Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ എംഎൽഎമാരുടെ സംഘം പമ്പയിൽ; കണ്ണന്താനം നാളെ എത്തും

Opposition MLAs പ്രതിപക്ഷ എംഎൽഎമാരായ അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പമ്പയിൽ മാധ്യമങ്ങളെ കാണുന്നു. ചിത്രം: രാഹുൽ ആർ. പട്ടം.

പത്തനംതിട്ട ∙ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നാളെ പമ്പയിലെത്തും. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ശബരിമലയിൽ എത്തുമെന്ന് ബിജെപി അറിയിച്ചു. ശബരിമലയിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രതിപക്ഷ എംഎൽഎമാരുടെ സംഘം പമ്പയിലെത്തി. മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

കെഎസ്ആർടിസി, ശുചിമുറി ബ്ലോക്ക്, ക്ലോക്ക് റൂം, സ്നാനഘട്ടം തുടങ്ങിയവ കോൺഗ്രസ് നേതാക്കള്‍ സന്ദർശിച്ചു. സുരക്ഷയുടെ പേരിൽ പൊലീസ് നടത്തുന്ന ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പമ്പയിലെയും നിലയ്ക്കലിലെയും സന്നിധാനത്തെയും അസൗകര്യങ്ങൾ മറച്ചുപിടിക്കാനാണെന്ന് എംഎൽഎമാർ ആരോപിച്ചു. തീർഥാടകർ കയറിയ കെഎസ്ആർടിസി ബസുകൾ നിലയ്ക്കലിൽ രണ്ടും മൂന്നും മണിക്കൂർ പിടിച്ചിട്ടിരുന്നു. ഇവരോടും എംഎൽഎ സംഘം സംസാരിച്ചിരുന്നു. ചെറിയ കുട്ടികൾ അടക്കമുള്ള സംഘത്തിനു കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ല. കെഎസ്ആർടിസി ഡ്രൈവർമാരും നേതാക്കളോടു പരാതികൾ പറഞ്ഞിട്ടുണ്ട്.

അതേസമയം, മണ്ഡലകാലം ആരംഭിച്ച് ആദ്യ ഞായറാഴ്ചയായിട്ടും സന്നിധാനത്തു തിരക്കില്ല. വരി നിൽക്കാതെ പതിനെട്ടാംപടി ചവിട്ടാം. തീർഥാടകരിൽ അധികവും അന്യസംസ്ഥാനക്കാരാണ്. മലയാളികൾ കുറവാണ്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയെത്തുടർന്നുള്ള സംഭവവികാസങ്ങളാകാം മലയാളി തീർഥാടകരെ ശബരിമലയിലേക്കു വരുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് അനുമാനം.