Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ നടത്തുന്നത് രണ്ടാം ബ്ലൂ സ്റ്റാർ ഓപ്പറേഷൻ : കെ. സുധാകരൻ

k-sudhakaran

കണ്ണൂർ∙ രണ്ടാം ബ്ലൂ സ്റ്റാർ ഓപ്പറേഷനാണു ശബരിമലയിൽ സർക്കാർ നടത്തുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ. പൊലീസ് സാന്നിധ്യം മാത്രമാണ് ശബരിമലയിൽ ഇപ്പോൾ കുഴപ്പമുണ്ടാക്കുന്നത്.

കഴിഞ്ഞ ദിവസം പൊലീസ് നടപടിയുണ്ടായത് ഒരു തെറ്റും ചെയ്യാത്ത ഭക്തർക്കെതിരെയാണ്. ഷൂസ് ധരിച്ചു സന്നിധാനത്തു നിൽക്കുന്ന പൊലീസുകാർ ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെ ഇടിച്ചുതാഴ്ത്തുകയാണ്. മഴ പെയ്തപ്പോൾ പന്തലിൽ കയറിനിന്ന ഭക്തരെ ഷൂസിട്ടു പൊലീസ് ചവിട്ടിയെന്നു സുധാകരൻ ആരോപിച്ചു.

അയ്യപ്പഭക്തർക്കു മലമൂത്ര വിസർജനം നടത്താൻ പോലുമുള്ള സൗകര്യമുണ്ടാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ രാജിവയ്ക്കണം. കഴിവുകെട്ട ദേവസ്വം മന്ത്രിയും പാവയായി ഇരിക്കുന്ന ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണം. ശബരിമലയിലെത്തി സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി തയാറാകാത്തതു വീഴ്ചയാണ്.

ശബരിമലയിലേക്ക് അയച്ച എല്ലാ പൊലീസുകാരും സിപിഎമ്മിനോടു കൂറുപുലർത്തുന്നവരാണ്. ഇവരെ നിയോഗിക്കുന്നതിനു മുൻപ് എല്ലാ ജില്ലകളിലും രഹസ്യയോഗം ചേർന്നിരുന്നു. പൊലീസല്ല, സിപിഎമ്മാണ് ഇവർക്കു നിർദേശങ്ങൾ നൽകുന്നത്. എന്തിനും പോന്ന സിപിഎം പ്രവർത്തകരുടെ ഒരു വ്യൂഹം ആദിവാസികളുടെ സഹായത്തോടെ വനത്തിലൂടെ ശബരിമലയ്ക്കു പുറപ്പെട്ടിട്ടുണ്ട്. ശബരിമലയിൽ അരാജകത്വം സൃഷ്ടിക്കാനാണ് അവിടെ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതിരുന്നതെന്നും സുധാകരൻ ആരോപിച്ചു. 

ശബരിമലയിൽ ഇത്രമാത്രം പ്രശ്നമുണ്ടാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചില്ലെന്നും പുതിയ സാഹചര്യത്തിലെടുക്കേണ്ട സമീപനം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.