Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധാരാളം ചവിട്ടുകൊണ്ട ശരീരമാണിത്; ഒരു ‘പിത്താട്ട’വും അനുവദിക്കില്ല: മുഖ്യമന്ത്രി

Pinarayi-vijayan-2 മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം∙ എല്ലാ മതസ്ഥരും വരുന്ന മതനിരപേക്ഷതയുടെ പ്രതീകമായ ശബരിമല ക്ഷേത്രം കയ്യടക്കാനും തകർക്കാനുമാണു സംഘപരിവാറിന്റെ ശ്രമമെന്നും അതു കുറച്ചു പാടുള്ള പണിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കുന്നതു ദേവസ്വം ബോർഡാണ്. പണ്ട് രാജാവുണ്ടായിരുന്നു. ജനത്തെ ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കാനാണു ഇപ്പോഴത്തെ ശ്രമം. ക്രിമിനലുകളെ ഇറക്കിയാൽ ശക്തമായി നേരിടും. ഒരു ‘പിത്താട്ടവും’ അനുവദിക്കില്ല. നിയമവാഴ്ചയുള്ള രാജ്യത്ത് ക്രമസമാധാനനില പാലിക്കാൻ സർക്കാരിനു പൂർണചുമതലയുണ്ട്. പ്രശ്നമുണ്ടാക്കാൻ പുറപ്പെട്ടാൽ മോശമായ നിലയുണ്ടാകുമെന്നും മലപ്പുറത്ത് സിപിഎം പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സംഘം പോയി ശബരിമലയിൽ സൗകര്യങ്ങളൊരുക്കിയില്ല എന്ന ഭയങ്കരമായ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ്. ഏതാനും ആഴ്ചകൾ മുൻപുണ്ടായ പ്രളയത്തെക്കുറിച്ച് ഓർക്കണം. പുനർനിർമാണ പദ്ധതികളിൽ ആദ്യം പരിഗണിച്ചത് ശബരിമലയെ ആണ്. ടാറ്റയെ നിർമാണം ഏൽപ്പിച്ചു. വീണ്ടും വെള്ളപ്പൊക്കമുണ്ടായതു നിർമാണത്തെ ബാധിച്ചു. 2017–18ൽ 202 കോടി രൂപയാണ് സർക്കാർ ശബരിമലയ്ക്കു വേണ്ടി മാറ്റിവച്ചത്. മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തും. കുറവുണ്ടെങ്കിൽ പരിഹരിക്കും.

ശബരിമലയില്‍ കോൺഗ്രസിന്റേത് വിചിത്രമായ നിലപാടാണ്. രാഹുൽ ഗാന്ധിയുടെ നിലപാടു വ്യക്തിപരം എന്നു പറയുന്ന കേരളത്തിലെ നേതാക്കൾക്ക് അമിത് ഷായുടെ നിലപാടാണ്. സ്ത്രീകളെ തടയാനില്ല എന്ന് ശ്രീധരൻപിള്ള പറയുമ്പോൾ തടയും എന്നാണ് കോൺഗ്രസിന്റെ ഒരു നേതാവ് പറയുന്നത്. ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണനും പരിപാടിയില്‍ മുഖ്യമന്ത്രി മറുപടി നൽകി. എന്നെ ചവിട്ടി കടലിലിടും എന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്. അതിനുള്ള ശേഷിയൊന്നും ആ കാലിനില്ല. രാധാകൃഷ്ണനെപ്പോലെയല്ല, ബൂട്ടിട്ട കാലുകൊണ്ടു ധാരാളം ചവിട്ടുകൊണ്ട ശരീരമാണിത്. രാധാകൃഷ്ണനു കയറിക്കളിക്കാനുള്ളതല്ല.

അങ്ങനെയൊക്കെ പറ‍ഞ്ഞാൽ വളരെ മോശമാകും കേട്ടോ. അത്തരം ഭീഷണിയെയൊന്നും താൻ വകവയ്ക്കില്ലെന്ന സാമാന്യബുദ്ധിയെങ്കിലും വേണ്ടേ രാധാകൃഷ്ണാ. ആ ആഗ്രഹം മനസ്സിൽ വച്ചാൽ മതി. അതിനു പറ്റില്ലെങ്കിൽ വൈക്കോൽ കൊണ്ടോരു രൂപമുണ്ടാക്കി ചവിട്ടി കടലിൽ തള്ള്. ഞാൻ ജീവിതമാരംഭിച്ചത് പൊലീസുകാർക്കൊപ്പമല്ല. പിണറായിയെ നിങ്ങൾ പരിചയപ്പെടുമ്പോഴും പൊലീസ് ഒപ്പമില്ല. നിങ്ങൾ വലിയ വില്ലാളിവീരൻമാരെന്നാണ് ധാരണ. ഒരു വില്ലാളിവീരന്മാരുമല്ല. സുരേഷ് ഗോപിയുടെ ആ ഡയലോഗ് ആണ് ഇപ്പോൾ പറയേണ്ടത്. ഇപ്പോൾ ഞാൻ അതിനു തയാറാകുന്നില്ല. അതുകൊണ്ട്  അതൊന്നും ഇങ്ങോട്ടു വേണ്ട’ – പിണറായി വിജയൻ പറഞ്ഞു. കൊച്ചിയിൽ ബിജെപിയുടെ പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ രാധാകൃഷ്ണൻ രൂക്ഷമായ ഭാഷയിൽ പ്രസംഗിച്ചത്.

related stories