Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരസംഘടനയിലേക്ക് യുവാക്കൾക്ക് ഫെയ്സ്ബുക്കിലൂടെ ‘ക്ഷണം’; കശ്മീരിൽ യുവതി പിടിയിൽ

facebook-post Representative Image

ശ്രീനഗര്‍∙ സമൂഹമാധ്യമം വഴി യുവാക്കളെ ഭീകരസംഘടനയിലേക്ക് ആകർഷിച്ച യുവതിയെ കശ്മീരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇതാദ്യമായാണു താഴ്‌വരയിൽ ഇത്തരത്തിലൊരു സംഭവം. വടക്കൻ കശ്മീരിലെ സാംബലിൽ നിന്നാണു ഷാസിയ എന്ന മുപ്പതുകാരി പിടിയിലായത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലേക്ക് ഉൾപ്പെടെ യുവാക്കളെ ആകർഷിക്കുന്നതിന് ഷാസിയ ശ്രമിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു. രാജ്ബാഗ് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. 

ഏതാനും നാളുകളായി ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഷാസിയ. ഫെയ്സ്ബുക്കിലെ ഇവരുടെ പ്രവർത്തനങ്ങളും നിരീക്ഷിച്ചു വരികയായിരുന്നു. യുവാക്കളെ ജിഹാദിനും ആയുധമെടുക്കാനും പ്രേരിപ്പിക്കും വിധമുള്ള പ്രവർത്തനങ്ങളായിരുന്നു ഇവർ നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. വിവാഹിതയായ ഷാസിയ രണ്ടു കുട്ടികളുടെ അമ്മയാണ്. ചോദ്യം ചെയ്യലിനു വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും മറ്റേതെങ്കിലും വിധത്തിൽ ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. 

അനന്ത്നഗറിലെ രണ്ടു യുവാക്കൾക്കു വെടിയുണ്ടകളും മറ്റും നൽകിയതായി ഷാസിയ മൊഴി നൽകിയിട്ടുണ്ട്. ഇവരിലൊരാളെ ഫെയ്സ്ബുക് വഴി സ്വാധീനിച്ചതും ഷാസിയയാണ്. ഭീകരരെ പിടികൂടാൻ സഹായിക്കാമെന്നു കാണിച്ച് പല പൊലീസുകാരിൽ നിന്നും ഇവർ സഹായം നേടിയെടുത്തിട്ടുണ്ട്. ഏതാനും മാസം മുൻപ് ഷാസിയയെക്കുറിച്ച് ഒരു വിഡിയോയും പുറത്തിറങ്ങിയിരുന്നു. പൊലീസിനു വേണ്ടി ചാരപ്രവർത്തനം നടത്തുന്നവളാണെന്നായിരുന്നു അതിലെ ആരോപണം. ഈ വിഡിയോ അപ്‌ലോഡ് ചെയ്തവർക്കെതിരെ ഷാസിയ നൽകിയ പരാതിയിൽ രണ്ടു പേരെ ചോദ്യം ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു. 

ഇതിനിടെയാണ് ഇവരെ ഭീകരസംഘടനകൾ ഉപയോഗപ്പെടുത്തുന്നെന്ന സംശയവും ശക്തമായത്. പൊലീസിൽ നിന്നും സുരക്ഷാ സേനയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭീകരർക്കു കൈമാറുന്നെന്നായിരുന്നു സംശയം. ഇതുവരെ ചോദ്യം ചെയ്യലിനും ഷാസിയ ഹാജരായിരുന്നില്ല. ആയുധം കടത്തിയതിനു കഴിഞ്ഞയാഴ്ച കശ്മീരിലെ ലവായ്‌പൊറയിൽനിന്ന് ഇരുപത്തിയെട്ടുകാരിയെ അറസ്റ്റ് ചെയ്തിരുന്നു. 20 ഗ്രനേഡുമായിട്ടായിരുന്നു ഐസിയ ജാൻ എന്ന പെൺകുട്ടിയെ പിടികൂടിയത്.  വെടിയുണ്ടകളും ഇവരിൽ നിന്നു പിടിച്ചെടുത്തു. ഐസിയയുടെ രണ്ടു സഹോദരങ്ങളെയും സംഭവവുമായി ബന്ധപ്പെട്ട് അന്ന് അറസ്റ്റ് ചെയ്തിരുന്നു.