Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരില്‍ ഭീകരാക്രമണം: സിആർപിഎഫ് ജവാന് വീരമൃത്യു

CRPF പ്രതീകാത്മക ചിത്രം

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ കാകപോറയിലുള്ള സിആർപിഎഫ് ക്യാംപിലേക്കു ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ജവാനു വീരമൃത്യു. സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളായ ചന്ദ്രികാ പ്രസാദാണ് വീരമൃത്യു മരിച്ചത്. ആക്രമണത്തിൽ രണ്ടു സൈനികർക്ക് പരുക്കേറ്റിട്ടുമുണ്ട്.

മറ്റൊരു സംഭവത്തില്‍ ഷോപിയാൻ ജില്ലയിലെ സൈനപോറയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 2 അൽ ബദർ ഭീകരർ കൊല്ലപ്പെട്ടു. നവാസ് അഹമ്മദ് വാഗെ, യവാർ വാനി എന്നിവരാണു കൊല്ലപ്പെട്ടത്. 

രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ഇവരുടെ ഒളിസങ്കേതം സുരക്ഷാസേന വളഞ്ഞപ്പോഴായിരുന്നു ഏറ്റുമുട്ടൽ. ഒട്ടേറെ ആക്രമണങ്ങളിൽ പൊലീസ് തിരഞ്ഞിരുന്നവരാണ് കൊല്ലപ്പെട്ട ഭീകരർ. ഇവരുടെ ഒളിസങ്കേതത്തിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.

ഇതേസമയം, ഷോപിയാനിലെ മീമെൻഡർ ഗ്രാമത്തിൽ നിന്ന് ഒരു യുവാവിനെക്കൂടി ഭീകരർ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ ബൈക്കുകളിലെത്തിയ ഭീകരരാണ് തോക്കുചൂണ്ടി സുഹെയ്ൽ അഹമ്മദിനെ (19) തട്ടിക്കൊണ്ടുപോയത്. നേരത്തെ കൊണ്ടുപോയ ഹുസെയ്ഫ് അഷറഫി(19)ന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഹെർമെയ്ൻ ഗ്രാമത്തിൽ കണ്ടെത്തി. 

ഫെയ്സ്ബുക്കിലൂടെ ഭീകര സംഘത്തിലേക്ക്; യുവതി പിടിയിൽ

സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിച്ചിരുന്ന യുവതിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഉത്തര കശ്മീരിലെ ബന്ദിപോറയിലെ സുംബലിലെ നായിദ്ഖായിൽ നിന്നുള്ള ഷാസിയ ആണ് പിടിയിലായത്. അനന്ത്നാഗിലുള്ള 2 ജയ്ഷെ മുഹമ്മദ‌് ഭീകരർക്ക് ആയുധം കൈമാറിയതായി ചോദ്യംചെയ്യലിൽ ഇവർ സമ്മതിച്ചു. 

പൊലീസിനു വിവരങ്ങൾ നൽകുന്നയാളെന്ന പേരിൽ ഇവരെക്കുറിച്ച് നേരത്തെ ഫെയ്സ്ബുക്കിൽ വിഡിയോ വന്നിരുന്നു. തുടർന്ന് ഷാസിയയുടെ പരാതിയിൽ 2 യുവാക്കളെ പൊലീസ് ചോദ്യംചെയ്തു. ഭീകരർക്ക് രഹസ്യമായി ആയുധം കൈമാറിയിരുന്ന ഐസിയ(28) യെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.