Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ. സുരേന്ദ്രന്റെ അറസ്റ്റ്: വിശ്വാസികൾക്കു മേലുള്ള കടന്നുകയറ്റമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

thushar-vellappally തുഷാർ വെള്ളാപ്പള്ളി (ഫയൽ ചിത്രം)

ആലപ്പുഴ ∙ വ്രതം നോറ്റ് ശബരിമലയ്ക്കു പോകാനെത്തിയ കെ.സുരേന്ദ്രനെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത് അപലപനീയവും പ്രതിഷേധാർഹവുമാണെന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇത് ആചാരലംഘനവും വിശ്വാസികൾക്കു മേലുള്ള കടന്നുകയറ്റവുമാണ്. വിശ്വാസികൾക്കും ഇരുമുടിക്കെട്ടിനും സർക്കാർ ഒരു പവിത്രതയും കൽപ്പിക്കുന്നില്ല എന്നതിന്റെ തെളിവാണ് അറസ്റ്റെന്നും തുഷാർ ആരോപിച്ചു.

ഇതു വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. ജനാധിപത്യരാജ്യത്തു കേട്ടു കേൾവി പോലും ഇല്ലാത്ത തരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണു നടക്കുന്നത്. സർക്കാരിന്റെ നിയമ വ്യവസ്ഥകൾ എല്ലാം പാലിച്ചു മല കയറിയ ഭക്തനെയാണു കരുതൽ തടങ്കൽ എന്ന് ആദ്യം പറഞ്ഞ് അറസ്റ്റ് ചെയ്തതും പിന്നീടു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചതും. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും ഇതിനായി ശക്തമായ ബഹുജന പ്രക്ഷോഭം ഒരുക്കുമെന്നും തുഷാർ പറഞ്ഞു.