Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യക്ഷസമരത്തിന് യുഡിഎഫ്; ചൊവ്വാഴ്ച ചെന്നിത്തല, ഉമ്മൻ ചാണ്ടി മല കയറും

ramesh-chennithala-and-oommen-chandy-1

കൊച്ചി ∙ ശബരിമലയിലെ നിരോധനാ‍ജ്ഞ ലംഘിക്കാൻ യുഡിഎഫ് ഏകോപന സമിതി തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ചു ചൊവ്വാഴ്ച ശബരിമലയിൽ പ്രവേശിക്കാനാണു തീരുമാനം. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തമാക്കും. 22 നു സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ടധർണ സംഘടിപ്പിക്കും. നിയമസഭയിലും വിഷയം ഉന്നയിക്കും. 

∙ നീതികേടിന്റെ സർക്കാർ: ചെന്നിത്തല 

ചൊവ്വാഴ്ച രാവിലെ 9 നു പത്തനംതിട്ട ടിബിയിൽ സംഗമിച്ചശേഷം അവിടെ നിന്നു യുഡിഎഫ് സംഘം ശബരിമലയിലേക്കു പോകുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഏകോപന സമിതി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തർക്ക് അയ്യപ്പ ദർശനം നടത്താനുള്ള സ്വാതന്ത്ര്യം വിലക്കുന്ന സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ നീതികേടിനു നേതൃത്വം നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിരോധനാജ്ഞ പിൻവലിക്കണം. ഹൈക്കോടതിയുടെ വിമർശനം സർക്കാരിന്റെ കണ്ണു തുറപ്പിക്കണം. 

ശബരിമലയിൽ വിരിവച്ചു ഭക്തർ ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ മേൽ വെള്ളം തളിച്ചത് എന്തിനാണ്? ഒരു കാരണവുമില്ലാതെ സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തത് എന്തിനാണ്? തീവ്രവാദികളെ നേരിടുന്നതുപോലെയാണോ തൊഴാൻ വന്ന ഭക്തരെ നേരിടേണ്ടത് ? ശബരിമലയിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭക്തർക്കു മേൽ പൊലീസ് കുതിര കയറുകയാണ്.

പൊലീസിനെ ഭയന്നു തീർഥാടകർ ശബരിമലയിലേക്കു വരാൻ ഭയക്കുന്ന സ്ഥിതിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തോടെയാണു പൊലീസിന്റെ തേർവാഴ്ച. ഇത്രയും പിടിപ്പുകെട്ട ആഭ്യന്തര മന്ത്രി ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രളയത്തിനു ശേഷം നിലയ്ക്കലും പമ്പയിലും എരുമേലിയിലുമൊക്കെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ സർക്കാരിനു കഴിഞ്ഞില്ല.

മുഖ്യമന്ത്രി ഭക്തജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിക്കും ആർഎസ്എസിനും സർക്കാർ ചുവന്ന പരവതാനി വിരിക്കുകയാണ്. പക്ഷേ, കേരളത്തിലെ മതനിരപേക്ഷ വിശ്വാസികൾ ബിജെപിക്കൊപ്പം പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 

∙ സിപിഎം – ബിജെപി ഒത്തുകളി: കുഞ്ഞാലിക്കുട്ടി 

വടക്കേ ഇന്ത്യയിൽ ബിജെപി കളിക്കുന്ന വർഗീയക്കളിയാണു കേരളത്തിൽ സിപിഎം കളിക്കുന്നതെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ബിജെപി പ്രവർത്തകരുടെ അറസ്റ്റ് സർക്കാരും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ്. അറസ്റ്റ് ചെയ്തവരെ ഉടനെ തന്നെ വിട്ടയക്കുകയാണ്.

മതനിരപേക്ഷതയുടെ ഏറ്റവും വലിയ ചിഹ്നമായ ശബരിമലയിൽ ഭക്തർക്കു ദർശനത്തിനു പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്. ബിജെപിയും എൽഡിഎഫും രാഷ്ട്രീയ മുതലെടുപ്പിനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.