Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല പറയുന്നത് വനിത എന്ന നിലയില്‍ പറയാൻ പാടില്ലാത്തത്: കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം∙ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല നാട്ടിലെമ്പാടും വര്‍ഗീയ വിഷം ചീറ്റുകയാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചില ആളുകള്‍ക്ക് അവരുടെ വിഷം ചീറ്റല്‍ ഇഷ്ടമാണ്. വനിത എന്ന നിലയില്‍ നാവില്‍നിന്ന് വരാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നത്. അത് അവരുടെ സ്വാതന്ത്ര്യമാണ്. അതു ഭംഗിയായി അവര്‍ നടത്തുന്നു. പുറത്തു വിഷം ചീറ്റുന്നതു മാത്രമല്ല മതേതര ക്ഷേത്രമായി അറിയപ്പെടുന്ന ശബരിമലയിലും അവര്‍ വിഷം വമിപ്പിക്കുകയാണ്. ബോധപൂര്‍വം കലാപത്തിനു പദ്ധതിയിടുന്നു. അതിനുവേണ്ടി സ്ഥിരമായി ശശികല ശബരിമല സന്ദര്‍ശിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

ഏതു വിശ്വാസത്തിന്റെ പേരിലാണ് ശശികല മാസത്തില്‍ നാലു തവണ ശബരിമല സന്ദര്‍ശിക്കുന്നത്. ഗുരുസ്വാമിമാര്‍ പോലും അങ്ങനെ ചെയ്യാറില്ല. ഉദ്യോഗസ്ഥര്‍ മാത്രമാണ് ശബരിമലയില്‍ നിരന്തരം പോകുന്നത്. അല്ലാത്തവര്‍ പോകാറില്ല. അവിടെ ക്യാംപ് ചെയ്ത് ശബരിമലയെ ചോരക്കളമാക്കാനുള്ള നിരന്തര പരിശ്രമമാണ് ബിജെപിയും സംഘപരിവാറും ഇതിനെല്ലാം നേതൃത്വം നല്‍കുന്ന ശശികലയും ചെയ്യുന്നത്. പൊലീസ് നിരന്തരം ശശികലയോട് മടങ്ങിപോകാന്‍ അഭ്യര്‍ഥിച്ചു. മടങ്ങാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അവരെ നീക്കം ചെയ്യുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ബിജെപിയും സംഘപരിവാര്‍ സംഘടനകളും പതിനായിരക്കണക്കിനു ഭക്തരേയും ജനങ്ങളേയും വെള്ളംപോലും നിഷേധിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ജനങ്ങള്‍ക്കെതിരെ മാത്രമല്ല വിശ്വാസികള്‍ക്കെതിരെയും കൂടിയാണ് ബിജെപിയുടേയും സംഘപരിവാറിന്റെയും സമരം. നാട്ടില്‍ മുഴുവന്‍ പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. കരുനാഗപ്പള്ളിയിലും തലശേരിയിലും പ്രത്യേക വിഭാഗങ്ങളുടെ കടകള്‍ക്കുനേരെ ആക്രമണം നടന്നു. രാഷ്ട്രീയ ലാഭത്തിനായുള്ള പ്രവര്‍ത്തനത്തിനു പരിധിവേണം.

ശബരിമലയിലെ കോടതിവിധി സുവര്‍ണാവസരം എന്നു കരുതി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിക്ക് അയ്യപ്പനോടും അയ്യപ്പ ഭക്തരോടും പ്രതിബന്ധത ഇല്ല. നിഷ്കളങ്കരായ ചില ഭക്തര്‍ ഇവരുടെ പ്രചാണങ്ങളില്‍ കുടുങ്ങിപോയിട്ടുണ്ട്. അവര്‍ക്കെല്ലാം ഇപ്പോള്‍ ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടേയും രാഷ്ട്രീയ അജന്‍ഡ ബോധ്യമാകുകയാണ്. തുലാം മാസം ഒന്നിനാണ് ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നത്. മഹാനവമി ദിവസംകൂടിയായിരുന്നു അന്ന്. ബിജെപി ആ ദിവസം ഹര്‍ത്താല്‍ നടത്തി. ഇന്നും സമാനമായ സ്ഥിതി. ആയിരക്കണക്കിനു തീര്‍ഥാടകര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.