Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ കരുതൽ അറസ്റ്റിനു തീരുമാനം; പട്ടിക തയാറാക്കാൻ നിർദേശം

sabarimala-kerala-police സന്നിധാനത്തു സുരക്ഷയൊരുക്കുന്ന കേരള പൊലീസ് സംഘാംഗങ്ങൾ. ചിത്രം: പി.നിഖിൽരാജ്

പത്തനംതിട്ട∙ ശബരിമലയിലെത്തി പ്രതിഷേധത്തിനു നേതൃത്വം നൽകാൻ സാധ്യതയുള്ള നേതാക്കളെ കരുതൽ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനം. പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം നൽകി. അതേസമയം നെയ്യഭിഷേകം മുടങ്ങാത്ത തരത്തിൽ തീർത്ഥാടകരെ സന്നിധാനത്ത് താമസിക്കാൻ അനുവദിച്ച് നിയന്ത്രണങ്ങൾ ഇളവ് വരുത്തി.

ശബരിമലയിൽ പ്രതിഷേധത്തിനു നേതൃത്വം നൽകാൻ സാധ്യതയുള്ള എതു നേതാവും സന്നിധാനത്തേക്കെത്താൻ ശ്രമിച്ചാൽ തടഞ്ഞു തിരിച്ചയയ്ക്കാനും വഴങ്ങിയില്ലങ്കിൽ അറസ്റ്റ് ചെയ്യാനുമാണു തീരുമാനം. നിലവിൽ സന്നിധാനവും പമ്പയുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കൂടുതൽ നേതാക്കളെത്തിയാൽ സംഘർഷ സാധ്യതയുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇത്തരത്തിൽ പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കർശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോർട്ട് നൽകാൻ ഡിജിപി നിർദേശിച്ചു. അതേസമയം നിയന്ത്രണങ്ങൾ കാരണം തീർത്ഥാടകരുടെ നെയ്യഭിഷേകം മുടങ്ങുന്ന സാഹചര്യമായതോടെ നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

നട അടച്ച ശേഷവും തീർത്ഥാടകർക്ക് സന്നിധാനത്ത് താമസിക്കാനായി പൊലീസ് പ്രത്യേക ഇടങ്ങൾ കണ്ടെത്തി. വലിയ നടപ്പന്തലും പതിനെട്ടാം പടിക്ക് മുന്നിലും താമസം അനുവദിക്കില്ല. നെയ്യഭിഷേകം ടിക്കറ്റുള്ളവർക്ക് താമസിക്കാനാണ് അനുമതി. ഒരു ദിവസത്തിലധികം താമസിക്കുന്നവരെ പമ്പയിലേക്ക് മടക്കും. ഹോട്ടലുകളും അപ്പം, അരവണ കൗണ്ടറുകളും രാത്രിയിൽ പ്രവർത്തിച്ച് തുടങ്ങിയതോടെ സന്നിധാനം പൂർവ്വസ്ഥിതിയിലായി തുടങ്ങി.