Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാവുന്നവർ തമ്മിലുള്ള ബന്ധം വഴക്കുണ്ടാകുമ്പോൾ മാനഭംഗമാകുന്നു: ഖട്ടർ വിവാദത്തിൽ

Manohar Lal Khattar മനോഹര്‍ലാൽ ഖട്ടർ

ചണ്ഡിഗഡ്∙ മാനഭംഗക്കേസുകളുമായി ബന്ധപ്പെട്ടു ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നടത്തിയ പരാമർശം വിവാദമായി. ‘അറിയാവുന്ന ആളുകൾ തമ്മിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം, പിന്നീട് അവർക്കിടയിൽ വഴക്കുണ്ടാകുമ്പോഴാണു മാനഭംഗമായി മാറുന്നതെ’ന്ന മുഖ്യമന്ത്രിയുടെ പരാമർശമാണു  വിവാദമായത്. ഹരിയാന സർക്കാരിന്റെ ‘സ്ത്രീ വിരുദ്ധ മനോഭാവ’മാണു മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. കോൺഗ്രസിനു പുറമെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഖട്ടറിനെതിരെ രൂക്ഷ വിമർശനമുയർത്തി രംഗത്തെത്തി.

പഞ്ച്കുല ജില്ലയിലെ കൽകയിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കുമ്പോഴാണു  മാനഭംഗക്കേസുകളെ ലഘൂകരിച്ചു കാട്ടുന്ന തരത്തിൽ ഖട്ടർ പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

‘സംസ്ഥാനത്തു മാനഭംഗക്കേസുകൾ വർധിച്ചുവരുന്നു എന്നു പറയുന്നതു വാസ്തവ വിരുദ്ധമാണ്. ഇന്നത്തേപോലെ മുൻപും മാനഭംഗങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് ഇത്തരം സംഭവങ്ങളെക്കുറിച്ച് ആളുകൾക്കുള്ള അവബോധം വർധിച്ചിട്ടുണ്ട് എന്നതാണ് സത്യം.’

‘പ്രധാനപ്പെട്ടൊരു കാര്യം, മാനഭംഗക്കേസുകളിൽ അധികവും നേരത്തേതന്നെ പരസ്പരം അറിയാവുന്ന ആളുകൾക്കിടയിൽ സംഭവിക്കുന്നതാണ് എന്നതാണ്. ഏതാണ്ട് 80 മുതൽ 90 ശതമാനം വരെ ആളുകളും പരസ്പരം അറിയുന്നവരാണ്. പിന്നീട് ഇവർക്കിടയിൽ വഴക്കും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുമ്പോൾ മാനഭംഗത്തിന് കേസ് നൽകുന്നതാണ് പതിവ്.’

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു.

‘ഖട്ടർ സർക്കാരിന്റെ സ്ത്രീ വിരുദ്ധ മനോഭവമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. തീർത്തും അപലപനീയമായ പ്രസ്താവനയാണ് ഹരിയാന മുഖ്യമന്ത്രി ഖട്ടർ നടത്തിയിരിക്കുന്നത്. മാനഭംഗങ്ങളും കൂട്ട മാനഭംഗങ്ങളും തടയുന്നതിൽ വീഴ്ചവരുത്തിയിട്ട് സ്ത്രീകളെ കുറ്റപ്പെടുത്തിയിട്ട് എന്തുകാര്യം? അപലപനീയം’ – സുർജേവാല ട്വീറ്റ് ചെയ്തു.

കോൺഗ്രസ്സിനു പിന്നാലെ ഖട്ടറിനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും രംഗത്തെത്തി.

‘എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഇത്തരത്തിൽ ചിന്തിച്ചാൽ നമ്മുടെ പെൺകുട്ടികൾ എങ്ങനെ സുരക്ഷിതരാകും? ഹരിയാന മുഖ്യമന്ത്രി മാനഭംഗത്തെ ന്യായീകരിക്കുകയാണ്. ഹരിയാനയിൽ മാനഭംഗക്കേസുകൾ വർധിക്കാൻ വേറെ കാരണം തേടണോ? അവിടെ മാനഭംഗക്കേസുകളിലെ പ്രതികൾ പിടിക്കപ്പെടുന്നില്ല. മറിച്ച് നാട്ടിൽ സ്വൈര വിഹാരം നടത്തുകയാണ്’ – കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.