകാശപ്പെട്ട സർക്കാർ, യുവതികളെ ശബരിമലയിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായവരെപ്പോലെയാണ് ഇപ്പോൾ പെരുമാറുന്നത്. യുവതീപ്രവേശം എന്ന ആശയത്തിൽനിന്നു മാറി ശബരിമലയ്ക്കും വിശ്വാസികൾക്കും എതിരായ കർശന നിലപാടാണ് ഇപ്പോൾ സർക്കാർ കൈക്കൊള്ളുന്നത്. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷത സർക്കാരിനോ കോടതിക്കോ അറിയില്ല. 

കോടതിയെ കൃത്യമായി കാര്യങ്ങൾ ബോധിപ്പിക്കാൻ ആദ്യഘട്ടത്തിൽ ഞങ്ങൾക്കു കഴിഞ്ഞില്ലെന്നത് സത്യമാണ്. എന്നാൽ പുനഃപരിശോധനാ ഹർജി ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. ഇതു ഭക്തരുടെ വിജയമാണ്. പുനഃപരിശോധനാ ഹർജി വിജയിച്ചെന്നു കരുതുക. ക്ഷേത്രത്തിലെ പരമ്പരാഗതമായ ആചാരം ലംഘിക്കപ്പെട്ടതിന്‍റെ ഉത്തരവാദിത്തം അപ്പോള്‍ ആരാണ് ഏറ്റെടുക്കുക? യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് സർക്കാർ ഇത്ര ധൃതി കാട്ടുന്നത് എന്തിനാണ്? പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതുവരെ കാത്തിരിക്കുക എന്നത് സർക്കാരിന് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാത്ത കാര്യമാണ്. 

∙ യുവതികൾ ശബരിമലയിൽ പ്രവേശിച്ചിരുന്നുവെന്നാണ് മുൻകാല ചരിത്രം. എന്തുകൊണ്ടാണ് ഇത്രയും തീക്ഷ്ണമായി ഇപ്പോൾ ഇത് എതിർക്കപ്പെടുന്നത്?

നേരത്തേ അത്തരത്തിൽ സംഭവിച്ചിട്ടുണ്ടാക്കാം. ആ വാദങ്ങളെയൊന്നും ഞങ്ങൾ പൂർണമായും തള്ളുന്നില്ല. എന്നാൽ യുവതീപ്രവേശത്തിന് മുമ്പ് ഒരു തടസ്സവും ഉണ്ടായിരുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കാനായി ആ തെളിവുകളെല്ലാം ഇപ്പോൾ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. എരുമേലിയിൽ ബിലീവേഴ്സ് ചർച്ച് വിഭാവനം ചെയ്യുന്ന വിമാനത്താവളത്തെ പിന്തുണക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ടി.കെ.എ. നായരെ (മുൻ പ്രധാനമന്തിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി) പോലെയുള്ള ചിലർ ഈ വാദത്തെ പിന്തുണയ്ക്കുന്നത്. മുഖ്യമന്ത്രിയും ടി.കെ.എ. നായരും ബിലീവേഴ്സ് ചർച്ചും വിമാനത്താവളത്തിനായി നിലകൊള്ളുന്നവരാണ്. ലാവ്‍ലിൻ കേസിൽ പിണറായി വിജയനെ സഹായിച്ചെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് നായർ. ബിലീവേഴ്സ് ചർച്ചിന്‍റെ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചാൽ ശബരിമല നട എല്ലാദിവസവും തുറക്കേണ്ടതായി വരും. ഭക്തരല്ലാത്ത യാത്രക്കാരൊന്നും വിമാനത്താവളത്തിലെത്തില്ലെന്നതു തന്നെ കാരണം. ഇത്തരം ഗൂഢാലോചനകളെല്ലാം തന്നെ അധികം വൈകാതെതന്നെ പുറത്തുവരും.

∙ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിനുശേഷം അമ്പതോളം സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തുണ്ട്. എന്തുകൊണ്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിക്കാനും അക്രമം തടയാനും ഒരു കൂട്ടായ നേതൃത്വം ഇല്ലാത്തത്?

ശബരിമല പ്രശ്നത്തിന്‍റെ പേരിൽ അക്രമം ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രവേശിക്കാന്‍ സന്നദ്ധരായി രംഗത്തെത്തുന്ന യുവതികളെല്ലാം ഭക്തകളല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നുമാണ് പൊതു വിലയിരുത്തൽ. ഉദാഹരണത്തിന് രഹ്ന ഫാത്തിമ. അതുകൊണ്ടുതന്നെ, അങ്ങോട്ടു ചെല്ലുന്നവരെല്ലാം  ആക്റ്റിവിസ്റ്റുകളാണെന്നാണ് സമരരംഗത്തുള്ളവർ കരുതുന്നത്. പൊലീസിന്‍റെ പ്രകോപനവും മറ്റൊരുവശത്തുണ്ട്. ആൾക്കൂട്ട മനഃശാസ്ത്രവും ഇതിനു പിന്നിലുണ്ടെന്നാണ് ഞാൻ കരുതുന്നത്. സമരരംഗത്തുള്ളവരെയെല്ലാം ഒരു ബാനറിനു കീഴിൽ അണിനിരത്തുകയെന്നത് പ്രായോഗികമല്ല.

∙ രഹ്ന താങ്കളുടെ സുഹൃത്താണെന്നും ശബരിമല ദർശനത്തിനായി അവർ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണമുണ്ട്. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതിൽ താങ്കൾക്കുള്ള പരിചയക്കുറവാണോ അവരെ ടാഗ് ചെയ്യാൻ കാരണമായത്?

(ചിരിക്കുന്നു) ശരിയാണ് നടി സണ്ണി ലിയോണിനെയും രഹ്ന ഫാത്തിമയെയുമെല്ലാം ഞാൻ ടാഗ് ചെയ്തതായി ആരോപണമുണ്ടായിരുന്നു. എന്‍റെ ഫെയ്സ്ബുക്ക് പേജിൽ പബ്ലിക് ടാഗിങ് നേരത്തെ ഏവര്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലായതിനാൽ ആർക്കും എന്‍റെ ഒരു പോസ്റ്റിൽ ആരെയും ടാഗ് ചെയ്യാവുന്ന സ്ഥിതിയായിരുന്നു. എന്‍റെ പേജ് ഫെയ്സ്ബുക്ക് ഔദ്യോഗികമായി വെരിഫൈ ചെയ്യുന്നതിന് മുമ്പായിരുന്നു അത്. എന്നാൽ ഒരു വർഷമായി പേജ് വെരിഫൈഡ് ആയതിനാൽ ഇനി അത്തരം ആരോപണങ്ങൾക്ക് സ്ഥാനമില്ല. പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി എനിക്ക് ചില ആക്ടിവിസ്റ്റുകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാനാണ് ചിലരുടെ ശ്രമം. രഹ്ന ഫാത്തിമയെ ടാഗ് ചെയ്തിരുന്ന പോസ്റ്റ് 2016 ലേതാണ്. ഇതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. 

∙ തന്ത്രികുടുംബത്തിലെ അംഗമെന്ന നിലയിൽ രാഹുൽ ഈശ്വറിന്‍റെ സാന്നിധ്യം സമരത്തെ ഏതെങ്കിലും തരത്തിൽ സഹായിച്ചിട്ടുണ്ടോ?

ശബരിമല വിഷയത്തിൽ വിശ്വാസ്യതയില്ലാത്ത നിലപാടാണ് രാഹുൽ ഈശ്വറിന്‍റേത്. സമരത്തെ അത് ഒരുതരത്തിലും സഹായിച്ചിട്ടില്ല. തുടക്കത്തിൽ ഭക്തർക്കിടയിൽ ചില സംശയങ്ങൾ സൃഷ്ടിക്കാൻ അതു കാരണമായി, ബിജെപിയും ചെറിയ തോതിൽ സംശയത്തിലായിരുന്നു. 

∙ മാതാ അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കർ തുടങ്ങിയ ആത്മീയ ആചാര്യൻമാരെല്ലാം കേരളത്തിൽ ഏറെ പിന്തുണയുള്ളവരാണ്. ശബരിമലയിൽ യുവതീപ്രവേശം തടയാൻ ഇവരുടെ സഹായം തേടാൻ പദ്ധതിയുണ്ടോ?

വരുംദിവസങ്ങളിൽ ഞങ്ങളോട് സഹകരിക്കാൻ സാധ്യതയുള്ള മത, ആത്മീയ ആചാര്യൻമാരുടെ പേരുകൾ പരസ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാൽ ഒരു പ്രദേശത്തെ തനത് ആചാരങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി പരസ്യ നിലപാടുമായി സംസ്ഥാനത്ത് ഏറെ പിന്തുണയുള്ള കൂടുതൽ പേർ രംഗത്തെത്തുമെന്ന് ഉറപ്പു പറയാം. ഹിന്ദു സമുദായത്തിനു പുറത്തു മറ്റു മതനേതാക്കളുടെ പിന്തുണയും ശബരിമല വിഷയത്തിൽ ഞങ്ങൾക്കുണ്ട്. 

∙ ഒരുവശത്ത് ബിജെപി രഥയാത്ര നടത്തുമ്പോൾ മറുവശത്ത് സമാന ആശയമുയർത്തി കോൺഗ്രസും സമരരംഗത്താണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരായ സംയുക്ത നീക്കത്തെയാണോ ഇത് സൂചിപ്പിക്കുന്നത്? 

കോൺഗ്രസിന്‍റെ നിലപാട് കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണ്. അവരുടെ ദേശീയ നേതൃത്വത്തിനു മറ്റൊരു നിലപാടാണ് ഇക്കാര്യത്തിലുള്ളത്. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ അവർക്കിപ്പോഴും കഴിഞ്ഞിട്ടില്ല. ഒരുവശത്ത് വിശ്വാസികൾക്കൊപ്പമാണെന്ന് പറയുമ്പോഴും മറുവശത്ത് യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനുള്ള സർക്കാർ നീക്കങ്ങളെ അവര്‍ എതിർക്കുന്നില്ല. അതുകൊണ്ടുതന്നെ ഭക്തർ അവരെ വിശ്വാസത്തിലെടുക്കില്ല. ഒരു അയഞ്ഞ സമീപനമാണ് ഇക്കാര്യത്തിൽ അവർക്കുള്ളത്. ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിക്കുമ്പോഴും യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങൾ തടയാൻ അവർക്കു കഴിഞ്ഞിട്ടില്ല. യുവതികളെ തടയാതെ പ്രശ്നം പരിഹരിക്കാനാകില്ല. 

തുറന്ന കോടതിയിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം തന്നെ ഭക്തരുടെ ജയമാണ്. ബിജെപി ഉയർത്തിയ ഒരു വാദം ഫലത്തിൽ അംഗീകരിക്കുന്നതാണത്. അഞ്ചരക്കോടിയിലേറെ ഭക്തരെത്തുന്ന ശബരിമലയിലെ മണ്ഡല– മകരവിളക്ക് തീർഥാടന കാലം സമാധാനപരമായി കടന്നു പോകുന്നുവെന്ന് ഉറപ്പു വരുത്താൻ സർക്കാരിനു ലഭിച്ച മികച്ച അവസരമായിരുന്നു സർവകക്ഷി സമ്മേളനം. എന്നാൽ അതു കളഞ്ഞുകുളിച്ച സർക്കാർ ഭക്തരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പ്രളയത്തിനു ശേഷം അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കിയിട്ടില്ലാത്തതിനാൽ കുറച്ചുകാലത്തേക്ക് ശബരിമലയിലേക്കെത്തുന്ന തീർഥാടകരുടെ എണ്ണം കുറയ്ക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. 

∙ മഞ്ചേശ്വരം എംഎൽഎയുടെ മരണശേഷവും തിരഞ്ഞെടുപ്പു കേസുമായി എന്തുകൊണ്ടാണ് താങ്കള്‍ മുന്നോട്ടുപോകുന്നത്? തിരഞ്ഞെടുപ്പ് നേരിടാൻ ബിജെപി സജ്ജമല്ലെന്നല്ലേ അതു കാണിക്കുന്നത്?

മഞ്ചേശ്വരം ഒരു വ്യത്യസ്ത വിഷയമാണ്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ മരണപ്പെട്ടാൽ ഇത്തരം കേസുകൾ പിൻവലിക്കുകയാണ് പതിവ്. എന്നാൽ അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പു റദ്ദാക്കുന്നതിനോടൊപ്പം, കേരളത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കള്ളക്കളികൾ അവസാനിപ്പിക്കുക എന്ന ആവശ്യവും എന്‍റെ ഹർജിക്കു പിന്നിലുണ്ടായിരുന്നു. വോട്ടർപട്ടികയിൽ പേരുണ്ടെന്നത് മുതലാക്കി വിദേശമലയാളികളുടെ പേരിൽ ആയിരങ്ങളാണ് വോട്ടു ചെയ്യുന്നത്. കേരളത്തിൽ നടക്കുന്ന ഈ വലിയ തിരഞ്ഞെടുപ്പുചതി തുറന്നു കാട്ടാനുള്ള വലിയ അവസരമാണിത്. എന്‍റെ കേസ് ഇതിനൊരു തുടക്കമാകട്ടെ. കേസ് 75 ശതമാനവും ഞാൻ വിജയിച്ചു കഴിഞ്ഞു. 

നിലവിലെ ജേതാവിനെ അയോഗ്യനാക്കി എന്നെ എംഎൽഎ ആക്കണമെങ്കിൽ വോട്ട് ചെയ്ത 89 വോട്ടർമാർ വ്യാജൻമാരാണെന്നതു തെളിയിക്കണം. ഇപ്പോൾ അതിന് കഴിഞ്ഞിട്ടില്ല. അടുത്ത 66 സാക്ഷികൾ നിർണായകമാണ്. ഇവർ കേരളത്തിലില്ലാത്തവരാണെന്ന് രേഖകൾ പരിശോധിച്ച് സ്ഥിരീകരിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ എനിക്ക് പൂർണ വിശ്വാസമാണ്. അവർ വോട്ടിങ് സമയത്തു കേരളത്തിലുണ്ടായിരുന്നില്ലെന്ന് എനിക്കു തെളിവു സഹിതം സ്ഥാപിക്കാനായാലും അവർ നേരിട്ടു വന്ന് വോട്ടു ചെയ്തെന്നു പറഞ്ഞാൽ കോടതി അതാകും വിശ്വാസത്തിലെടുക്കുക. ഈ സാക്ഷികൾ വന്നു സത്യം പറഞ്ഞാൽ എന്‍റെ ജയം ഉറപ്പായതിനാൽ, എതിരാളികൾ ഇവരുടെ നാട്ടിലേക്കുള്ള വരവ് എട്ടു മാസത്തേക്കു തടഞ്ഞിരിക്കുകയാണ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിൽ മികച്ച ജയം നേടാന്‍ പറ്റിയ സാഹചര്യമാണിപ്പോൾ. എന്നാലും കേസുമായി മുന്നോട്ടു പോകാനാണ് എന്‍റെ തീരുമാനം. ഭാവിയിൽ, പൊതുതിരഞ്ഞെടുപ്പ് സമയത്തോ മറ്റോ മഞ്ചേശ്വരത്തെക്കുറിച്ച് നമുക്ക് പുനരാലോചിക്കാം.

∙ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ എത്ര സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്?

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ 10–12 സീറ്റ് നേടാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ ഞങ്ങൾക്കു ഗുണകരമായി മാറിയേക്കാവുന്ന സീറ്റുകള്‍ ഏതൊക്കെയെന്ന് എനിക്കു പ്രവചിക്കാനാകില്ല. ആസന്നമായ പൊതുതിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ലക്ഷ്യമിടുന്നത് ഇതാണ്.