Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻകരുതൽ അറസ്റ്റെന്ന് പൊലീസ്, അപ്രതീക്ഷിത ഹർത്താൽ, പിന്നെ ജാമ്യം

KP Sasikala

പത്തനംതിട്ട ∙ ഹിന്ദു ഐക്യവേദി നേതാവ് സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെ ഇതു സംബന്ധിച്ചുണ്ടായ സംഘർ‌ഷസാധ്യതയ്ക്കു താൽക്കാലിക അയവ്. വിലക്ക് ലംഘിച്ചു മല കയറാൻ ശ്രമിച്ചതിന് ശനിയാഴ്ച പുലർച്ചെ മരക്കൂട്ടത്ത് അറസ്റ്റിലായ ശശികലയെ സബ് ഡിവിഷനൽ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആർഡിഒയ്ക്കു മുന്നിൽ ഹാജരാക്കി. ഇവിടെ നിന്നാണ് ജാമ്യം നേടിയത്. അതേസമയം, തിരികെ ശബരിമലയിലേക്കു പോകുമെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിക്കുമെന്നും ശശികല അറിയിച്ചിട്ടുണ്ട്. 

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മരക്കൂട്ടത്തുവച്ച് ശശികലയെ അറസ്റ്റ് ചെയ്തത്. മല കയറാനെത്തിയ ശശികലയെയും പ്രവർത്തകരെയും പൊലീസ് ആദ്യം തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പുലർച്ചെ ഒന്നരയോടെ ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും സംസ്ഥാന വ്യാപകമായി ഹർ‌ത്താലിന് ആഹ്വാനം ചെയ്തു. ബിജെപി ഇതിനു പുന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയതിനെ തുടർന്ന് ശബരിമല കർമസമിതി പ്രവർത്തകർ സ്റ്റേഷൻ ഉപരോധിക്കുകയും നാമജപ പ്രതിഷേധം നടത്തുകയും ചെയ്തു. ശശികല സ്റ്റേഷനിൽ ഉപവാസസമരവും തുടങ്ങി.

അപ്രതീക്ഷിത ഹർത്താലിൽ കെഎസ്ആർടിസി സർവീസുകളും നിർത്തിയതോടെ ജനം വലഞ്ഞു. പലയിടത്തും സംഘർഷമുണ്ടായി. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ശശികലയെ തിരുവല്ല ആർഡിഒയ്ക്കു മുന്നിൽ ഹാജരാക്കിയത്. തുടർന്ന് അവിടെനിന്നാണ് ജാമ്യം ലഭിച്ചത്. മരക്കൂട്ടത്തുവച്ച് തന്നെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ശശികല മാധ്യമങ്ങളോടു പറഞ്ഞു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിക്കും. സന്നിധാനത്തേക്കു പോകാൻ പൊലീസ് അനുമതി നൽകിയിട്ടുണ്ടെന്നും ശശികല പറഞ്ഞു.