Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകൽ നിയന്ത്രണമില്ലെന്ന് ദേവസ്വം ബോർഡ്; നെയ്യഭിഷേക സമയം നീട്ടി

a-padmakumar ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

തിരുവനന്തപുരം ∙ ശബരിമലയിൽ നെയ്യഭിഷേകത്തിന്റെ സമയം നീട്ടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ഇനി പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ പന്ത്രണ്ടരവരെ നെയ്യഭിഷേകം നടത്താനാകും. നെയ്യഭിഷേകത്തിനുളള എല്ലാ സൗകര്യവും ഒരുക്കുമെന്നും പത്മകുമാർ പറഞ്ഞു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുന്ന ഒന്നും ഇനി ഉണ്ടാകില്ല. പകല്‍ നിയന്ത്രണമുണ്ടാകില്ല. പൊലീസിന്റെയോ സര്‍ക്കാരിന്റെയോ നിയന്ത്രണങ്ങളഉം ഉണ്ടാകില്ല. ഭക്തർക്ക് ഒരു മിനിറ്റെങ്കിലും തൊഴാൻ സൗകര്യമൊരുക്കും. ശുചിമുറികളുടെ എണ്ണം കൂട്ടും. താമസസൗകര്യത്തെപ്പറ്റിയാണു മറ്റൊരു പരാതി. അതിനു ദേവസ്വം ബോർഡിന്റെ കെട്ടിടങ്ങളുണ്ട്. 

പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള ഏകോപനത്തിനു സംവിധാനമൊരുക്കും. മാധ്യമങ്ങളും ഭക്തരും ചൂണ്ടിക്കാട്ടുന്ന എന്തു പ്രശ്നങ്ങളും പരിഹരിക്കാൻ തയാറാണ്. ഇതുവരെ നേരിട്ടത് സ്റ്റാർട്ടിങ് ട്രബിൾ ആയിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്കുളളില്‍ എത്താനാകും വിധം ഭക്തരെ കടത്തിവിടും. വ്യവസ്ഥാപിതമായി മുറിയെടുത്തു താമസിക്കുന്നതിനു യാതൊരു പ്രശ്നവുമില്ല. സമരത്തിനായി വരുന്ന രീതിയോടാണു പൊലീസ് വിയോജിപ്പു പ്രകടിപ്പിച്ചിട്ടുള്ളത്. പ്രായമുള്ളവർക്കും കുട്ടികൾ‌ക്കും വിശ്രമിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഇനിയും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയാറാണ്. ഇരുമുടിക്കെട്ടിനെക്കുറിച്ച് എല്ലാവർ‌ക്കും വ്യക്തത വേണം. അത് ഇല്ലാത്തതു കൊണ്ടാണു പ്രശ്നങ്ങളുണ്ടാകുന്നത്. മറ്റു രാഷ്്ട്രീയ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും പത്മകുമാർ മാധ്യമങ്ങളോടു പറഞ്ഞു.

സെക്രട്ടേറിയറ്റില്‍  മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ബോർ‌ഡ് പ്രസിഡന്റും പൊലീസ് മേധാവിയും തമ്മിൽ കൂട‌ിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും ചര്‍ച്ചയില്‍ പങ്കെടുത്തു. പമ്പയിലും സന്നിധാനത്തുമടക്കം പൊലീസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപകമായ പരാതിയുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡിജിപിയുമായി ചർച്ച നടത്തിയത്.