Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേജ്‌രിവാളിനു നേരെ സെക്രട്ടേറിയറ്റിൽ മുളകുപൊടിയേറ്; പിന്നിൽ ‘ബിജെപി പൊലീസെ’ന്ന് എഎപി

Kejriwal-Chilli-Powder-Attack മുഖ്യമന്ത്രിയുടെ ചേംബറിനു സമീപം ചിതറിക്കിടക്കുന്ന മുളകുപൊടി (ഇടത്) അരവിന്ദ് കേജ്‌രിവാൾ(വലത്)

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നേരെ മുളകുപൊടി ആക്രമണം. ഡൽഹി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്തുവച്ചായിരുന്നു അനിൽ കുമാർ എന്നയാൾ കേജ്‌രിവാളിനു നേരെ മുളകുപൊടിയെറിഞ്ഞത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നു വൻ സുരക്ഷാ പാളിച്ചയാണുണ്ടായതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിലാണു മുഖ്യമന്ത്രിയുടെ ചേംബർ. വിവിധ യോഗങ്ങളിൽ പങ്കെടുത്ത ശേഷം ഉച്ചഭക്ഷണത്തിനു വീട്ടിലേക്കു പോകാനൊരുങ്ങുമ്പോഴായിരുന്നു മുളകുപൊടി പ്രയോഗം. കേജ്‌രിവാളിനെ പേരെടുത്തു വിളിച്ചാണ് അനിൽ സമീപിച്ചത്. തുടർന്ന് പോക്കറ്റിൽ നിന്ന് കത്തെടുക്കുന്നെന്ന വ്യാജേന മുളകുപൊടിയും എടുത്തു. കേജ്‌രിവാളിന്റെ മുഖത്തേക്കാണു മുളകുപൊടിയെറിഞ്ഞത്. ഇതിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തുവീണ് കണ്ണട ഉടഞ്ഞു. എഎപി വക്താവ് രാഘവ് ഛദ്ദയും സമീപത്തുണ്ടായിരുന്നു. 

മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുന്നതിൽ ഡൽഹി പൊലീസ് സമ്പൂർണ പരാജയമാണെന്ന് എഎപി ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിനു കീഴിലാണ് ഡൽഹി പൊലീസ്. കേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് വിധ്വംസക ശക്തികളെ പൊലീസ് സെക്രട്ടറിയേറ്റിലേക്കു നിർബാധം കടത്തിവിടുന്നത്.

ആർക്കു വേണമെങ്കിലും കേജ്‌രിവാളിനെ ആക്രമിക്കാമെന്നും പൊലീസ് അവരെ സംരക്ഷിച്ചു കൊള്ളുമെന്നുമുള്ള സന്ദേശമാണ് ബിജെപി ഇതുവഴി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇങ്ങനെയാണു സുരക്ഷയെങ്കിൽ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും എഎപി ചോദിച്ചു. എന്നാൽ സംഭവത്തെ അപലപിച്ച ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി അപലപിച്ചു
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു നേരെ അദ്ദേഹത്തിന്റെ ഓഫിസിന് മുന്നിൽ നടന്ന അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കേന്ദ്ര സർക്കാർ ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.