Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഉടൻ പരിഹാരമില്ലെങ്കിൽ കേരളം സ്തംഭിക്കുമെന്ന് കർമസമിതി

karmasamithi ശബരിമല കർമസമിതി ഭാരവാഹികൾ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നു.

കൊച്ചി ∙ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെ എവിടെനിന്ന് അറസ്റ്റ് ചെയ്തോ അതേ സ്ഥലത്ത് തിരികെ എത്തിക്കുകയും നിമയ വ്യവസ്ഥ ലംഘിച്ച് അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഹർത്താൽ തുടരുന്നത് ആലോചിക്കുമെന്ന് ശബരിമല കർമസമിതി കൺവീനർ എസ്.ജെ.ആർ. കുമാർ. അങ്ങനെയാണെങ്കിൽ വരും ദിവസങ്ങളിൽ കേരളം സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ കലുഷിതമായ കേരളമാണ് വരും ദിവസങ്ങളിൽ കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ശതകങ്ങളായി നടന്നു വരുന്ന ആചാരങ്ങളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. ഭക്തരെ ദ്രോഹിച്ച് നിയമം എന്ന പേരിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത് മാർഗദർശക് സ്വാമി ചിദാനന്ദപുരി പറഞ്ഞു. 

എത്ര വലിയ കുറ്റം ചെയ്ത സ്ത്രീ ആണെങ്കിൽ പോലും സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ സ്ത്രീയെ അറസ്റ്റു ചെയ്യുന്നതിന് പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്. ഇത് പാലിക്കാതെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവിടെ കാരണം പോലും കാണിക്കാതെയാണ് അറസ്റ്റ്. ശബരിമലയിൽനിന്നു പ്രായമായവരെയും ചെറിയ കുട്ടികളെയും ഒരു സൗകര്യവുമില്ലാത്ത പമ്പയിലേക്കാണ് ഇറക്കിവിട്ടത്. പ്രളയത്തിനു ശേഷം പമ്പയിൽ ഒരു സൗകര്യവും സർക്കാർ ഒരുക്കിയിട്ടില്ല. കാട്ടുനീതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു ശശികലയുടെ മാത്രം പ്രശ്നമല്ല, രാഷ്ട്രീയാതീതമായി ജനദ്രോഹപരമായ നടപടിയാണ് സർക്കാരിന്റേത്. അപകടകരമായ അവസ്ഥയിലാണ് സമൂഹം ഇപ്പോഴെന്നും ചിദാനന്ദപുരി പറഞ്ഞു. 

ശബരിമലയെ ഉപയോഗിച്ച് സർക്കാരിന്റെ രഹസ്യ അജൻഡ നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. കൊച്ചി വിമാനത്താവളത്തിലും മുംബൈയിലും ഡൽഹിയിലും വരെ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ശബരിമല കർമസമിതി അധ്യക്ഷൻ കെ. ഗോവിന്ദ ഭരതൻ പറഞ്ഞു. വിദേശരാജ്യങ്ങളിൽ വരെ ഭക്തരുടെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ശബരിമലയുടെ അടിസ്ഥാനം വരെ തകർക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. ഇതിനെല്ലാം പിന്നിൽ ഒരു ഗൂഢശക്തിയുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

കേരള സമൂഹത്തിൽ വിള്ളലുണ്ടാക്കി സനാതനധർമത്തെ ഉൻമൂലനം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. നാളെ മറ്റ് ആരാധനാലയങ്ങൾക്കു നേരെയും മറ്റു സമൂഹങ്ങൾക്കു നേരെയും ഇതെല്ലാം ആവർത്തിക്കും. ശശികലയെ ഭക്ത എന്ന നിലയിൽ അറസ്റ്റ് ചെയ്തതിന്റെ കാരണം വിശദീകരിക്കാതെ മുന്നോട്ടു പോകാനാവില്ല. പത്തുമണിക്കു ശേഷം പലരേയും ആട്ടിപ്പായിച്ചു. കുറ്റവാളികളെ ചോദ്യം ചെയ്യുന്നതു പോലെയാണ് ഭക്തരെ കൈകാര്യം ചെയ്തത്. ഇതിനെല്ലാം കോടതിയിൽ സമാധാനം പറയേണ്ടി വരും. മലചവിട്ടിയെത്തുന്ന ഭക്തർക്ക് വിരിവയ്ക്കാനോ മഞ്ഞുകൊള്ളാതെ വിശ്രമിക്കാനോ ഒരു സൗകര്യവും സർക്കാർ ഒരുക്കിയിട്ടില്ല. പച്ചവെള്ളം പോലും കുടിക്കാനില്ല, ടാപ്പുകളിൽ പോലും വെള്ളമില്ല. ഈ സമയത്ത് ജെസിബി ഉപയോഗിച്ച് പമ്പയിൽ ആഴം കൂട്ടുന്നതിന് ശ്രമിച്ചത് മനപ്പൂർവമാണ്. ഉണ്ടായിരുന്ന വെള്ളം പോലും ചെളിവെള്ളമായി. 

അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുന്നതിനാണ് തീരുമാനം.  

പൊലീസ് ഭക്തരുടെ നെഞ്ചത്തു കയറുമ്പോഴും ഇവിടുത്തെ സാംസ്കാരിക നേതാക്കളെന്നു പറയുന്നവർ മിണ്ടുന്നില്ല. തീക്കളിയാണ് നടക്കുന്നത്. ആരാധകരിൽ ഭീതിവളർത്തി യുദ്ധസമാന അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ദേവസ്വം ബോർഡും സർക്കാരും ഒത്തുകളിക്കുകയാണ്. ശബരിമലയിൽ അയ്യപ്പൻമാരായ പൊലീസ് വേണ്ട എന്ന തീരുമാനം അംഗീകരിക്കാനാവില്ല. പരിഹാരം കാണാൻ സംഘടിതമായി പ്രവർത്തിക്കണം. വരും ദിവസങ്ങളിൽ കോടാനുകോടി ഭക്തർ തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു വരും. ഇതര സംസ്ഥാനങ്ങളിലും കർമസമിതികൾ താഴേത്തട്ടിൽ വരെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഹർത്താൽ പ്രഖ്യാപിച്ചത് പൊതുസമൂഹത്തിന്റെ നന്മയ്ക്കായാണ്. പെട്ടെന്നു പ്രഖ്യാപിച്ചതിനാൽ അയ്യപ്പഭക്തർ ഉൾപ്പടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ശബരിമലയിൽ അയ്യപ്പൻമാർ ഇതിനേക്കാൾ കഷ്ടപ്പെടുന്നതിനാലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിന് എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നും എസ്.ജെ.ആർ കുമാർ പറഞ്ഞു.